23 May Monday

ചാമ്പ്യൻമാർ വിറച്ചു ; ആഫ്രിക്കൻ നേഷൻസ് കപ്പിൽ അൾജീരിയക്ക്‌ തോൽവി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022


യോണ്ടെ
അൾജീരിയക്ക്‌ അടിപതറുന്നു. ഇക്വടോറിയൽ ഗിനിയോട്‌ തോറ്റതോടെ ആഫ്രിക്കൻ നേഷൻസ്‌ കപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടർ സാധ്യതകൾ മങ്ങി. ഒറ്റ ഗോളിനാണ്‌ ചാമ്പ്യൻമാർ വീണത്‌. ഇതോടെ റിയാദ്‌ മഹ്‌റെസും സംഘത്തിനും ഗ്രൂപ്പുഘട്ടം കടക്കുക വെല്ലുവിളിയായി.

ഈ ഗ്രൂപ്പിൽ ഏറ്റവും അവസാനമാണ്‌ അർജീരിയ. നാല്‌ പോയിന്റുമായി ഐവറികോസ്റ്റാണ്‌ ഒന്നാമത്‌. ഇക്വടോറിയൽ ഗിനി (3) രണ്ടും സിയെറ ലിയോണെ (2) മൂന്നും സ്ഥാനത്താണ്‌. ആദ്യ കളിയിൽ സമനില വഴങ്ങിയ അൾജീരിയക്ക്‌ ഒറ്റ പോയിന്റാണ്‌. അടുത്ത മത്സരത്തിൽ വ്യാഴാഴ്‌ച കരുത്തരായ ഐവറികോസ്റ്റിനെ തോൽപ്പിച്ചാലും മറ്റ്‌ ഫലങ്ങളും അനുസരിച്ചാകും ടൂർണമെന്റിലെ ഭാവി.

അവസാന 35 കളിയിലും തോൽവിയറിയാതെയായിരുന്നു അൾജീരിയ എത്തിയത്‌. അടുത്ത്‌ നടന്ന അറബ്‌ കപ്പിലും ചാമ്പ്യൻമാരായി. പ്രവചനങ്ങളെല്ലാം വടക്കൻ ആഫ്രിക്കൻ രാജ്യം നേഷൻസ്‌ കപ്പ്‌ നിലനിർത്തുമെന്നായിരുന്നു. ഒന്നാം മത്സരത്തിൽ സിയെറ ലിയോണെയോട്‌ ഗോളില്ലാസമനിലയായി. ഇക്വടോറിയൽ ഗിനിക്കെതിരെ രണ്ടുവട്ടം വല കണ്ടെങ്കിലും ‘വാർ’ തടഞ്ഞു. 70–-ാംമിനിറ്റിൽ എസ്‌തെബാൻ ഒബിയാങ്ങാണ്‌ ഇക്വടോറിയൽ ഗിനിക്കായി വിജയഗോൾ കുറിച്ചത്‌. 2018 ഒക്‌ടോബറിനുശേഷം അൾജീരിയ തോൽവിയറിഞ്ഞു. മറ്റ്‌ കളികളിൽ സിയെറ ലിയോണെ ഐവറികോസ്റ്റിനെ 2–-2ന്‌ കുരുക്കി. ടുണീഷ്യ മൗറിറ്റാനിയയെ തകർത്തു (4–-0).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top