24 August Saturday

സൗദി മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ വനിതാ പ്രാതിനിധ്യം: പ്രമേയം ശൂറാ കൗൺസില്‍ വോട്ടിനിട്ട് തള്ളി

അനസ് യാസിന്‍Updated: Wednesday Jul 10, 2019

മനാമ > സൗദിയിലെ മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ വനിതാ പ്രാതിനിധ്യം ഉയര്‍ത്താനുള്ള കരട് പ്രമേയം ശൂറാ കൗണ്‍സിലില്‍ വോട്ടിനിട്ട് തള്ളി. 71 നെതിരെ 76 വോട്ടിനാണ് പ്രമേയം പരാജയപ്പെട്ടത്. മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ മന്ത്രി നേരിട്ട് നിയമിക്കുന്നവരില്‍ 30 ശതമാനം സ്ത്രീകളായിരിക്കണമെന്നതായിരുന്നു പ്രമേയം. നൗറ അല്‍-മസാദിന്റെ നേതൃത്വത്തില്‍ നാലു വനിതാ അംഗങ്ങളാണ് ഈ ആവശ്യവുമായി പ്രമേയം കൊണ്ടുവന്നത്. 150 അംഗ കൗണ്‍സലില്‍ 30 പേരാണ് വനിതകള്‍.

പ്രമേയം അഞ്ച് വോട്ടിന് പരാജയപ്പെട്ടെങ്കിലും പ്രമേയത്തിന് അനുകൂലമായി 71 അംഗങ്ങളുടെ പിന്‍തുണ ലഭിച്ചത് വലിയ കാര്യമായി കാണുന്നുവെന്ന് നൗറ അല്‍-മസാദ് അഭിപ്രായപ്പെട്ടു.
സൗദിയിലെ 284 മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ വനിതാ പ്രതിനിധ്യമുള്ളത് വെറും പത്ത് കൗണ്‍സിലുകളില്‍ മാത്രമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 19 വനിതകള്‍ വിജയിച്ചു. 15 പേരെ വകുപ്പ് മന്ത്രി നാമനിര്‍ദേശം ചെയ്തു. മന്ത്രി നിയമിച്ച അംഗങ്ങളില്‍ ഒരു ശതമാനം മാത്രമാണ് വനിതകള്‍. 3,156 പുരുഷ കൗണസിലര്‍മാരില്‍ 1,052 പേരും മന്ത്രി നിയമിച്ചവരാണ്. ഇതില്‍ വനിതകള്‍ക്ക്് 30 ശതമാനം പ്രതിനിധ്യം ആവശ്യപ്പെട്ടായിരുന്നു പ്രമേയം.

ശൂറാ കൗണ്‍സില്‍ നിയമ പ്രകാരം ഒരിക്കല്‍ തള്ളിയ പ്രമേയം ഇനി രണ്ടു വര്‍ഷം കഴിഞ്ഞേ വീണ്ടും കൗണ്‍സിലിന്റെ പരിഗണനയിലേക്ക് കൊണ്ടുവരാന്‍ കഴിയൂ. നഗരസഭ, ഗ്രാമിണ കാര്യ മന്ത്രാലയം ഇതിലെ ആശയം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നൗറ പറഞ്ഞു. പ്രമേയം പരാജയപ്പെട്ടതില്‍ മറ്റൊരു വനിതാ മെമ്പറായ ലിന അല്‍മഈന ആശ്ചര്യം പ്രകടിപ്പിച്ചു. മുനിസിപ്പല്‍ കൗണ്‍സിലുകളിലെ വര്‍ധിച്ച വനിതാ പ്രാതിനിധ്യത്തിനെതിരെ നില കൊള്ളുന്നതിനെ എതിരാളികള്‍ എങ്ങിനെ ന്യായീകരിക്കുമെന്ന് അവര്‍ ചോദിച്ചു.
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top