Deshabhimani

നാല് പേർ മരിച്ചു, എട്ട് പേരെ കാണാനില്ല; ഉള്ളുലഞ്ഞ് ഉറങ്ങാനാവാതെ പ്രവാസി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 01, 2024, 05:58 PM | 0 min read

ദമ്മാം > വർങ്ങളായി സൗദിയിലെ ദമ്മാമിൽ ഹൗസ് ഡ്രൈവർ ആയി ജോലി നോക്കുന്ന അബ്ദുൽ ഗഫൂർ ഇപ്പോഴും ഞെട്ടലിലാണ്. നാടിനെ നടുക്കിയ വയനാട് ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഗഫൂറിന് നഷ്ടമായത് അമ്മാവൻ യൂസഫിനെയും അദ്ദേഹത്തിന്റെ 12 അംഗ കുടുംബത്തെയുമാണ്.

വൈത്തിരി തളിപ്പുഴ സ്വദേശിയായ യൂസുഫ് അഞ്ച് മാസം ഗർഭിണിയായ മകളുടെ വീട്ടിൽ വിരുന്നിന് പോയതായിരുന്നു ആ രാത്രി. നാട്ടിലെ എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെട്ടിരുന്ന യൂസുഫിനെയും കുടുംബത്തേയും ബാധിച്ച ദുരന്തം നാട്ടുകാർക്കും വീട്ടുകാർക്കും വലിയ ഞെട്ടലാണുണ്ടാക്കിയത്.

യൂസുഫും ഭാര്യയും ചെറിയ മകളുടെ കുഞ്ഞുമകളുമാണ് വിരുന്നിന് പോയിരുന്നത്. ആ വീട്ടിൽ യൂസുഫിന്റെ മൂത്ത മകൾ റുക്സാന, ഭർത്താവ്, ഭർത്താവിന്റെ സഹോദരൻ, അവരുടെ മാതാപിതാക്കൾ എന്നിവരടക്കം ഒൻപതു പേരാണ് ഉണ്ടായിരുന്നത്. അബ്ദുൽ ഗഫൂർ വാട്ട്സാപ്പ് സന്ദേശത്തിലൂടെയാണ് സംഭവ ദിവസം വിവരം അറിയുന്നത്.

ചൂരൽമലയിലെ ആ വീട് നിന്ന പുഴയോരത്ത്  ഇപ്പോൾ വീടിന്റെ ഒരു കല്ല് പോലും അവശേഷിച്ചിട്ടില്ല. ഇതുവരെ നാല് പേരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. അതിൽ രണ്ട് പേരെ സൂചിപ്പാറ വെള്ളച്ചാട്ടവും കഴിഞ്ഞുള്ള ചാലിയാറിൽ നിന്നാണ് ലഭിച്ചത്. തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു മൃതദേഹ​ങ്ങൾ. ദുരന്തത്തിന്റെ വ്യാപ്തിയും പ്രദേശത്തിന്റെ അവസ്ഥയും മനസ്സിലാക്കുമ്പോൾ ഇനി യൂസഫ് അടക്കം കണ്ടെത്താനുള്ള എട്ട് പേരുടെ കാര്യത്തിൽ ഒരു പ്രതീക്ഷയും ഇല്ലെന്നാണ് അബ്ദുൽ ഗഫൂർ പറയുന്നത്.

ദുരന്തം നൽകിയ ആഘാതത്തിൽ ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് അബ്ദുൽ ഗഫൂർ. ഉറങ്ങുമ്പോൾ ഏതോ കയത്തിലേക്ക് സ്വയം താഴ്ന്നു പോകുന്ന പോലെ തോന്നി ഞെട്ടി ഉണരുകയാണ്. തൊഴിലിടത്തിലെ സാഹചര്യത്തിൽ കൂടെ ഒരാളെ കൂട്ടാൻ പോലും കഴിയാത്ത അവസ്ഥയുണ്ട്. നവോദയ താറൂത്ത് യൂണിറ്റ് ജോയിൻ്റ് സെക്രട്ടറി കൂടിയായ ഗഫൂറിനെ നവോദയ കേന്ദ്രരക്ഷാധികാരിയും ലോകകേരളസഭ അംഗവുമായ പ്രദീപ് കൊട്ടിയവും ബാബു ഫറോക്കും അബ്ദുൽ ഗഫൂറിനെ സന്ദർശിച്ചു. ഗഫൂറിന് ആവശ്യമായ എല്ലാ സഹായവും നവോദയ ഒരുക്കുമെന്ന് പ്രദീപ് കൊട്ടിയം പറഞ്ഞു



deshabhimani section

Related News

0 comments
Sort by

Home