07 September Saturday

വയനാട് പുനരധിവാസം; കേളി ഒരു കോടി രൂപ നൽകും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

റിയാദ് > വയനാട് ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാൻ റിയാദിലെ കേളി കലാസാംസ്കാരിക വേദി ഒരു കോടി രൂപ സമാഹരിച്ചു നൽകും. കേളിയിലെയും കേളി കുടുംബവേദിയിലെയും മുഴുവൻ അംഗങ്ങളും ഈ ഉദ്യമത്തിൽ പങ്കാളികളാകുമെന്നും റിയാദിലെ പൊതു സമൂഹത്തിനും ഇതിനോട് കൈകോർക്കാമെന്നും കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

 
കേളിയുടെ 'സ്നേഹസ്പർശം' പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് കണ്ടെത്തുന്നത്. ദുരന്തം നടന്ന് രണ്ടാം ദിവസം തന്നെ പ്രവാസ ലോകത്തു നിന്ന് കേളി പത്തു ലക്ഷം രൂപ അടിയന്തിര സഹായം പ്രഖ്യാപിക്കുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയും ചെയ്‌തിരുന്നു. 
 
ദുരന്തത്തില്‍ സകലതും നഷ്‌ടമായവർക്കായി വിപുലമായ പുനരധിവാസ പാക്കേജ്‌ തയ്യാറാക്കുമെന്നും, പൂർണ്ണമായും തകർന്നു പോയ ജനവാസമേഖലയ്‌ക്ക്‌ പകരം സുരക്ഷിതമായ മറ്റൊരു പ്രദേശത്ത് ടൗൺഷിപ് നിർമിക്കാനാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്‌ എന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനമാണ് കേളിയെ ഈ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്ന് സംഘാടകർ പറഞ്ഞു. ആഗസ്റ്റ്‌ 30 ന് മുമ്പ് പദ്ധതി പൂർത്തിയാക്കുമെന്നും കെപിഎം സാദിഖ് അറിയിച്ചു. 
 
കേരളം നേരിട്ട മഹാപ്രളയത്തിൽ വിവിധ ഘട്ടങ്ങളിലായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വഴി  അര കോടി രൂപ കേളി നൽകി. കൂടാതെ കേളി പ്രവർത്തകർ വ്യക്തിപരമായും സഹായങ്ങൾ നൽകി. കൊറോണ മഹാമാരിയിൽ കേരളത്തിലെ ജനങ്ങൾക്ക് സൗജന്യ വാക്‌സിൻ നൽകാനുള്ള തീരുമാനം കേരള സർക്കാർ കൈക്കൊണ്ടപ്പോൾ കേളി വാക്‌സിൻ ചലഞ്ച് ഏറ്റെടുക്കുകയും 23,42,374 രൂപ സർക്കാരിന് കൈമാറുകയും ചെയ്‌തു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, പ്രസിഡന്റ് സെബിൻ ഇഖ്ബാൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top