05 July Tuesday

ഷെയ്ഖ് ഖലീഫ. വികസനത്തിന്റെ നവ ഗാഥകൾ തീർത്ത ഭരണാധികാരി

കെ എൽ ഗോപിUpdated: Thursday May 19, 2022

അബുദാബി>  നൂതന മാർഗ്ഗങ്ങളിലൂടെ യു എ ഇ യുടെ വികസനത്തിൽ പുതിയ അധ്യായങ്ങൾ എഴുതിച്ചേർത്ത ഭരണാധികാരിയായിരുന്നു അന്തരിച്ച ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ എന്ന് വിവിധ അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഷെയ്ഖ് ഖലീഫയുടെ ഭരണകാലത്ത്‌ യുഎഇ അതിവേഗത്തിലാണ് പുരോഗതി കൈവരിച്ചത്.  അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണം, എമിറാറ്റി പൗരന്മാർക്ക് ഭവന സ്ഥിരത കൈവരിയ്ക്കൽ, ഊർജ്ജ മേഖല, വിദ്യാഭ്യാസം, ആരോഗ്യ സൗകര്യങ്ങൾ, സർക്കാർ സേവനങ്ങൾ, പള്ളികൾ എന്നിങ്ങനെ എല്ലാ മേഖലകളിലും കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങളാണ് രാജ്യം കൈവരിച്ചത്. 40 ബില്യന്റെ പദ്ധതികൾ ഊർജ മേഖലയിൽ മാത്രം നടപ്പിലാക്കി. 230-ലധികം പൊതുവിദ്യാലയങ്ങളുടെ സ്ഥാപനം, ലോകോത്തര നിലവാരത്തിൽ ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തൽ, ഇതിനായി 32ഓളം ഫെഡറൽ സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾ വികസിപ്പിക്കൽ എന്നിവ  ഷെയ്ഖ് ഖലീഫയുടെ  കാലത്തു നടന്നു. മത്സ്യത്തൊഴിലാളികളെ സഹായിക്കുന്നതിനായി 24 ലധികം മത്സ്യബന്ധന തുറമുഖങ്ങളാണ് അദ്ദേഹം സ്ഥാപിച്ചത്.

റോഡുകളുടെ കാര്യത്തിലും രാജ്യം ഗണ്യമായ പുരോഗതി കൈവരിച്ചു, 140-ലധികം പദ്ധതികൾ പൂർത്തീകരിച്ചുകൊണ്ട്  ഫെഡറൽ റോഡുകളുടെ വികസനം വിപുലമാക്കി. രാജ്യത്തെ പ്രദേശങ്ങളെയും നഗരങ്ങളെയും ബന്ധിപ്പിയ്ക്കുക വഴി ഫെഡറൽ റോഡുകളിലെ ഗതാഗത പാതകളുടെ ആകെ ദൈർഘ്യം കഴിഞ്ഞ 18 വർഷത്തിനിടെ 4,300 കിലോമീറ്ററിലെത്തി. 106 അണക്കെട്ടുകളാണ് കഴിഞ്ഞ 20 വർഷത്തിനിടെ  നിർമ്മിച്ചത്. ഇതുവഴി അണക്കെട്ടുകളുടെയും ജലസംഭരണികളുടെയും ശേഷി 200-മില്ല്യൺ ക്യുബിക് മീറ്ററായി വർദ്ധിച്ചു. ദീർഘമായ കാഴ്ചപ്പാടോടു കൂടിയ ജലസുരക്ഷാനയമാണ് ഇതിലൂടെ രൂപപ്പെടുത്തിയെടുത്തത്.

ഷെയ്ഖ് സായിദ് വിഭാവനം ചെയ്ത ഷെയ്ഖ് സായിദ്  ഹൗസിംഗ് പ്രോഗ്രാം സ്ഥാപിതമായതുമുതൽ, 33,838-ലധികം സ്വദേശി കുടുംബങ്ങളുടെ സന്തോഷകരമായ ജീവിതവും ക്ഷേമവും ഉറപ്പാക്കാൻ സംയോജിത പാർപ്പിട ജില്ലകൾ സ്ഥാപിക്കുകയുണ്ടായി.

ആഗോള സമുദ്ര, ലോജിസ്റ്റിക് വ്യവസായത്തിന്റെ വളർച്ചയിലും, സമുദ്രമേഖലയെ ശക്തിപ്പെടുത്തുന്നതിലും രാജ്യം സജീവമായ പങ്ക് വഹിച്ചു. കൗൺസിൽ ഓഫ് ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ കാറ്റഗറി ബി അംഗത്വത്തിലേക്ക് യുഎഇ മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ടതും ഷെയ്ഖ് ഖലീഫയുടെ കാലത്താണ്. പ്രാദേശികമായി സമുദ്ര മേഖലയിൽ യുഎഇ വൻ മുന്നേറ്റം നടത്തി. ഒരു പ്രധാന ആഗോള സമുദ്ര കേന്ദ്രമെന്ന പദവി നേടുന്നതിന് രാജ്യത്തിന്റെ കഴിവുകൾ സഹായിച്ചു. രാജ്യത്തിന്റെ ജിഡിപിയിൽ ഈ മേഖലയുടെ സംഭാവന പ്രതിവർഷം 90 ബില്യൺ ദിർഹമാണ്. 2021-ൽ യുഎഇ തുറമുഖങ്ങൾ 19 ദശലക്ഷത്തിലധികം TEU-കൾ കൈകാര്യം ചെയ്തു, അതേ വർഷം യുഎഇയിൽ 25,000-ലധികം പോർട്ട് കോളുകൾ ഉണ്ടായിരുന്നു. യുഎഇയുടെ ദേശീയ കപ്പൽ കപ്പാസിറ്റി 21 ദശലക്ഷം DWT ആണ്, 2020 ലെ കണക്കനുസരിച്ച് 970 കപ്പലുകളാണ് യു എ ഇ യ്ക്ക് സ്വന്തമായി ഉള്ളത്.

സമുദ്രമേഖലയിലെ നിരവധി ആഗോള മത്സരക്ഷമതാ സൂചകങ്ങളിൽ യുഎഇ മുൻനിരയിലാണ്. ഗതാഗത സേവന വ്യാപാരത്തിലും ബങ്കർ വിതരണ സൂചികയിലും രാജ്യം മൂന്നാം സ്ഥാനത്താണ്. പോർട്ട് പെർഫോമൻസ് ആൻഡ് എഫിഷ്യൻസി ഇൻഡക്സിൽ ആഗോളതലത്തിൽ 13-ാം സ്ഥാനവും, മത്സരാധിഷ്ഠിത സമുദ്ര കേന്ദ്രമെന്ന നിലയിൽ അഞ്ചാം സ്ഥാനത്തും ആണ്.  കണ്ടെയ്‌നർ  കൈകാര്യം ചെയ്യുന്ന തുറമുഖങ്ങളുടെ കാര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ യു എ ഇ  ആദ്യ 10 സ്ഥാനങ്ങളിൽ ഇടംപിടിച്ചു. യുഎഇയിൽ 27,000-ലധികം മാരിടൈം കമ്പനികളുണ്ട്, കൂടാതെ രാജ്യത്തെ തുറമുഖങ്ങൾ ലോകമെമ്പാടുമുള്ള ഏറ്റവും മികച്ച റാങ്കിംഗിലുമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top