27 September Sunday

മലയാളം മിഷൻ ഷാർജ മേഖല പ്രവേശനോത്സവം: എഴുത്തുകാരൻ രാമനുണ്ണി മുഖ്യാതിഥി

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

ഷാര്‍ജ> എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന ലക്ഷ്യം മുൻനിർത്തി കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ മലയാളം മിഷൻ നടത്തിവരുന്ന മലയാളം മിഷൻ പഠനപദ്ധതി യുടെ ഭാഗമായി ഷാർജ മേഖലയിൽ ഉള്ള എല്ലാ പഠന കേന്ദ്രങ്ങളും ചേർന്നൊരുക്കുന്ന മേഖലാ പ്രവേശനോത്സവം ഫെബ്രുവരി ഒന്നിന് വൈകിട്ട് ആറിനു  ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കും.

എഴുത്തുകാരൻ കെ പി രാമനുണ്ണിയാണ് മുഖ്യാതിഥി. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട്  ഇ പി ജോൺസൺ മലയാളം മിഷൻ യുഎഇ ചാപ്റ്റർ കോർഡിനേറ്റർ കെ എൽ ഗോപി എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് പ്രവേശനോത്സവ വിജയത്തിനായി നടത്തുന്നത്. മലയാളം മിഷൻ പ്രവര്‍ത്തനങ്ങള്‍ യുഎഇയിൽ വ്യാപകമാകുകയാണെന്ന് ഇ പി ജോൺസനും കെ എൽ ഗോപിയും അറിയിച്ചു. എല്ലാ എമിറേറ്റുകളും കേന്ദ്രീകരിച്ച് വളരെ വിപുലമായിട്ടാണ്  ഇപ്പോൾ മിഷൻ പഠന പദ്ധതികൾ നടക്കുന്നത്.  വിവിധ സംഘടനകളുടേയും കൂട്ടായ്മകളുടേയും നേതൃത്വത്തിൽ വർധിച്ച ഉത്സാഹത്തോടെയാണ് മലയാളം മിഷൻ പഠനപദ്ധതി പുരോഗമിക്കുന്നത്.

ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന പ്രവേശനോത്സവത്തിൽ എല്ലാ സംഘടനകളുടേയും കൂട്ടായ്മകളുടേയും പിന്തുണയാണുള്ളത്. സാഹിത്യ ചരിത്ര പ്രദർശനം, പുരാവസ്തു പ്രദർശനം, അക്ഷരമാല ഒരുക്കൽ, ഭാഷയേയും സംസ്കാരത്തേയും കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്ന വിവിധ കലാപരിപാടികൾ എന്നിങ്ങനെ വേറിട്ട പരിപാടികളുമായി പ്രവേശനോത്സവം ആകർഷണീയമാക്കാനാണ് ഉദ്ദേശിക്കുന്നത്.  ചടങ്ങിൽ മേഖലയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രഗത്ഭർ പങ്കെടുക്കും. ഇതിന്റെ വിജയത്തിനായി എല്ലാ വിഭാഗം ജനങ്ങളുടെയും പൂർണമായ പിന്തുണ ഉണ്ടാകണമെന്ന് ഇരുവരും അഭ്യർത്ഥിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top