26 January Wednesday

കാർബൺ രഹിത ഊർജ്ജ ഉൽപാദനത്തിൽ മികച്ച മുന്നേറ്റവുമായി യുഎഇ

കെ എൽ ഗോപിUpdated: Friday Nov 5, 2021

അബുദാബി > -- ഊർജ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തനമാരംഭിച്ച അബുദാബിയിലെ അൽ ദഫ്ര- ബറാക്ക ന്യൂക്ലിയർ എനർജി പ്ലാന്റ് യൂണിറ്റ് മൂന്നിന്റെ നിർമാണം വിജയകരമായി പൂർത്തിയാക്കി. അറബ് ലോകത്തെ ആദ്യത്തെ മൾട്ടി- യൂണിറ്റ് ഓപ്പറേറ്റിങ്‌ ന്യൂക്ലിയർ എനർജി പ്ലാന്റാണിത്. 2023-ൽ ഇതിൽ നിന്നും വൈദ്യുതി വിതരണം ആരംഭിയ്ക്കും.

ഊർജ ദിനത്തിൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓഫ് പാർട്ടികളുടെ (COP26) യോഗത്തിലാണ് യുഎഇയുടെ ഈ പ്രഖ്യാപനം. വൈദ്യുതി മേഖലയിലെ ഊർജസംഭരണത്തിൽ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതു ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് യുഎഇ നടപ്പിലാക്കുന്നത്‌.  1400 മെഗാവാട്ട് സീറോ എമിഷൻ വൈദ്യുതി കൂടുതൽ ഉല്പാദിപ്പിക്കാൻ ബരാക്കാ പ്ലാന്റിന്റെ പുതിയ യൂണിറ്റിന് കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.

2023-ൽ ഏഷ്യാ പസഫിക് അംഗരാജ്യങ്ങൾ ഉൾപ്പെട്ട COP28ന് യുഎഇ ആതിഥേയത്വം വഹിക്കുകയാണ്.  അന്തരീക്ഷ മലിനീകരണം ഇല്ലായ്മ ചെയ്യാൻ കാർബൺ ബഹിർഗമനം കുറയ്ക്കുന്ന പദ്ധതികൾക്കു രൂപം നൽകി രൂപീകരിച്ച ഒന്നാണ്  2050 നെറ്റ് സീറോ ഇനിഷ്യേറ്റീവ്. ഇതിനെ പിന്തുണച്ചു കൊണ്ടാണ്  ആണവ സാങ്കേതികവിദ്യ ഉപയോഗിച്ച് ശുദ്ധമായ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്ന പ്രവർത്തനത്തിൽ യുഎഇ മുന്നോട്ടു പോകുന്നത്.

2025-ഓടെ അബുദാബി എമിറേറ്റിന്റെ കാർബൺ പുറന്തള്ളൽ 50 ശതമാനമായി കുറയ്ക്കാൻ, ബരാക്കാ പ്ലാന്റിന്റെ പ്രവർത്തനത്തിലൂടെ കഴിയുമെന്നാണ് ENEC-യുടെ മാനേജിങ്‌ ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ മുഹമ്മദ് ഇബ്രാഹിം അൽ ഹമ്മാദി അഭിപ്രായപ്പെടുന്നത്. സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ ചേർന്ന COP26-ൽ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ അടിയന്തിരവും,  മൂർത്തവുമായ നടപടികൾ ആലോചിച്ചിരുന്നു. ഈ ആലോചനയ്ക്കുള്ള യുഎഇ യുടെ പിന്തുണയാണ് ബറാക പ്ലാന്റ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  യുഎഇയുടെ വൈദ്യുതിയുടെ നാലിലൊന്ന് പൂർണമായും കാർബൺ രഹിതമായി വിതരണം ചെയ്യുവാനുള്ള തയ്യാറെടുപ്പുകളാണ് യു എ ഇ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

കോൾഡ് ഹൈഡ്രോസ്റ്റാറ്റിക് ടെസ്റ്റിങ്‌ (സിഎച്ച്ടി), സ്ട്രക്ചറൽ ഇന്റഗ്രിറ്റി ടെസ്റ്റ് (എസ്ഐടി), ഇന്റഗ്രേറ്റഡ് ലീക്ക് റേറ്റ് ടെസ്റ്റ് (ഐഎൽആർടി), ഹോട്ട് ഫംഗ്ഷണൽ ടെസ്റ്റ് എന്നിവയുൾപ്പെടെ നിരവധി വ്യക്തിഗതവും സംയോജിതവുമായ സിസ്റ്റം ടെസ്റ്റുകൾ ബരാക്കാ പ്ലാന്റിന്റെ യൂണിറ്റ് 3 ഇതിനകം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. യൂണിറ്റിന്റെ സംവിധാനങ്ങൾ ഏറ്റവും ഉയർന്ന വ്യാവസായിക മാനദണ്ഡങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നുണ്ടെന്നും വരും ദശകങ്ങളിൽ പ്ലാന്റിന്റെ പ്രവർത്തനസമയത്ത് അത് തുടരുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

അബുദാബി എമിറേറ്റിലെ അൽ ദഫ്ര മേഖലയിൽ സ്ഥിതി ചെയ്യുന്ന ബരാക്കാ പ്ലാന്റ്, നാല് എപിആർ -1400 യൂണിറ്റുകളുള്ള ലോകത്തിലെ ഏറ്റവും വലിയ ആണവോർജ്ജ പ്ലാന്റുകളിൽ ഒന്നാണ്. പ്ലാന്റിന്റെ നിർമ്മാണം 2012-ൽ ആരംഭിച്ചു, ബറാക്ക പ്ലാന്റിന്റെ മൊത്തത്തിലുള്ള വികസനം ഇപ്പോൾ 96 ശതമാനത്തിലധികം പൂർത്തിയായി. പൂർണമായും പ്രവർത്തനക്ഷമമാകുമ്പോൾ, പ്ലാന്റ് 60 വർഷത്തിലേറെയായി 5.6 ജിഗാവാട്ട് കാർബൺ രഹിത വൈദ്യുതി ഉൽപ്പാദിപ്പിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top