19 January Tuesday
പ്രവാസികളുടെ അനന്തരാവകാശ നിയമത്തിലും വിവാഹ നിയമത്തിലും മാറ്റം

ക്രിമിനല്‍, സിവില്‍ നിയമങ്ങളില്‍ യുഎഇ ഭേദഗതി വരുത്തി

അനസ് യാസിന്‍Updated: Saturday Nov 7, 2020

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യന്‍

 
മനാമ: പ്രായപൂര്‍ത്തിയാകാത്തവരുമായുള്ള ലൈംഗീക ബന്ധത്തിന് വധശിക്ഷ നല്‍കുന്നതും അഭിമാന കൊലപാതകത്തെ കുറ്റകൃത്യമായി കാണുന്നതുമടക്കം വ്യക്തിഗത പദവി നിയമം, ഫെഡറല്‍ പിനല്‍ കോഡ്, ഫെഡറല്‍ പിനല്‍ പ്രൊസീജര്‍ നിയമം എന്നിവയില്‍ യുഎഇ ഭേദഗതി വരുത്തി. പ്രവാസികളുടെ വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ വിഷയങ്ങളില്‍ സുപ്രധാന ഭേദഗതികാളാണ് വരുത്തിയത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യന്‍ ശനിയാഴ്ചയാണ് ഭേദഗതി പ്രഖ്യാപിച്ചത്. 
 
പ്രവാസികളുടെ അനന്തരാവകാശം അവരുടെ വില്‍പത്രമനുസരിച്ചോ അവര്‍ പൗരന്‍മാരായ രാജ്യത്തെ നിയമ മനുസരിച്ചോ നടപ്പാക്കും. വിവാഹ നിയമം അത് നടന്ന രാജ്യത്തിലെ നിയമത്തിനനുസരിച്ചാണ് നടപ്പാക്കുകയെന്നും ഭേദഗതി വ്യക്തമാക്കുന്നു. രാജ്യത്തെ വിദേശ നിക്ഷേപകരുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന തരത്തിലാണ് ഭേദഗതികള്‍. 
 
അഭിമാന കുറ്റകൃത്യങ്ങളെ കൊലപാതകമായി കണക്കാക്കുന്നതാണ് പീനല്‍ കോഡ് നിയമത്തില്‍ വരുത്തിയ പ്രധാന ഭേദഗതി. 
മദ്യപാനത്തിനായുള്ള പിഴ ഒഴിവാക്കല്‍, 21 വയസ്സിന് മുകളിലുള്ളവര്‍ക്ക് വില്‍പ്പന, കൈവശം വയ്ക്കല്‍ എന്നിവ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. ഇതനുസരിച്ച് അംഗീകൃത സ്ഥലങ്ങളില്‍ മദ്യം ഉപയോഗിക്കുന്നത് കുറ്റകരമായിരിക്കില്ല. എന്നാല്‍, ഇക്കാര്യത്തില്‍ ഓരോ എമിറേറ്റിനും യോജിച്ച നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം. 21 വയസിനു താഴെയുള്ള വ്യക്തി മദ്യം ഉപയോഗിക്കുന്നത് കുറ്റകരമായി തുടരും.
 
പൊതു ഇടങ്ങളിലെ മോശം പെരുമാറ്റത്തിന് ജയില്‍ ശിക്ഷ എന്നത് പിഴയായി പരിമിതപ്പെടുത്തി. പൊതു സമ്മത പ്രകാരമുള്ള ലൈംഗീകബന്ധം കുറ്റകരമല്ല. എന്നാല്‍, പൊതു സമ്മത പ്രകാരമോ ബലമായോ 14 വയസിനു താഴെ പ്രായമുള്ളവരുമായുളള ലൈംഗീകവേഴ്ച വധശിക്ഷ ലഭിക്കാവുന്ന കുറ്റമായിരിക്കും. അതുപോലെ മാനസിക വൈകല്യമുള്ളവരുമായുള്ള ലൈംഗീക ബന്ധവും പ്രതി ഇരയുടെ ഏറ്റവും അടുത്ത ബന്ധുവായാലും സമാനമായ ശിക്ഷ ലഭിക്കും. ആത്മഹത്യാ ശ്രമത്തിന് ശിക്ഷ ഒഴിവാക്കി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top