01 April Wednesday

യുഎഇയിൽ തീപിടിത്തത്തില്‍നിന്നും ഭാര്യയെ രക്ഷിക്കാന്‍ ശ്രമിച്ച മലയാളി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020

അനിൽ നൈനാൻ (ഇടത്‌)

മനാമ > യുഎഇയിലെ ഉമ്മുല്‍ ഖുവൈനില്‍ തീപ്പിടിത്തത്തില്‍ ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റു ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട ചെങ്ങന്നൂര്‍ പുത്തന്‍കാവ് ഐരക്കുഴിയില്‍ അനില്‍ നൈനാനാ(32)ണ് മരിച്ചത്. അബുദബി മഫ്‌റഖിലെ ഷെയ്ഖ് ഷഖ്ബൂത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവിടെ ചികിത്സയില്‍ കഴിയുന്ന ഭാര്യ നീനു അപകട നില തരണം ചെയ്തിട്ടുണ്ട്.

ഈ മാസം പ10ന് രാത്രിയാണ് അപകടം. ഇവര്‍ താമസിക്കുന്ന ഫ്‌ളാറ്റിലെ ഇടനാഴിലെ സര്‍ക്യൂട് ബ്രേക്കര്‍ ബോക്‌സില്‍ നിന്നുള്ള ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായത്.

ഭാര്യ നീനുവിനെ തീപിടുത്തത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അനിലിന്റെ വസ്ത്രത്തിലേക്കും തീ പടരുകയായിരുന്നു. അനിലിന് തൊണ്ണൂറ് ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. അനിലിനെയും ഭാര്യയെയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു വിദഗ്ധ ചികിത്സ നല്‍കി.
പുറത്തേക്കുള്ള വാതിലിന് സമീപം തീപിടിച്ചതിനാല്‍ ഇവര്‍ക്ക് രക്ഷപ്പെടാനായില്ല. നീനുവിന്റ സഹായത്തിനുള്ള വിളികേട്ട് അയല്‍വാസികളായ അറബ് സ്വദേശികള്‍ വാതില്‍ തകര്‍ത്ത് അകത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.  രക്ഷപ്പെടുത്താന്‍ ശ്രമിച്ച ജോര്‍ദ്ദാന്‍ സ്വദേശിക്കും പൊള്ളലേറ്റു. ദമ്പതികളുടെ ഏക മകന്‍ ഏതന്‍ (നാല്) മറ്റൊരുമുറിയില്‍ ഈ സമയം ഉറങ്ങുകയായിരുന്നു.
നീനുവിന്റെ മാതാപിതാക്കള്‍ ഇവര്‍ക്കൊപ്പമായിരുന്നു താമസം. സംഭവം നടക്കുമ്പോള്‍ അമ്മ ദുബായിലുള്ള നീനുവിന്റെ സഹോദരിയുടെ വീട്ടിലും അച്ഛന്‍ അദ്ദേഹത്തിന്റെ കടയിലുമായിരുന്നു. അപകടമറിഞ്ഞ് അനിലിന്റെ മാതാപിതാക്കള്‍ അബൂദബിയിലെത്തിയിരുന്നു.
ഉമ്മുല്‍ ഖുവെന്‍ പൊലീസ് സാന്നിധ്യത്തില്‍ തിങ്കളാഴ്ച രാവിലെ ഫ്‌ളാറ്റില്‍ നിന്ന് പാസ്പോര്‍ട്ട് കണ്ടെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top