28 May Thursday

യുഎഇയില്‍ കോവിഡ് നിരീക്ഷണം ലംഘിച്ചാല്‍ അഞ്ചുവര്‍ഷം തടവ്

അനസ് യാസിന്‍Updated: Friday Mar 20, 2020

മനാമ > കൊറോണവൈറസ് വ്യാപനം തടയാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി ഗള്‍ഫ് രാജ്യങ്ങള്‍. വെള്ളിയാഴ്ച ഗള്‍ഫില്‍ ജുമുഅ ഉണ്ടായില്ല. കോവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്നവര്‍ നീരീക്ഷണം ലംഘിച്ചാല്‍ അഞ്ചു വര്‍ഷംവരെ ജയില്‍ ശിക്ഷ നല്‍കുമെന്ന് യുഎഇ. രാജ്യത്തിന്റെ മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കരുതെന്ന് പൊതു ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും അപകടമാക്കുമെന്നതിനാല്‍ 14 ദിവസത്തെ ഗാര്‍ഹിക നിരീക്ഷണവും മറ്റുള്ളവരുമായി ഇടപഴകുന്നതും നിയമ ലംഘനമായി കണക്കാക്കുമെന്ന് അറ്റോര്‍ണി ജനറല്‍ ഹമദ് സൈഫ് അല്‍ ഷംസി പറഞ്ഞു. വൈറസ് മനപ്പൂര്‍വ്വം പരത്തുന്ന രോഗികള്‍ക്ക് പിഴയും ജയില്‍ ശിക്ഷയും ലഭിക്കും.

രോഗം ബാധിച്ചതായി അറിയുന്ന വ്യക്തികള്‍ ബന്ധപ്പെട്ട അധികാരിളുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ആശുപത്രി വിടുകയോ രാജ്യത്തേക്കോ, പുറത്തേക്കോ യാത്ര പോവുകയോ ചെയ്താല്‍ മൂന്നു വര്‍ഷം വരെ തടവും 50,000 ദിര്‍ഹം വരെ പിഴയും ശിക്ഷയായി ലഭിക്കും. രാജ്യത്തേക്കു വരുന്ന രോഗികള്‍ പ്രവേശന കവാടങ്ങളില്‍ അക്കാര്യം വെളിപ്പെടുത്തിയില്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടിവരും. സാംക്രമികരോഗം മൂലമുണ്ടാകുന്ന സംശയകരമായ കേസുകളോ മരണങ്ങളോ ജനങ്ങള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യല്‍ നിര്‍ബന്ധമാണെന്നും അദ്ദേഹം അറിയിച്ചു. ജിസിസി പൗരന്‍മാര്‍ക്ക് ശനിയാഴ്ച രാവിലെ 10 മുതല്‍ പ്രവേശനം നല്‍കാന്‍ യുഎഇ എതീരുമാനിച്ചു. ഇങ്ങിനെ വരുന്നവരെ പരിശോധിക്കും. എത്തുന്നവര്‍ 14 ദിവസത്തെ ഗാര്‍ഹിക നിരീക്ഷണത്തിന് വിധേയമാകുകയും വേണം.

കൊറോണവൈറസ് പ്രത്യാഘാതം നേരിടാന്‍ സൗദി ധന മന്ത്രാലയം 12,000 കോടി റിയാലിന്റെ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു. ഇതുപ്രകാരം ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ഇഖാമ കാലാവധി അവസാനിച്ചവര്‍ക്ക് ലെവിയില്ലാതെ മൂന്നു മാസത്തേക്കു നീട്ടി നല്‍കും. കൂടാതെ,  നാട്ടില്‍ പോകാന്‍ കഴിയാത്തവരുടെ റീ എന്‍ട്രി വിസ മൂന്നു മാസത്തേക്ക് നീട്ടിനല്‍കാന്‍ തൊഴിലുടമകള്‍ക്ക് സാധിക്കും. ബാങ്കുകളുടെയും ബലദിയയുടെയും ചാര്‍ജുകള്‍ അടക്കാന്‍ മൂന്നു മാസ സാവകാശം നല്‍കി. വ്യാഴാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത സല്‍മാന്‍ രാജാവ് വരാനിരിക്കുന്നത് കടുപ്പമേറിയ ഘട്ടമാണെന്നും വിദേശിയെന്നും സ്വദേശിയെന്നും വ്യത്യാസമില്ലാതെ ഈ സാഹചര്യം മറികടക്കുമെന്നും അറിയിച്ചു.

ആറ് ഗള്‍ഫ് രാജ്യങ്ങളും ജുമുഅ നമസ്‌കാരം ഒഴിവാക്കിയിരുന്നു. ബഹ്റൈന്‍ ഒഴികെയുള്ള രാജ്യങ്ങളില്‍ പള്ളികളില്‍ ജമാഅത്തും (കൂട്ടമായി നമസ്‌കരിക്കല്‍) ഒഴിവാക്കിയിട്ടുണ്ട്. മക്കയില്‍ ഹറമിന് പുറത്തെ മുറ്റങ്ങളിലും ജുമുഅയും നമസ്‌കാരവും ഉണ്ടായില്ല. ഹറം പള്ളിക്കകത്തേക്ക് നിയന്ത്രിച്ച് മാത്രമാണ് ജുമുഅക്കും നമസ്‌കാരത്തിനും ആളുകള്‍ക്ക് പ്രവേശനം. മദീന പള്ളിയിലേക്കുള്ള പ്രവേശനം അനിശ്ചിതമായി വിലക്കി. മദീനയില്‍ അസുഖം പടര്‍ന്ന തരത്തിലുള്ള വീഡിയോ വ്യാജമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top