14 July Tuesday

പ്രവാസികളെ വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് തള്ളിയിടരുത് : അക്ഷരക്കൂട്ടം യു.എ.ഇ.

സഫറുള്ള പാലപ്പെട്ടിUpdated: Tuesday May 5, 2020


അബുദാബി> തുടർച്ചയായ പ്രതിഷേധത്തിന്റെയും സമ്മർദ്ദത്തിന്റെയും ഒടുവിൽ, പ്രഖ്യാപിതമായ മുൻഗണനാക്രമത്തിൽ, പ്രവാസികൾക്ക് ഇന്ത്യയിലേക്ക് മടങ്ങുവാൻ കേന്ദ്ര സർക്കാർ അനുവാദം നൽകിയ തീരുമാനത്തിൽ യുഎഇ യിലെ സാംസ്കാരിക സാഹിത്യ കൂട്ടായ്മയായ അക്ഷരക്കൂട്ടം ആശ്വാസവും കൃതജ്ഞതയും പ്രകടിപ്പിച്ചു.

ഈ അനുവാദം നമ്മളെ സന്തോഷിപ്പിക്കുമ്പോൾത്തന്നെ മറ്റൊരു സംഘർഷാവസ്ഥയിലേക്ക് പ്രവാസികളെ നയിക്കുമെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. പല മാസങ്ങളായി ജോലിയും ശമ്പളവുമില്ലാതെ താമസ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പതിനായിരക്കണക്കിന് മനുഷ്യർ വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് വീണുപോകുന്ന അവസ്ഥയാണ് നേരിടാൻ പോകുന്നതെന്ന് ഊഹിക്കാം.

യാത്രക്കൂലി തീരുമാനിക്കാനുള്ള അവകാശം അതാത് ഏജൻസികൾക്ക് നൽകുന്നതിലൂടെ കേന്ദ്ര സർക്കാർ പ്രധാനമായ ഒരു ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞു മാറുകയാണ്. സ്വന്തം പൗരരെ തിരികെയെത്തിക്കാനുള്ള മുഴുവൻ ചെലവും വഹിക്കാൻ ബാധ്യതപ്പെട്ട സർക്കാർ ഇത്തരത്തിൽ കർത്തവ്യബോധമില്ലാതെ പെരുമാറുന്നത് ഭൂഷണമല്ല.

വിദേശനാണ്യ ഇനത്തിലും ഇമിഗ്രേഷൻ ഫീ ഇനത്തിലും അരനൂറ്റാണ്ടോളമായി പ്രവാസികളിൽ നിന്ന് ഈടാക്കിയ ഭീമമായ തുക ഖജനാവിലുള്ളപ്പോൾ, അതിന്റെ ഒരു പങ്കുപയോഗിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ വിമാനങ്ങളും കപ്പലുകളും ഉപയോഗിച്ച് പ്രവാസികളെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാനല്ല ധാർമ്മിക ബാധ്യതയിൽ നിന്ന് സർക്കാർ ഒഴിഞ്ഞുമാറുന്നത് വിമാനക്കമ്പനികളുടെ അന്യായമായ ചൂഷണത്തിന് പ്രവാസികളെ എറിഞ്ഞുകൊടുക്കുന്ന നിലപാടാണ്.ഈ നിലപാട് തിരുത്തുന്നുന്നതിനും ആവശ്യക്കാർക്ക് സൗജന്യ യാത്ര ഉറപ്പു വരുത്തുന്നതിനും ചുമതലാബോധമുള്ള മുഴുവൻ മനുഷ്യരുടെയും സംഘടനകളുടെയും മാധ്യമങ്ങളുടെയും കേരള സർക്കാരിന്റെയും ശക്തമായ ഇടപെടൽ അടിയന്തിരമായി ഉണ്ടാകണമെന്ന് അക്ഷരക്കൂട്ടം ആവശ്യപ്പെട്ടു. ഇതൊരു ശ്രദ്ധ ക്ഷണിക്കലായി കരുതി കഴിയുന്ന എല്ലാത്തരം ഇടപെടലും നിർവ്വഹിച്ച് പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധത നിർവ്വഹിക്കണമെന്ന് അക്ഷരക്കൂട്ടം വാർത്താകുറിപ്പിലൂടെ അഭ്യർത്ഥിച്ചു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top