31 October Saturday

തിരുവനന്തപുരം വിമാനത്താവളം വിൽക്കാനുള്ള തീരുമാനം പിൻവലിക്കുക: സമീക്ഷ യുകെ

വെബ് ഡെസ്‌ക്‌Updated: Sunday Aug 23, 2020

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിറ്റഴിക്കുന്നതിനുള്ള തീരുമാനം അടിയന്തിരമായി പിൻ‌വലിക്കണമെന്നും സമീക്ഷ യുകെ ആവശ്യപ്പെട്ടു. നാടിന്റെ അഭിമാനമായ ഒരു സ്ഥാപനം കൂടി കേന്ദ്രസർക്കാർ തങ്ങളുടെ ഇഷ്ടക്കാർക്കു കൈമാറുകയാണ്.  ലാഭകരമായി പ്രവർത്തിക്കുന്ന തിരുവനന്തപുരം വിമാനത്താവളമാണ് നടത്തിപ്പിൽ യാതൊരു മുന്പരിചയവും ഇല്ലാത്ത സംഘപരിവാറിന്റെ ഇഷ്‌ടക്കാരായ അദാനി ഗ്രൂപ്പിന് കൈമാറുന്നത് . കേരളത്തിൽ രണ്ടു അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വളരെ നല്ല നിലയിലിൽ നടത്തികൊണ്ടുപോവുന്ന കേരള സർക്കാർ, പ്രത്യേക കമ്പനി രൂപീകരിച്ച്‌ തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയിൽ നിലനിർത്താൻ തയ്യാറാണെന്നു വാഗ്‌ദാനം നൽകിയിരുന്നു. ഇത് അവഗണിച്ചു കേരളത്തിന്റെ തലസ്ഥാനനഗരത്തിലുള്ള വിമാനത്താവളം അദാനിക്ക്‌ തീറെഴുതുകയാണ്‌ കേന്ദ്ര ഭരണകൂടം.
 
സംസ്ഥാന സർക്കാരിന്‌ പങ്കാളിത്തമുള്ള കമ്പനികളാണ്‌ കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾ വിജയകരമായി നടത്തുന്നത്. ഈ അനുഭവ സമ്പത്തിന്റെ വെളിച്ചത്തിലാണ്‌ തിരുവനന്തപുരം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ താൽപ്പര്യം പ്രകടിപ്പിച്ചത്‌. അദാനി ഗ്രൂപ്പ്‌ വാഗ്‌ദാനംചെയ്‌ത തുകതന്നെ നൽകാമെന്നും ഉറപ്പുപറഞ്ഞു. ഇതെല്ലാം അവഗണിച്ച്‌ ഇഷ്‌ടക്കാർക്ക്‌ ദീർഘകാലത്തേക്ക് പാട്ടത്തിന്‌ നൽകാനാണ്‌ മോഡി സർക്കാരിന്റെ തീരുമാനം.
 
കേരളം വിട്ടുനൽകിയ 653 ഏക്കർ ഭൂമിയിൽ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച്‌ പടുത്തുയർത്തിയതാണ്‌ തിരുവനന്തപുരം വിമാനത്താവളം. 1932ൽ തുടക്കം കുറിക്കുമ്പോൾ തിരുവിതാംകൂർ രാജകുടുംബവും പിന്നീട്‌ പലതവണയായി കേരളസർക്കാരും സൗജന്യമായി നൽകിയതാണ്‌ ഭൂമി. എട്ടു വർഷത്തിനിടിയിൽ 1000 കോടി രൂപയാണ്‌ എയർപോർട്ട്‌ അതോറിറ്റി വിമാനത്താവള വികസനത്തിന്‌ ചെലവിട്ടത്‌. 600 കോടി രൂപ മുടക്കി 18 ഏക്കറിൽ പുതിയ ടെർമിനലിന്റെ നിർമാണം നടന്നുവരുന്നു. ഈ സൗകര്യങ്ങളെല്ലാം അദാനി ഗ്രൂപ്പിന്‌ സമ്മാനിക്കുകയാണ് ‌ മോഡി സർക്കാർ. സംസ്ഥാനത്തെ ജനങ്ങളുടെ അഭിപ്രായത്തിനും വികാരത്തിനും തരിമ്പും വിലകൽപ്പിക്കാത്ത ഏകാധിപത്യ നടപടിയാണിത്‌.

രാജ്യം അതിസമ്പന്നർക്ക്‌ പതിച്ചുനൽകി ജനങ്ങളെ കൊള്ളയടിക്കാൻ ‌ മോഡി സർക്കാർ അവസരമൊരുക്കുമ്പോൾ പൊതുസ്വത്ത്  സംരക്ഷിച്ച് കൂടുതൽ വികസനം നടപ്പാക്കുകയാണ് കേരള സർക്കാർ. ഈ മാതൃകയാണ് തിരുവനന്തപുരത്തിന്റെ കാര്യത്തിലും സർക്കാർ സമർപ്പിച്ചത്.
രാജ്യത്തിന്റെ പൊതുസ്വത്ത് വിറ്റഴിക്കുന്ന ഇത്തരം നിലപാടുകൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ  എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിറ്റഴിക്കുന്നതിനുള്ള തീരുമാനം അടിയന്തിരമായി പിൻ‌വലിക്കണമെന്നും സമീക്ഷ യുകെ ആവശ്യപ്പെട്ടു .ഇതിന്റെ ഭാഗമായി സമാനമനസ്‌ക‌രുമായി ചേർന്ന് പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകുമെന്നും സമീക്ഷ യുകെ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top