മനാമ > കേരള പിറവിയോട് അനുബന്ധിച്ച് ഇന്ത്യന്‍ സ്കൂളില്‍ മലയാള ഭാഷാ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂളിലെ മലയാള വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ ഓണ്‍ലൈനായി സംഘടിപ്പിച്ചത്. കേരള സംസ്ഥാനം രൂപീകൃതമായതിന്റെ ഓര്‍മയ്ക്കായാണ് മലയാളികള്‍ നവംബര്‍ ഒന്നിന് കേരള പിറവി ആഘോഷിക്കുന്നത്. ഇതിനോടനുബന്ധിച്ചു ഒരാഴ്ച നീണ്ട പരിപാടികളാണ് ഇന്ത്യന്‍ സ്കൂളില്‍ നടന്നത്. കോവിഡ്-19 ന്റെ സാഹചര്യത്തില്‍ ആറു മുതല്‍ പത്താം ക്ലാസ് വരെ മലയാളം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ നിന്നും ആഘോഷ പരിപാടികളില്‍ പങ്കെടുത്തു. മലയാള വിഭാഗം മേധാവി ബിസ്മി ജോമി പരിപാടിയുടെ ഏകോപനം നിര്‍വഹിച്ചു.
പ്രധാന അധ്യാപിക പാര്‍വ്വതി ദേവദാസും മലയാളം അധ്യാപകരും ഭാഷാ ദിന സന്ദേശം നല്കി. മലയാള ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ പ്രസംഗങ്ങള്‍, കവിതകള്‍, സംഗീത വിരുന്ന്, കേരള നടനം, പോസ്റ്ററുകള്‍ എന്നിവ ഉണ്ടായിരുന്നു. കേരളത്തിന്റെ പൈതൃകത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും ഒത്തൊരുമയെക്കുറിച്ചും പ്രതിപാദിച്ചുകൊണ്ടും പ്രകൃതിക്ഷോഭങ്ങളില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടും ഉള്ള പവര്‍ പോയന്റ് അവതരണം പരിപാടിയുടെ മുഖ്യ ആകര്‍ഷണമായിരുന്നു.
കലാപരവും സാഹിത്യപരവുമായ കഴിവുകള്‍ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനും മാതൃഭാഷാ പഠനം ഏറെ സഹായകരമാവുന്നുവെന്ന് ഇന്ത്യന്‍ സ്കൂള്‍ ചെയര്മാന് പ്രിന്‍സ് എസ് നടരാജന് തന്റെ സന്ദേശത്തില്‍ പറഞ്ഞു.
ആസ്വാദന ശേഷി വളരാനും സഹൃദയത്വവും നേടാനും മാതൃഭാഷാ പഠനം എറ്റവും അനിവാര്യമാണെന്ന് ഇന്ത്യന്‍ സ്കൂള്‍ സെക്രട്ടറി സജി ആന്റണി പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പിന്തുണയും മാര്‍ഗനിര്‍ദേശവും നല്കി വരുന്ന ഇന്ത്യന്‍ സ്കൂള്‍ അധ്യാപകരെ പ്രിന്‍സിപ്പല്‍ വിആര്‍ പളനിസ്വമി അഭിനന്ദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..