Deshabhimani

'സുഗതാഞ്ജലി' ആഗോള കാവ്യാലാപന മത്സരം: അഫ്‌സാനയും ശ്രാവണും നാദിയയും സൗദിയിലെ വിജയികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 26, 2024, 03:50 PM | 0 min read

ജിദ്ദ > മലയാള കവയിത്രി സുഗതകുമാരിയുടെ സ്മരണാർത്ഥം മലയാളം മിഷൻ  നടത്തിവരുന്ന സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിൻറെ സൗദി അറേബ്യ ചാപ്റ്റർ തല മത്സര വിജയികളെ പ്രഖ്യാപിച്ചു. സബ് ജൂനിയർ വിഭാഗത്തിൽ അഫ്‌സാന ഷായും (അൽഖസീം) ജൂനിയർ വിഭാഗത്തിൽ ശ്രാവൺ സുധീറും (ദമ്മാം) സീനിയർ വിഭാഗത്തിൽ നാദിയ നൗഫലും (ജിദ്ദ) ഒന്നാം സ്ഥാനം നേടി.

സബ് ജൂനിയർ വിഭാഗത്തിൽ സൗപർണിക അനിൽ (ദമ്മാം), ആഞ്‌ജലീന മരിയ ജോഷി (റിയാദ്) ജൂനിയർ വിഭാഗത്തിൽ ഇഹ്‌സാൻ ഹമദ് മൂപ്പൻ (ദമ്മാം), അൽന എലിസബത്ത് ജോഷി (റിയാദ്) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സീനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേഹാ പുഷ്പരാജാണ് (റിയാദ്) നേടിയത്. മലയാളം മിഷൻ സൗദി ചാപ്റ്ററിനു കീഴിലുള്ള റിയാദ്, ദമ്മാം, ജിദ്ദ, അൽഖസീം, തബൂക്ക്, നജ്‌റാൻ, അബഹ, ജിസാൻ എന്നീ മേഖലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 40 തോളം വിദ്യാർത്ഥികളാണ് ചാപ്റ്റർ തല മത്സരത്തിൽ പങ്കെടുത്തത്.    
 
സബ്‌ ജൂനിയർ, ജൂനിയർ, സീനിയർ എന്നീ മൂന്നു വിഭാഗങ്ങളിലായുള്ള മത്സരത്തിൽ യഥാക്രമം ചങ്ങമ്പുഴയുടെയും ബാലാമണിയമ്മയുടെയും ഇടശ്ശേരിയുടയും കവിതകളാണ് മത്സരാർത്ഥികൾ ചൊല്ലിയത്. പാലക്കാട് വിക്ടോറിയ കോളേജ്  മുൻ പ്രിൻസിപ്പാൾ ഡോ.പി.മുരളീധരൻ, എഴുത്തുകാരായ സബീന. എം .സാലി, ടോണി.എം. ആന്റണി, പി.ശിവപ്രസാദ് എന്നിവരായിരുന്നു വിധികർത്താക്കൾ.

മലയാളം മിഷൻ സൗദി ചാപ്റ്റർ  ചെയർമാൻ  താഹ കൊല്ലേത്ത്‌, മലയാളം മിഷൻ സൗദി ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫൻ, ചാപ്റ്റർ പ്രസിഡൻറ് പ്രദീപ് കൊട്ടിയം, കൺവീനർ ഷിബു തിരുവനന്തപുരം, വൈസ് പ്രസിഡൻറ് മാത്യു തോമസ് നെല്ലുവേലിൽ എന്നിവർ സംസാരിച്ചു. വിദഗ്‌ധ സമിതി വൈസ് ചെയർമാൻ ഡോ. രമേശ് മൂച്ചിക്കൽ, അംഗങ്ങളായ സീബ കൂവോട്, വി.കെ.ഷഹീബ എന്നിവർ മത്സര പരിപാടികൾ നിയന്ത്രിച്ചു. വിദഗ്‌ധ സമിതി ചെയർപേഴ്‌സൺ ഷാഹിദ ഷാനവാസ്, റഫീഖ് പത്തനാപുരം, നിഖില സമീർ, പ്രിയ വിനോദ്, സാജിദ മുഹമ്മദ് അലി, സുരേഷ് ലാൽ, നിഷ നൗഫൽ, ഷാനവാസ് കളത്തിൽ, പി.കെ.ജുനൈസ്, ഉബൈസ് മുസ്തഫ, ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
 
സൗദി ചാപ്റ്റർ തല മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ മൂന്നു മത്സര വിഭാഗങ്ങളിലേയും വിജയികൾക്ക് സൗദി ചാപ്റ്റർ കമ്മിറ്റി സാക്ഷ്യപത്രവും സമ്മാനവും നൽകി. ഇവരെ ആഗോള തല ഫൈനൽ മത്സരത്തിൽ പങ്കെടുപ്പിക്കുമെന്ന് ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫനും വിദഗ്‌ധ സമിതി ചെയർപേഴ്‌സൺ ഷാഹിദ ഷാനവാസും അറിയിച്ചു. "സുഗതാഞ്ജലി" ആഗോളതല മത്സരം മലയാളം മിഷൻ കേന്ദ്ര ഓഫീസിൻറെ നേതൃത്വത്തിൽ നവംബറിൽ നടത്തും. ആഗോള തല ഫൈനൽ മത്സരത്തിൽ മൂന്നു വിഭാഗത്തിലെയും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ ക്യാഷ് അവാർ‍ഡും സാക്ഷ്യപത്രവും മലയാളം മിഷൻ നൽകും.



deshabhimani section

Related News

View More
0 comments
Sort by

Home