11 August Tuesday

ഖഷോഗി വധം: ഘാതകർക്ക് മാപ്പ് നൽകിയതായി മക്കൾ

അനസ് യാസിൻUpdated: Friday May 22, 2020

മനാമ > പ്രശസ്ത പത്രപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ ഘാതകർക്ക് മാപ്പ് നൽകിയതായി മക്കൾ. റമദാൻ മാസത്തിന്റെ വിശുദ്ധി പരിഗണിച്ച് പിതാവിന്റെ കൊലപാതകികൾക്ക് മാപ്പ് നൽകിയതായി മകൻ സലാഹ് ഖഷോഗി ട്വീറ്റ് ചെയ്തു. മാപ്പ് നൽകുന്നവരോട് ദൈവം കൂടുതൽ കരുണ കാണിക്കുമെന്നും മക്കൾ എല്ലാവരും ഈ തീരുമാനം അംഗീകരിക്കുന്നതായും സലാഹ് കൂട്ടിച്ചേർത്തു.

2018 ഒക്ടോബർ 20ന് ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിലാണ് ഖഷോഗി കൊല്ലപ്പെട്ടത്. തന്റെ വിവാഹമോചന കേസുമായി ബന്ധപ്പെട്ട രേഖകൾ നൽകാൻ കോൺസുലേറ്റിൽ എത്തിയതായിരുന്നു അദ്ദേഹം. വാഷിംഗ്ടൻ പോസ്റ്റ് പത്രത്തിൽ കോളമിസ്റ്റായിരുന്നു ഖഷോഗി.

കേസിൽ കഴിഞ്ഞ ഡിസംബറിൽ സൗദി കോടതി അഞ്ചു പേരെ വധശിക്ഷക്കും മറ്റു മൂന്നു പ്രതികളെ 24 വർഷത്തെ ജയിൽ ശിക്ഷക്കും വിധിച്ചു. കേസിൽ വിധി പറയുന്ന സമയത്ത് യുഎൻ സുരക്ഷാ സമിതിയിലെ അഞ്ച് സ്ഥിരംഗങ്ങളുടെ എംബസി പ്രതിനിധികളും തുർക്കി എംബസി പ്രതിനിധികളും ഖഷോഗിയുടെ കുടുംബത്തിന്റെ പ്രതിനിധികളും കോടതിൽ ഉണ്ടായിരുന്നു.

കേസിൽ 11 പേർക്കെതിരെയായിരുന്നു വിചാരണ. റോയൽ കോർട്ട് ഉപദേശകൻ സൗദി ഖതഫതാനിനെ ചോദ്യം ചെയ്തിരുന്നെങ്കിലും കുറ്റം തെളിയിക്കാനാവാത്തതിൽ കുറ്റവിമുക്തനാക്കി. മുൻ ഡെപ്യൂട്ടി ഇന്റലിജൻസ് മേധാവി അഹമ്മദ് അൽ അസീരിയെയും തെളിവില്ലാത്തതിനാൽ വിട്ടയച്ചു.

വധശിക്ഷ സൗദി അറേബ്യൻ നിയമപ്രകാരം അനുവദനീയമാണ്. കുറ്റവാളിക്ക് മാപ്പ് നൽകാനോ ദയാവായ്പിനോ ഇരയുടെ കുടുംബത്തിന് അവകാശമുണ്ട്. കുറ്റവാളിക്ക് വധശിക്ഷ ലഭിക്കുന്നതിൽ നിന്ന് ഈ മാപ്പ് തടയുന്നു. എന്നൽ, വധശിക്ഷയ്ക്ക് ഇരയായയാളുടെ കുടുംബം നൽകിയ മാപ്പ് കുറ്റവാളിയാണെന്ന് കണ്ടെത്തിയതിന്റെ ഉത്തരവാദിത്തത്തിൽ നിന്നോ ശിക്ഷയിൽ നിന്നോ പ്രതിയെ ഒഴിവാക്കില്ല. കുറ്റവാളികളെ പൊതു നിയമപ്രകാരം ജയിലിടക്കും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top