08 July Wednesday

പ്രവാസികളുടെ മൃതദേഹത്തിന് വിലക്ക്: കേന്ദ്രത്തിനെതിരെ ഗൾഫിലെങ്ങും പ്രതിഷേധം

അനസ് യാസിൻUpdated: Friday Apr 24, 2020

മനാമ > പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത് തടഞ്ഞ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ഗൾഫിലെങ്ങും പ്രതിഷേധം ശക്തം. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ കാർഗോ വിമാനങ്ങളിൽ പോലും മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടു പോകുന്നതാണ് വ്യാഴാഴ്ച മുതൽ വിലക്കിയത്. കോവിഡ് ബാധിതമല്ലാത്ത മരണങ്ങൾക്കും ഡൽഹിയിലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിരാക്ഷേപ പത്രം (എൻഒസി) നിർബന്ധിതമാക്കിയിരിക്കയാണ്. ഇക്കാര്യം കേന്ദ്ര സർക്കാർ വിവിധ എയർ ലൈൻസുകളെ അറിയിച്ചു. ഇതോടെ നടപടിക്രമങ്ങൾ പൂർത്തിയായ മലയാളികളക്കം നിരവധി ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നത് അനിശ്ചിതത്വത്തിലായി.

ഇന്ത്യയിലെ ലോക്ഡൗൺ കാരണം നാളുകളായി ചരക്ക് വിമാനങ്ങളിലാണ് മൃതദേഹം കൊണ്ടു പോകുന്നത്. കോവിഡ്-19 പടർന്ന പശ്ചാത്തലത്തിൽ നിരവധി പ്രതികൂല സാഹചര്യങ്ങൾ അതിജീവിച്ചാണ് ഇത്തരം മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹ്യ പ്രവർത്തകർ പൂർത്തിയാക്കുന്നത്. ഗൾഫിലെ വിവിധ മോർച്ചറികളിൽ കോവിഡ് ബാധിച്ചല്ലാതെ മരിച്ച നിരവധി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതും കാത്ത് കഴിയുകയാണ്. ബഹ്റൈനിൽ മാത്രം നാല് ആന്ധ്രക്കാരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനായി മോർച്ചറിയിൽ കാത്തു കിടക്കുന്നുണ്ട്. നാട്ടിലയക്കുന്നതിന് ബന്ധപ്പെട്ട എംബസിയുടെ ക്ലിയറൻസ് വേണം. എന്നാൽ ഡൽഹിയിൽനിന്നുള്ള എൻഒസി ഹാജരാക്കാതെ ക്ലിയറൻസ് നൽകില്ലെന്ന് എംബസികൾ അറിയിച്ചത്.

കുവൈത്തിൽനിന്നും ആലപ്പുഴ മാവേലിക്കര സ്വദേശി വർഗ്ഗീസ് ജോർജ്ജ്, കോഴിക്കോട് മണിയൂർ സ്വദേശി വിനോദ് എന്നിവരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നത് അവസാന നിമിഷം മുടങ്ങി. ഇവരിൽ ഒരാൾ ഹൃദയാഘാതം മൂലവും മറ്റൊരാൾ മസ്തിഷ്‌കാഘാതത്തെ തുടർന്നുമായിരുന്നു മരിച്ചത്. കല കുവൈത്തായിരുന്നു മൃതദേഹങ്ങൾ നാട്ടിലയക്കാനുള്ള പ്രവർത്തനം നടത്തിയിരുന്നത. എന്നാൽ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നത് നിർത്തിവെക്കാൻ ഇന്ത്യൻ സർക്കാരിൽ നിന്നും തങ്ങൾക്ക് നിർദേശം ലഭിച്ചതായി ഖത്തർ എയർവേയ്സ് അധികൃതർ അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച യുഎഇയിൽ നിന്നും കൊണ്ടു പോയ മൃതദേഹങ്ങൾ ചെന്നെ വിമാന താവളത്തിൽ തടഞ്ഞുവെച്ചിരിക്കയാണ്.

പ്രവാസികളോട് പ്രതികാര മനോഭാവത്തോടെയാണ് കേന്ദ്രസർക്കാർ പെരുമാറുന്നന്നെും ഇതിനെിരെ ശക്തമായ പ്രതിഷേധമുയർത്തണമെന്നും വിവിധ പ്രവാസി സംഘടനകൾ അഭ്യർത്ഥിച്ചു. മൃതദേഹങ്ങളോട് അനാദരവ് കാട്ടുന്ന കേന്ദ്ര സർക്കാർ തീരുമാനം അടിയന്തിരമായി പിൻവലിക്കണമെന്ന് കല കുവൈറ്റ് ആവശ്യപ്പെട്ടു. പ്രവാസികളെ ദ്രോഹിക്കുന്ന സമീപനത്തിൽ നിന്നും മാറി കേന്ദ്ര സർക്കാർ തീരുമാനം തിരുത്തണമെന്ന് ബഹ്റൈൻ പ്രതിഭ ആവശ്യപ്പെട്ടു. പ്രവാസികളോട് ചെയ്യുന്ന കടുത്ത അനീതയാണിതെന്നും തീരുമാനം പുനപരിശോധിച്ച് അനുകൂല നടപടികൾ ഉണ്ടാകണമെന്നും കേരള സോഷ്യൽ സെന്റർ ആവശ്യപ്പെട്ടു. പ്രവാസികളോട് കേന്ദ്ര സർക്കാർ തുടരുന്ന അവഗണന ഉടൻ അവസാനിപ്പിക്കണമെന്ന് അബുദബി ശക്തി തീയറ്റേഴ്സ് ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top