15 July Wednesday

കോവിഡിനെ പ്രതിരോധിക്കാൻ ഷാർജയിൽ സ്മാർട്ട് അണുനശീകരണ കവാടങ്ങൾ

കെ എൽ ഗോപിUpdated: Saturday May 2, 2020

ഷാർജ > കോവിഡ് -19 നെ  പ്രതിരോധിക്കാൻ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള സ്മാർട്ട് അണുനശീകരണ  കവാടങ്ങൾ ഷാർജ പോലീസ് സ്ഥാപിച്ചു. ഇതു വഴി പ്രതിരോധ പ്രവർത്തനങ്ങൾ കുറേക്കൂടി ലളിതവും ശക്തവും ആക്കാനാണ് നീക്കം.

ഓഫീസുകൾ തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ഓഫീസ് ജോലിക്കെത്തുന്നവരെ പൂർണ്ണമായി അണുവിമുക്തമാക്കി ഓഫീസിൽ പ്രവേശിപ്പിക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി  ഷാർജ പോലീസ് ഇത് വിവിധ ഡിപ്പാർട്ട്മെന്റുകളിൽ സ്ഥാപിച്ചു. നവീനമായ ഈ അണുനശീകരണ കവാടങ്ങൾ പ്രാദേശികമായി നിർമ്മിച്ചതാണ് എന്നും ഫസ്റ്റ് ലഫ്റ്റനൻറ് എൻജിനീയർ ഹാനാദി ഖലീഫ അൽക്കബൂരി അറിയിച്ചു. ആളുകൾക്കും വാഹനങ്ങൾക്കുമായി പ്രത്യേകം കവാടങ്ങൾ ഷാർജ പോലീസിന്റെ ടെക്നിക്കൽ വർക്ക് ഷോപ്പുകളിൽ നിന്ന് നിർമ്മിച്ചെടുത്തിട്ടുണ്ട്.

സ്‌മാർട്ട് അണുനശീകരണ കവാടത്തിലൂടെ കടക്കുന്ന ഒരാളുടെ ദേഹത്ത് 10 സെക്കൻഡ് ഓളം അണുനശീകരണത്തിനായുള്ള സ്‌പ്രേ തളിക്കും. ഇതിനായി അധികാരികളുടെ അംഗീകാരം ലഭിച്ചതും, ശരീരത്തിന് ഹാനികരമല്ലാത്തതുമായ അണുനശീകരണ ലായനികൾ നിറച്ച പ്രത്യേകം ടാങ്കുകൾ കവാടത്തിനോടനുബന്ധിച്ചു സജ്ജമാക്കിയിട്ടുണ്ട്.

ഷാർജ ട്രാഫിക് ആൻഡ് പെട്രോൾ ഡിപ്പാർട്ട്മെൻറ്, ആംബുലൻസ് ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെൻറ് , ഷാർജ ജയിൽ,  സ്പെഷ്യൽ ടാസ്ക് ഫോഴ്സ്  ഡിപ്പാർട്ട്മെന്റ്  എന്നിവിടങ്ങളിലാണ് ഇപ്പോൾ ഈ കവാടങ്ങൾ ഉണ്ടാവുക.


പ്രധാന വാർത്തകൾ
 Top