05 July Tuesday

വിട വാങ്ങിയത് ആധുനിക യുഎഇയുടെ ശില്‍പ്പി

അനസ് യാസിന്‍Updated: Friday May 13, 2022
അബുദാബി > ആധുനിക യുഎഇയുടെ ശില്‍പ്പിയാണ് വിടവാങ്ങിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യന്‍. രാജ്യത്തെ ഇന്നു കാണുന്ന വികസനകുതിപ്പില്‍ എത്തിച്ചതില്‍ അദ്ദേഹത്തിന്റെ നയനിലപാടുകള്‍ നിര്‍ണായക പങ്കുവഹിച്ചു. രാജ്യത്തെ ജനങ്ങളുമായി ഈടുറ്റ ബന്ധം നിലനിര്‍ത്തിയ അദ്ദേഹം മലയാളികളടക്കമുള്ള പ്രവാസി സമൂഹത്തെ ചേര്‍ത്തുപിടിക്കുകയും യുഎഇയെ അവരുടെ ഇഷ്ടപ്പെട്ട ഇടമാക്കി മാറ്റുകയും ചെയ്തു. 
 
ആധുനി പൂര്‍വ്വ യുഎഇയുടെയും അതിനുശേഷമുള്ള യുഎഇയുടെയും സംസ്‌കാരിക, സാമൂഹിക, ജീവിത രീതികളിലും ഗതിവിഗതികളിലും അദ്ദേഹം കയ്യൊപ്പ് ചാര്‍ത്തി. അതുകൊണ്ടുതന്നെ ഷെയ്ഖ് സാഇദിനും ഷെയ്ാഖ് റാഷിദിനും ശേഷം ഏറ്റവും പ്രധാനപ്പെട്ട വ്യക്തിത്വമായാണ് അറബ് ലോകവും യുഎഇയും അദ്ദേഹത്തെ കാണുന്നത്. യുഎഇയുടെ ആധുനികവല്‍ക്കരണത്തില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. കഴിഞ്ഞ 18 വര്‍ഷത്തിനിടെ തന്റെ രാജ്യത്തെ ബിസിനസ്സിനും വ്യാപാരത്തിനുമുള്ള ആഗോള കേന്ദ്രമായി, കഴിവുകള്‍ക്കും നിക്ഷേപത്തിനുമുള്ള ആകര്‍ഷകമായ ലക്ഷ്യസ്ഥാനമായി, അടുത്ത 50 വര്‍ഷത്തേക്ക് ആത്മവിശ്വാസത്തോടെ വീക്ഷിക്കുന്ന ശാക്തീകരിക്കപ്പെട്ട സമൂഹമായി നയിച്ച ദീര്‍ഘവീക്ഷണതമുള്ള രഭണാധികാരിയായിരുന്നു അദ്ദേഹം. 
 
1948 സെപ്റ്റംബര്‍ ഏഴിന് അബൂദബി എമിറേറ്റിലെ അല്‍ ഐനിലെ അല്‍ മുവൈജി കൊട്ടാരത്തിലായിരുന്നു ജനനം. അല്‍ ഐനിലെ ബനിയാസ് ഗോത്രത്തില്‍ ജനിച്ച ഷെയ്ഖ് ഖലീഫയുടെ പ്രാഥമിക വിദ്യാഭ്യാസം അല്‍ ഐന്‍ നഗരത്തിലായിരുന്നു. തുടര്‍ന്ന് സാന്‍ഹര്‍സ്റ്റിലെ റോയല്‍ മിലിട്ടറി അക്കാദമിയില്‍ നിന്ന് ബിരുദം നേടി. 1966ല്‍ പിതാവ് ഷെയ്ഖ് സായിദ് അബൂദബി ഭരണാധികാരിയായപ്പോള്‍ ഷെയ്ഖ് ഖലീഫ അല്‍ഐനില്‍ ഭരണാധികാരിയുടെ പ്രതിനിധിയായി. പില്‍ക്കാലത്ത് ജനങ്ങളുമായി ഈടുറ്റ ബന്ധം ഉണ്ടാക്കാന്‍ അദ്ദേഹത്തിന് ഈ പദവി വലിയ അളവില്‍ സഹായിച്ചു. 1969 ഫെബ്രുവരി ഒന്നിന് ഷെയ്ഖ് ഖലീഫയെ അബൂദബി കിരീടാവകാശിയായി നിയമിച്ചു. തൊട്ടടുത്ത ദിവസം അബുദബി പ്രതിരോധ വകുപ്പിന്റെ തലവനായി. 1971ല്‍ യുഎഇ രൂപീകൃതമായ ശേഷം അബുദബി യുഎഇ സായുധ സേനയുടെ കേന്ദ്രമായതോടെ പ്രതിരോധ സേനയുടെ മേല്‍നോട്ടവും ഷെയ്ഖ് ഖലീഫക്കായി. തുടര്‍ന്ന് നിരവധി സുപ്രധാന പദവികള്‍ അദ്ദേഹം വഹിച്ചു. 
 
പിതാവ് ഷെയ്ഖ് സായിദിനു കീഴില്‍ പ്രധാനമന്ത്രി, അബുദാബി മന്ത്രിസഭയുടെ തലവന്‍, പ്രതിരോധ മന്ത്രി, ധനമന്ത്രി സ്ഥാനങ്ങളും വഹിച്ചു. യുഎഇ മന്ത്രിസഭ പുനസംഘടിപ്പിച്ച ശേഷം അബുദാബി മന്ത്രിസഭ അബൂദാബി എക്‌സിക്യൂട്ടീവ് കൗണ്‍സിലായി. 1973 ഡിസംബര്‍ 23ന് യുഎഇയുടെ രണ്ടാം ഉപപ്രധാനമന്ത്രിയും 1974 ജനുവരി 20ന് അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായി.
 
1976ല്‍ യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി കമാന്‍ഡര്‍. 1980 സുപ്രീം പെട്രോളിയം കൗണ്‍സിലില്‍ തലവനായി. പിതാവിന് ആരേഗ്യകരമായ ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ 2004വരെ യുഎഇ പ്രസിഡന്റിന്റെ പദവി ഇല്ലാതെ തന്നെ രാജ്യത്തെ ഭരണചുമതല നിറവേറ്റി. തന്റെ പിതാവും യുഎഇയുടെ സ്ഥാപക പിതാവുമായ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പിന്‍ഗാമിയായി 2004 നവംബര്‍ 3 ന് സുപ്രീം കൗണ്‍സില്‍ ഷെയ്ഖ് ഖലീഫയെ പ്രസിഡന്റായി തിരഞ്ഞെടുത്തു. പിതാവിന്റെ ചുവടുകള്‍ പിന്തുടര്‍ന്ന്, വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ രാജ്യത്തെ നയിക്കാന്‍ ഷെയ്ഖ് ഖലീഫയ്ക്ക് കഴിഞ്ഞു.
 
2014 ജനുവരിയില്‍ പക്ഷാഘാതം സംഭവിച്ചെങ്കിലും ആരോഗ്യനില വീണ്ടെടുത്തിരുന്നു. രാജ്യത്തെ നയിക്കുക മാത്രമല്ല, ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പ്രക്ഷുബ്ധമായ വര്‍ഷങ്ങളിലും അറബ് വസന്തത്തിന്റെ കാലഘട്ടത്തിലും ഗള്‍ഫിനെ അഭിവൃദ്ധിയിലേക്കും സ്ഥിരതയിലേക്കും നയിക്കാനും ഷെയ്ഖ് ഖലീഫ സഹായിച്ചു. സമാനതകളില്ലാത്ത വേഗത്തിന്റെയും വികസനത്തിന്റെ വ്യാപ്തിയുടെയും വിജയഗാഥയായ യുഎഇയെ ഇന്നത്തെ അവസ്ഥയിലാക്കുന്ന അഭൂതപൂര്‍വമായ മാറ്റങ്ങള്‍ക്ക് അദ്ദേഹം മേല്‍നോട്ടം വഹിച്ചു. 2004 മുതല്‍, യുഎഇ ജീവിത നിലവാരത്തില്‍ ത്വരിതഗതിയിലുള്ള ഉയര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചു, ഇത് രാജ്യത്തെ മിക്ക ആഗോള വികസന സൂചികയിലും ഒന്നാമതെത്തിച്ചു. സ്ത്രീകളുടെയും യുവാക്കളുടെയും ശാക്തീകരണത്തിന് മുന്‍ഗണന നല്‍കിയിരുന്നു. സ്ത്രീകള്‍ക്ക് മന്ത്രിസഭയില്‍ പങ്കാളിത്തം നല്‍കുകയും പൊതുമേഖലയില്‍ പ്രാതിനിധ്യം നല്‍കുകയും ചെയ്തു. ഇന്ന് മിഡില്‍ ഈസ്റ്റില്‍ ഏറ്റവും കൂടുതല്‍ വനിതാ മന്ത്രിമാര്‍ ഉള്ളത് യുഎഇയിലാണ്-ഒന്‍പത് പേര്‍. 2005 ലെ യുഎഇയുടെ 34ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച രാഷ്ട്രീയ ശാക്തീകരണ പരിപാടിയാണ് ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിലേക്കുള്ള ആദ്യ തിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്്. 
 
പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ദിവസം മുതല്‍, യുഎഇയെ രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും മാറ്റിമറിച്ച പ്രധാന പദ്ധതികള്‍ക്കും സംരംഭങ്ങള്‍ക്കും ഷെയ്ഖ് ഖലീഫ നേതൃത്വം നല്‍കി. 2006 ഫെബ്രുവരിയില്‍ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ പുതിയ കാബിനറ്റിനെ നിയമിച്ചതോടെ, സര്‍ക്കാരിലും സമ്പദ്‌വ്യവസ്ഥയിലും വലിയ ഘടനാപരമായ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കി. സാമ്പത്തിക വൈവിധ്യവല്‍ക്കരണം വേഗത്തിലാക്കാനായി ഊര്‍ജ മേഖല, എണ്ണ, വാതകം, താഴേത്തട്ടിലുള്ള വ്യവസായങ്ങള്‍ എന്നിവയുടെ വികസനത്തില്‍ അദ്ദേഹം പ്രത്യേക ശ്രദ്ധ ചെലുത്തി. യുഎഇയെ പുനരുപയോഗിക്കാവുന്നതും ശുദ്ധവുമായ ഊര്‍ജത്തിന്റെ മേഖലാ കേന്ദ്രമാക്കി മാറ്റിയ അറബ് മേഖലയിലെ ആദ്യത്തെ മള്‍ട്ടിയൂണിറ്റ് ആണവനിലയത്തിന്റെ വിജയകരമായ പ്രവര്‍ത്തനവും അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശത്തിന്‍ കീഴില്‍ അരങ്ങേറി. 
 
875 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം. ഒരു രാഷ്ട്രതലവന്‍ കൈകാര്യം ചെയ്യുന്ന ഏറ്റവും വലിയ സോവറിന്‍ വെല്‍ത്ത് ഫണ്ടാണിത്. 
 
അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ബഹിരാകാശത്തും യുഎഇ ചുവട് വെച്ചു. പട്ടിണി, ദാരിദ്ര്യം, രോഗം, നിരക്ഷരത എന്നിവയ്‌ക്കെതിരെ പോരാടുന്നതിന് സംഭാവന നല്‍കി  ലോകമെമ്പാടുമുള്ള ദരിദ്രരുടെ ആശ്വാസത്തിന് സംഭാവന നല്‍കിയ  മഹാനായ മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹം. ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികളെയും കുടിയിറക്കപ്പെട്ടവരെയും ദുരിതബാധിതരെയും സഹായിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഏജന്‍സികളുടെ ഒരു പ്രധാന ദാതാവായിരുന്നു. 
 
രാജ്യത്തെ മതേതര, പുരോഗമന സ്വാഭാവം പരിപോഷിപ്പിക്കുകയും സഹിഷ്ണുതക്കായി ഒരു വകുപ്പ് തന്നെ രൂപീകരിക്കുകയും ചെയ്തു. മലയാളി സമൂഹത്തോട് വളരെ അടുപ്പവും ഊഷ്മള ബന്ധവും അദ്ദേഹം പുലര്‍ത്തി. അദ്ദേഹത്തിന്റെ ഓഫീസിലും കൊട്ടാരത്തിലുമായി നിരവധി മലയാളികളാണ് ജോലി ചെയ്യുന്നത്. 

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top