മസ്കത്ത് > ഒമാനിലെ പ്രമുഖ വ്യവസായിയും കിംജി രാംദാസ് ഗ്രൂപ്പ് കമ്പനികളുടെ ഡയരക്ടറുമായ ഷെയ്ഖ് കനക്സി ഗോഖല്‍ദാസ് ഖിംജി (85) നിര്യാതനായി.
ഒമാന്റെ വ്യവസായിക വളര്‍ച്ചയില്‍ നിര്‍ണായക പങ്കാണ് 144 വര്‍ഷത്തോളം പഴക്കമുള്ള ഖിംജി രാംദാസ് (കെആര്‍) ഗ്രൂപ്പും കനക്സി ഖിംജിയും വഹിച്ചത്. അദ്ദേഹം നല്കിയ സംഭാവനകള്‍ പരിഗണിച്ച് ഒമാന്‍ പൗരത്വവും ഷെയ്ഖ് പദവിയും നല്‍കിയിരുന്നു. ഒമാനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ കാരണവരായിരുന്നു. അദ്ദേഹത്തെ എല്ലാവരും സ്നേഹപൂര്‍വ്വം കനക് ഭായ് എന്നാണ് വിളിച്ചിരുന്നത്. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതില്‍ അദ്ദേഹം ശ്രദ്ധേയ പങ്കാളിത്തം വഹിച്ചു.
1936ല്‍ മസ്കത്തില് ജനിച്ച ഖിംജി മുംബൈയിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് 1970ല്‍ കുടുംബ ബിസിനസിന്റെ നേതൃസ്ഥാനം ഏറ്റെടുത്തു. അദ്ദേഹം വൈവിധ്യവത്കരണത്തന്റെ വഴിയിലേക്ക് ബിസിനസിനെ തിരിച്ചുവിട്ടു. ഇന്ന് വിവിധ മേഖലകളില്‍ ഖിംജി രാംദാസ് ഗ്രൂപ്പ് വ്യാപിച്ചു കിടക്കുന്നു. ഷിപ്പിംഗ്, നിര്‍മാണ സാമഗ്രികള്‍, ചായ, കോഫി, പഞ്ചസാര, മാവ് മുതല്‍ തുണിത്തരങ്ങള്‍, ആഡംബര വസ്തുക്കള്‍ തുടങ്ങി വിവിധതരം ചരക്കുകളും പ്രവര്‍ത്തനങ്ങളും ഖിംജി രാംദാസ് ഗ്രൂപ്പ് കൈകാര്യം ചെയ്യുന്നു. പ്രതിവര്‍ഷം ഒരു ശതകോടിയിലേറെ ഡോളറാണ് ഗ്രൂപ്പിന്റെ വിറ്റുവരവ്. നാനൂറിലധികം ആഗോള ബ്രാന്‍ഡുകളുടെ ഒമാനിലെ വിപണന പങ്കാളിയുമാണ് ഗ്രൂപ്പ്.
ഒമാനിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ അദ്ദേഹത്തിന്റെ സേവനങ്ങള്‍ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. ഒമാന്‍ ഇന്ത്യന്‍ സ്കൂള്‍ സ്ഥാപിച്ചത് കനക്സി ഖിംജിയാണ്. കലാ സാംസ്കാരിക പ്രവര്‍ത്തനം നടത്തുന്നതിനായി ഇന്നത്തെ ഇന്ത്യന്‍ സോഷ്യല്‍ക്ലബിന്റെ ആദ്യ രൂപമായ ഇന്ത്യന്‍ കള്‍ചറല്‍ അസോസിയേഷന് സ്ഥാപിക്കാന്‍ നേതൃത്വം നല്കി. ആരാധനയ്ക്കും മരണാനന്തര കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും നൂറ്റാണ്ട് മുമ്പുതന്നെ സ്ഥാപിച്ച സംവിധാനങ്ങള്‍ക്ക് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു. ഒമാന്‍ ക്രിക്കറ്റ് ക്ലബിെന്റ സ്ഥാപക ചെയര്‍മാനായിരുന്നു.
പ്രവാസി ഭാരതീയ ദിവസ ആരംഭിച്ച ആദ്യ സമ്മേളനത്തില്‍ തന്നെ അദ്ദേഹത്തിന് പ്രഥമ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം നല്കി ഇന്ത്യ ആദരിച്ചു. സമാനമായ അംഗീകാരങ്ങള്‍ ഒമാന്‍ സര്‍ക്കാറും അദ്ദേഹത്തിന് നല്കി.
കനക്സി ഖിംജിയുടെ നിര്യാണത്തില്‍ ഒമാനിലെ വിവിധ തുറകളിലുള്ളവര്‍ അനുശോചിച്ചു. ഉഭയകക്ഷി സഹകരണത്തിന് വലിയ പങ്കാളിത്തം വഹിച്ച വ്യക്തിയായിരുന്നു ഷെയ്ഖ് കനക്സി ഖിംജിയെന്ന് ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവര്‍ അനുസ്മരിച്ചു.
ഷെയ്ഖ് ഖിംജിയുടെ വേര്‍പാട് അക്ഷരാര്‍ത്ഥത്തില്‍ നികത്താനാവാത്ത ഒരു വിടവാണെന്ന് പ്രവസാി ക്ഷേമ ബോര്‍ഡ് ഡയരക്ടര്‍ പിഎം ജാബിര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അദ്ദേഹത്തിന് വലിപ്പ ചെറുപ്പമുണ്ടായിരുന്നില്ല. എല്ലാവരോടും സമഭാവനയോടെ ഇടപെട്ടു. സാധാരണക്കാരായ പ്രവാസികളുടെ വിഷയം കണ്ടറിഞ്ഞ് കയ്യയച്ച് സഹായിച്ചു. ഒമാനിലെയും ഇന്ത്യയിലെയും ഭരണ നേതൃത്വങ്ങളോട് അദ്ദേഹം വളരെ അടുപ്പം പുലര്‍ത്തിയിരുന്നുവെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ആദര സൂചകമായി ഇന്ത്യന്‍ സ്കൂളുകള്‍ വ്യാഴാഴ്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അവധി നല്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..