26 February Wednesday

"ഒരക്ഷരം സമ്മാനിക്കൂ... ഒരു സംസ്കാരത്തെ സംരക്ഷിക്കൂ...'; മലയാളം മിഷൻ ഷാർജ പ്രവേശനോത്സവം സംഘടിപ്പിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 28, 2020

ഷാർജ>  ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി ഒന്നിന് മലയാളം മിഷൻ ഷാർജ പ്രവേശനോത്സവം സംഘടിപ്പിക്കും. ഓരോ പഠിതാവും ഒരു അക്ഷരം സമ്മാനിച്ചുകൊണ്ട് മലയാള ഭാഷയോടുള്ള ഐക്യം ഊട്ടിയുറപ്പിക്കുന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ടാണ്‌ പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്‌. 

ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഒരുക്കുന്ന  അക്ഷരമരത്തിൽ ഓരോ പഠിതാവും ഒരു അക്ഷരവുമായി എത്തി അക്ഷരമരം അലങ്കരിക്കും. നല്ല നാളേക്ക് വേണ്ടിയുള്ള കണ്ണികളാകുവാൻ വളരുന്ന തലമുറയെ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു ആശയം മുന്നോട്ടുവെക്കുന്നതെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.

പ്രവേശനോത്സവത്തിന്റെ ഭാഗമായി മേഖലയിലെ പഠനകേന്ദ്രങ്ങൾ സജീവമായ ഒട്ടേറെ പ്രവർത്തനങ്ങളിലാണ് ഏർപ്പെട്ടിരിക്കുന്നത്.  ഫെബ്രുവരി ഒന്നിന് വൈകിട്ട് 7 മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിലാണ് പ്രവേശനോത്സവം നടക്കുന്നത്. മലയാളം മിഷൻ ഗവേണിങ് ബോഡി അംഗവും, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ കെ പി രാമനുണ്ണി ചടങ്ങിൽ മുഖ്യാതിഥിയാകും. അസോസിയേഷനു കീഴിലുള്ള വിവിധ സംഘടനകളും, മേഖലയിലെ വിവിധ പഠന കേന്ദ്രങ്ങളും ചേർന്നാണ് പ്രവേശനോത്സവം ഒരുക്കുന്നത്.
 


പ്രധാന വാർത്തകൾ
 Top