Deshabhimani

വൈഫൈ ഷെയർ ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി ടെലികോം കമ്പനികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 20, 2024, 12:29 PM | 0 min read

മസ്‌കത്ത്‌ > താമസ - വാണിജ്യ യൂനിറ്റിന് പുറത്തുള്ളവർക്ക് ഇന്റർനെറ്റ് സേവനങ്ങൾ വിതരണം നടത്തുന്നത് കർശനമായി നിരോധിച്ച് ഒമാൻ. വൈഫൈ കണക്ഷൻ നൽകിയിട്ടുള്ള താമസ കെട്ടിടങ്ങളിലും വാണിജ്യ സ്ഥാപനങ്ങളിലും പുറത്തുള്ളവരുമായി വൈഫൈ ഷെയറിങ് നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ടെലികോം കമ്പനികൾ രം​ഗത്തെത്തി.

പണം ഈടാക്കിയും മറ്റും വൈഫൈ വിൽപ്പന നടത്തുന്നതും പുനർവിതരണം നടത്തുന്നതും നിയമവിരുദ്ധമാണെന്നും പിടിക്കപ്പെട്ടാൽ ഉപഭോക്താക്കളുമായുള്ള സേവന കരാർ അവസാനിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾക്ക് കാരണമാകുമെന്നും കമ്പനികൾ മുന്നറിയിപ്പ് നൽകി.

കരാർ ചെയ്ത പാർപ്പിട-വാണിജ്യ യൂണിറ്റിന് പുറത്തുള്ളവർക്ക് ഇന്റർനെറ്റ് സേവനങ്ങൾ പുനർവിതരണം നടത്തുന്നതും പുനർവിൽപന നടത്തുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു. ഇത് ടെലികമ്യൂണിക്കേഷൻ റഗുലേറ്ററി നിയമത്തിന്റെ ലംഘനമാണ്. നിലവിലെ സേവനം റദ്ദാക്കുന്നതിനൊപ്പം ടെർമിനേഷൻ നിരക്ക് ഈടാക്കുകയും ചെയ്യും. മാത്രമല്ല, നിശ്ചിത കാലയളവിലേക്ക് ഏതെങ്കിലും ടെലികമ്യൂണിക്കേഷൻ കമ്പനിയിൽ നിന്ന് ഇന്റർനെറ്റ് സേവനങ്ങൾ സ്വീകരിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്യും.

ഇത്തരത്തിലുള്ള നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കുന്നതിന് ഇന്റർനെറ്റ് ഉപയോക്താക്കൾ നിയമം പാലിക്കണമെന്നും ലൈസൻസുള്ള ടെലികമ്യൂണിക്കേഷൻ കമ്പനികളിൽ നിന്ന് മാത്രം ഇന്റർനെറ്റ് സേവനങ്ങൾ നേടണമെന്നും ദാതാക്കൾ മുന്നറിയിപ്പ് നൽകുന്നു. ഒമാനിൽ ടെലികോം സേവനങ്ങൾ നൽകുന്നതിന് ലൈസൻസുള്ള 16 ഓപ്പറേറ്റർമാരാണ് ഉള്ളത്. 2ജി മുതൽ 4ജി വരെയുള്ള എല്ലാ സേവന വിഭാഗങ്ങളിലുമായി 15,000 ടെലികോം ടവറുകളാണ് സ്ഥാപിച്ചിട്ടുള്ളത്.

പൊതുസ്ഥലങ്ങളിലെ വൈഫൈ ഉപയോഗിക്കുന്നവരും ജാഗ്രത പുലർത്തണം. രാജ്യത്തെ ഷോപ്പിംഗ് മാളുകൾ, വിമാനത്താവളങ്ങൾ, ഹോട്ടലുകൾ, കഫെ ഷോപ്പുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ സൗജന്യ ഇന്റർനെറ്റ് സേവനം നൽകുന്നുണ്ട്. ഇത്തരം ഓപ്പൺ നെറ്റ്‌വർക്കുകളിലേക്ക് പ്രവേശിക്കുമ്പോൾ വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കാൻ പാടില്ല. മൊബൈലുകളിലും ലാപ്‌ടോപ്പുകളിലും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ലഭ്യമാകുന്നവർ കൂടുതൽ ജാഗ്രത പുലർത്തണം. ഓപ്പൺ വൈഫൈ ഉപയോഗിക്കുമ്പോൾ വളരെ ജാഗ്രത പാലിക്കണം.



deshabhimani section

Related News

0 comments
Sort by

Home