കുവൈത്ത് സിറ്റി > കുവൈത്തിൽ പ്രവാസികൾ നൽകേണ്ട മൊത്തം കടങ്ങളും പിഴകളും സേവന ഫീസും ഏകദേശം 50 കോടി ദിനാർ വരുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു . മരണമടഞ്ഞവർ, നാട് കടത്തപ്പെട്ടവർ, നാട്ടിൽ പോയി തിരികെ വരാത്തവർ എന്നിവരിൽ നിന്നായി വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട പിഴയിനത്തിൽ 300 കോടിയോളം ദിനാറാണ് രാജ്യത്തിന് കിട്ടാക്കടമായി ലഭിക്കാനുള്ളത്. പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദിന്റെ നിർദ്ദേശ പ്രകാരം സർക്കാർ തലത്തിൽ ഏകോപനം നടത്തി ഒരു സംയോജന സംവിധാനത്തിലൂടെ കിട്ടാകടങ്ങളുടെ പ്രതിസന്ധി അവസാനിപ്പിക്കുവാൻ തീരുമാനമായത് .
പ്രവാസികൾ അടയ്ക്കാനുള്ള കുടിശ്ശികകൾ പിരിക്കുന്നതിനായി ബന്ധപ്പെട്ട സർക്കാർ ഏജൻസികളെ തമ്മിൽ ലിങ്ക് ചെയ്യാൻ വിവിധ അതോറിറ്റികളുമായി നടത്തിയ ചർച്ചയ്ക്കുശേഷം തിരുമാനിക്കുകയായിരുന്നു. നിലവിൽ രാജ്യത്ത് നിന്ന് പുറത്തു പോകുന്ന പ്രവാസികളിൽ നിന്ന് കുടിശ്ശിക പിരിച്ചെടുക്കണമെന്ന് തിരുമാനിച്ച സർക്കാർ ഏജൻസികളുടെ എണ്ണം നാലായി ഉയർന്നു . ആഭ്യന്തരം, ജല വൈദ്യുതി, ടെലകമ്മ്യൂണിക്കേഷൻ, നീതിന്യായം തുടങ്ങിയവയാണ് ഈ തിരുമാനം നടപ്പിലാക്കിയിരിക്കുന്നത്. സമീപ ദിവസങ്ങളിൽ ഇത് ആരോഗ്യ മന്ത്രാലയം , മുനിസിപ്പാലിറ്റി, വാണിജ്യ മന്ത്രാലയം, പരിസ്ഥിതി സംരക്ഷണ സമിതി , മുതലായ സർക്കാർ ഏജൻസികളുമായി ബന്ധപ്പെട്ട പിഴ കുടിശികകൾ പിരിച്ചെടുക്കുന്നതിനും ബാധകമാക്കും
രാജ്യത്ത് നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് മുമ്പായി വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട പിഴകൾ അടച്ചു തീർക്കുന്നതിനു അതാത് മന്ത്രാലയങ്ങൾ വിമാത്താവളത്തിൽ പ്രത്യേക കൗണ്ടറുകൾ ആരംഭിച്ചിട്ടുണ്ട്. ഇതിനു പുറമെ മന്ത്രാലയങ്ങളുടെ വെബ് സൈറ്റുകൾ, ഓഫീസുകൾ,സാഹൽ ആപ്പ് എന്നിവ വഴിയും പിഴ കുടിശിക അടച്ചു തീർക്കുവാനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..