25 June Tuesday

സൗദിയില്‍ അക്കൗണ്ടിങ് ജോലികളിലേക്കും സ്വദേശിവല്‍ക്കരണം; ധാരണപത്രം ഒപ്പുവച്ചു

അനസ് യാസിന്‍Updated: Thursday Mar 21, 2019

മനാമ
സൗദിയിൽ അക്കൗണ്ടിങ് ജോലികൾ സ്വദേശിവൽക്കരിക്കുന്നു. സ്വകാര്യമേഖലയിലെ 20,000 അക്കൗണ്ടിങ‌് തസ്തിക 2022 അവസാനത്തോടെ സൗദിവൽക്കരിക്കുകയാണ് ലക്ഷ്യം. ഇതിനായി തൊഴിൽ, സാമൂഹ്യവികസന മന്ത്രാലയം മാനവശേഷി വികസന നിധിയും സൗദി ഓർഗനൈസേഷൻ ഫോർ സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്സുമായി ധാരണപത്രം ഒപ്പുവച്ചു. 

ധാരണപത്ര പ്രകാരം പുതിയ സൗദി അക്കൗണ്ടന്റുമാർക്ക് പരിശീലനം നൽകുന്ന പദ്ധതി മാനവശേഷി വികസന നിധി നടപ്പാക്കും. സൗദി ഓർഗനൈസേഷൻ ഫോർ സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്സ് വഴി ധനസഹായം നൽകും. അക്കൗണ്ടിങ‌് മേഖലയിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങൾക്കും ധനസഹായം നൽകും.

അക്കൗണ്ടിങ‌് കമ്പനികളിലും ഓഫീസുകളിലും 50 ശതമാനംവരെ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള മാർഗ നിർദേശം വാണിജ്യ, നിക്ഷേപമന്ത്രി മാജിദ് അൽഖസബി പ്രഖ്യാപിച്ചു. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ചാണ് സൗദിവൽക്കരണം. ഇരുപതുവരെ ജീവനക്കാരുള്ള കമ്പനികളിലും ഓഫീസുകളിലും ഇരുപത‌് ശതമാനവും 21 മുതൽ 30 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ 25 ശതമാനവും 31 മുതൽ 100 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ 30 ശതമാനവും 101 മുതൽ 300 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ 40 ശതമാനവും 301 മുതൽ 400 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ 45 ശതമാനവും 401 ഉം അതിൽ കൂടുതലും ജീവനക്കാരുള്ള അക്കൗണ്ടിങ‌് കമ്പനികളിലും ഓഫീസുകളിലും 50 ശതമാനവുമാണ് സ്വദേശിവൽക്കരണം.

സൗദിയിൽ അക്കൗണ്ടിങ‌് കമ്പനികളിലും ഓഫീസുകളിലുമായി മലയാളികളടക്കം 1,70,000 ത്തോളം വിദേശികൾ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.
 


പ്രധാന വാർത്തകൾ
 Top