14 August Friday

കര്‍ഫ്യൂ പിന്‍വലിക്കുന്നു; സൗദി നാളെമുതൽ സാധാരണ നിലയിലേക്ക്

അനസ് യാസിന്‍Updated: Saturday Jun 20, 2020

മനാമ > മൂന്നു മാസത്തെ കര്‍ഫ്യൂ അവസാനിപ്പിച്ച് സൗദി ഞായറാഴ്‌ച സാധാരണ നിലയിലേക്ക്. മക്ക ഒഴികെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും രാവിലെ ആറിന് കര്‍ഫ്യൂ പിന്‍വലിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എല്ലാ വാണിജ്യ, സാമ്പത്തിക പ്രവര്‍ത്തനങ്ങളും പൂര്‍ണ നിലയില്‍ പ്രവര്‍ത്തിക്കും.

മക്കയില്‍ രണ്ടാം ഘട്ട കര്‍ഫ്യൂ ഇളവുകള്‍ ഞായറാഴ്ച നിലവില്‍ വരും. മസ്ജിദുകളില്‍ ജുമുഅ, ജമാഅത്ത് നമസ്‌കാരങ്ങള്‍ പുനരാരംഭിക്കും. എന്നാല്‍, ഉംറ അനുവദിക്കില്ല. രാജ്യത്ത് കൊറോണവൈറസ് കേസുകളും മരണങ്ങളും ഗണ്യമായി വര്‍ധിച്ച പാശ്ചാത്തലത്തില്‍ കര്‍ശനമായ മുന്‍കരുതലുകളുമായാണ് കര്‍ഫ്യൂ പിന്‍വലിക്കുന്നത്. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും നിര്‍ബന്ധം. 50 പേരിലധികമുള്ള ആള്‍ക്കൂട്ടം പാടില്ല. അന്താരാഷ്ട്ര വിമാന സര്‍വീസിനും അതിര്‍ത്തി വഴിയുള്ള പ്രവേശനത്തിനും വിലക്ക് തുടരും. വൈറസ് വ്യാപനം തടയാനും ബോധവല്‍ക്കരണത്തിനുമുള്ള തവക്കല്‍നാ, തബാഉദ് ആപ്പുകള്‍ എല്ലാവരും മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും മന്ത്രലായം നിര്‍ദേശിച്ചു.

കൊറോണവൈറസ് ബാധ നിയന്ത്രിക്കാനായി മാര്‍ച്ച് 23ന് ഭാഗിക കര്‍ഫ്യൂ ആയാണ് സൗദിയില്‍ നിയന്ത്രണങ്ങള്‍ ആരംഭിച്ചത്. റിയാദും മക്കയും മദീനയും ഉള്‍പ്പെടെ നിരവധി പട്ടണങ്ങളും ഗവര്‍ണറേറ്റുകളും ദിവസങ്ങളോളം അടച്ചിട്ടു. സാമൂഹിക സമ്പര്‍ക്കം പരമാവധി കുറക്കാന്‍ ലക്ഷ്യമിട്ട് പെരുന്നാള്‍ അവധി ദിനങ്ങളില്‍ രാജ്യത്ത് സമ്പൂര്‍ണ കര്‍ഫ്യൂ ചുമത്തി.

രാജ്യം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനായി മെയ് 28 മുതല്‍ മൂന്നു ഘട്ടമായി കര്‍ഫ്യൂ ഇളവ് അനുവദിച്ച് മെയ് 26ന് ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിറക്കുകായിരുന്നു. ഒന്നാം ഘട്ടം മെയ് 30നും രണ്ടാം ഘട്ടം ജൂണ്‍ 20നും അവസാനിച്ചു. ജൂണ്‍ 21 ന് ആരംഭിക്കുന്ന പൂര്‍ണ ഇളവുകളുടെ മൂന്നാം ഘട്ടത്തില്‍ രാജ്യം സാധാരണ നിലയിലേക്ക് മാറുകയാണ്. സൗദിയില്‍ കോവിഡ് ബാധിച്ച  ഇതുവരെ 1,230 പേര്‍ മരിച്ചു. 1,54,233 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 98,917 പേര്‍ക്ക് രോഗം ഭേദമായി. 64 ശതമാനത്തിനു മുകളിലാണ് രോഗ മുക്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 45 മുകളിലാണ് പ്രതിദിന മരണം. ശനിയാഴ്ച കോവിഡ് ബാധിച്ച് 46 പേര്‍ മരിച്ചു. 3,941 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top