18 June Friday

സൗദി അതിര്‍ത്തികള്‍ തുറന്നു; അന്താരാഷ്‌ട്ര വിമാന സര്‍വീസ് പുനരാരംഭിച്ചു

അനസ് യാസിന്‍Updated: Monday May 17, 2021

മനാമ > 14 മാസത്തിനുശേഷം സൗദിയില്‍ നിന്നും അന്താരാഷ്ട്ര വിമാന സര്‍വീസ് തുടങ്ങി. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് കിംഗ് ഫഹദ് കോസ്‌വേ ഉള്‍പ്പെടെ രാജ്യത്തിന്റെ അതിര്‍ത്തി റോഡുകളും തുറമുഖങ്ങളും എയര്‍പ്പോര്‍ട്ടുകളും തുറന്നു.

സ്വദേശികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് പോകാനുണ്ടായിരുന്ന വിലക്കും നീങ്ങിയതോടെ വിമാനതാവളങ്ങളിലും കിംഗ് ഫഹദ് കോസ്‌വേയിലും  യാത്രക്കാരുടെ നീണ്ട നിരയായിരുന്നു. സൗദിക്കും ബഹ്‌റൈനുമിടയിലെ കിംഗ് ഫഹദ് കോസ്‌വേ സമീപകാലത്തെ ഏറ്റവും വലിയ തിരക്കിനാണ് സാക്ഷ്യം വഹിച്ചത്. രാത്രി 11 മുതലേ സൗദി ഭാഗത്ത് കണ്ണത്താ ദൂരം കാറുകളുടെ നീണ്ട നിര കാണാമായിരുന്നു. സൗദിയില്‍ നിന്നുള്ള ആദ്യ വിമാനം റിയാദ് കിംഗ് ഖാലിദ് വിമാനതാവളത്തില്‍ നിന്നും ബോസ്‌നിയന്‍ തലസ്ഥാനമായ സരേയൂവയിലേക്ക് പറന്നുയര്‍ന്നു. ഇന്ത്യ ഉള്‍പ്പെടെ 13 രാജ്യങ്ങളിലേക്ക് വിലക്കുള്ളതിനാല്‍ സര്‍വീസ് ഇല്ല.

തിങ്കളാഴ്ച മുതല്‍ സ്വദേശികള്‍ക്കും പരിമിതമായ രാജ്യങ്ങളിലേക്ക് വിദേശികള്‍ക്കും യാത്ര ചെയ്യാം. സ്വദേശികളില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍, ഒരു ഡോസ് എടുത്ത് 14 ദിവസം പൂര്‍ത്തിയാക്കിയവര്‍, കഴിഞ്ഞ ആറുമാസത്തിനിടെ കോവിഡ് മുക്തരായവര്‍, 18 വയസ്സിന് താഴെയുള്ളവര്‍ എന്നിവര്‍ക്കാണ് യാത്രക്ക് അനുമതി. യാത്രാനിരോധനം ഏര്‍പ്പെടുത്താത്ത രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഈ മാസം 20 മുതല്‍ സൗദിയില്‍ ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റയ്ന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 16 നാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് സൗദി നിരോധനം ഏര്‍പ്പെടുത്തിയത്. സെപ്തംബറില്‍ നിരോധനം ഭാഗികമായി പിന്‍വലിച്ചിരുന്നെങ്കിലും സ്വദേശികള്‍ക്ക് പുറത്ത് പോകാന്‍ അനുമതിയുണ്ടായില്ല. അതിര്‍ത്തികള്‍ കഴിഞ്ഞവര്‍ഷം ജൂലായ് തുറന്നിരുന്നെങ്കിലും ഡിസംബറില്‍ വീണ്ടും താല്‍ക്കാലികമായി അടച്ചു. ഈ വര്‍ഷം മാര്‍ച്ച് 31ന് വിദേശ സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചെങ്കിലും പുതിയ കോവിഡ് വകഭേദം ചില രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ തീരുമാനം നീട്ടി. ഫെബ്രുവരിയില്‍ ഇന്ത്യയും യുഎഇയും ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി വിലക്കുമേര്‍പ്പെടുത്തി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top