26 September Saturday

സൗദിയിൽ വിദേശ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് പ്രത്യേക ഇൻഷൂറൻസ്

അനസ് യാസിൻUpdated: Sunday Jul 19, 2020

മനാമ > സൗദിയിൽ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കാനായി പ്രത്യേക ഇൻഷൂറൻസ് പദ്ധതി നടപ്പാക്കുന്നു. പൂർണമായും സർക്കാർ ചെലവിലായിരിക്കും ഇൻഷൂറൻസ്. മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

സ്വകാര്യ സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയോ  പ്രതിസന്ധിയിലാകുകയോ ചെയ്താൽ വിദേശ തൊഴിലാളിക്ക് വേതന കുടിശ്ശികയും സർവീസ് ആനുകൂല്യങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയുണ്ട്. ഈ സാഹചര്യം ഒഴിവാക്കുകയാണ് ഇൻഷൂറൻസ് പരിരക്ഷ ലക്ഷ്യമിടുന്നത്. കമ്പനി പൂട്ടിയാലും ആനുകൂല്യം തൊഴിലാളിക്ക് നഷ്ടപ്പെടില്ല.

സ്വകാര്യ മേഖലക്ക് പുതിയ ഇൻഷൂറൻസ് പദ്ധതി ഒരു നിലക്കും ഭാരമാകില്ലെന്ന് മാനവ വിഭവശേഷി മന്ത്രി അഹമ്മദ് അൽ രജ്ഹി അറിയിച്ചു. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുകയാണ് ലക്ഷ്യം. സ്വകാര്യ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കാൻ ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

പദ്ധതി ആവിഷ്‌കരിക്കാനായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, ധനമന്ത്രാലയം, സൗദി അറേബ്യൻ നാണയ നധി (സമ) എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടുന്ന സമിതി രൂപീകരിക്കും. ഇൻഷൂറൻസ് നടപ്പാക്കാനായി സ്വകാര്യ മേഖലയിലെ സൗദി ഇതര തൊഴിലാളികളെ തരംതിരിക്കുക, ഇൻഷുറൻസ് നടപ്പാക്കാൻ ആവശ്യമായ നിയന്ത്രണങ്ങളും സംവിധാനങ്ങളും സജ്ജമാക്കുക, ഇൻഷൂറൻസ് കമ്പനികളുടെ നിരീക്ഷണ നിയമമനുസരിച്ച് ഇൻഷൂറൻസ് പോളിസിയുടെ മൂല്യം നിർണ്ണയിക്കുക എന്നിവ ഈ സമിതിയുടെ ഉത്തരവാദിത്വമായിരിക്കും.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top