15 October Tuesday

സൗദിയില്‍ ഫാര്‍മസി മേഖല സ്വദേശിവല്‍ക്കരിക്കുന്നു

അനസ് യാസിന്‍Updated: Friday Jul 5, 2019

മനാമ
ഫാർമസി മേഖലയിൽ സൗദി സ്വദേശിവൽക്കരണം ഊർജിതമാക്കുന്നു. അടുത്ത വർഷാവസാനത്തോടെ ഈ മേഖലയിൽ രണ്ടായിരം തസ്തികകൾ സ്വദേശിവൽക്കരിക്കാനാണ് തൊഴിൽ മന്ത്രാലയ തീരുമാനം. മരുന്നു വിപണന മേഖലയിൽ വിദേശികളെ ആശ്രയിക്കുന്നത് ഘട്ടം ഘട്ടമായി കുറക്കുകയാണ് ലക്ഷ്യം. സ്വകാര്യ മേഖലാ സ്ഥാപനങ്ങളുമായി കരാറുകൾ ഒപ്പുവച്ച് ഫാർമസി മേഖലയിൽ കൂടുതൽ സൗദികൾക്ക് തൊഴിൽ ലഭ്യമാക്കാൻ മന്ത്രാലയം ഊർജിതമായി ശ്രമിക്കുന്നുണ്ടെന്ന് തൊഴിൽ, സാമൂഹ്യ വികസന മന്ത്രി അഹ‌മദ് അൽറാജ്ഹി പറഞ്ഞു.

സൗദിയിലെ 40 ശതമാനം പേർക്ക് കഴിഞ്ഞ അഞ്ചു മാസത്തിനിടെ തൊഴിൽ ലഭ്യമാക്കി. സ്വകാര്യ മേഖലയിൽ 14,338 പേർ ജോലി ചെയ്യുന്നു. ഇതിൽ 12,256 പേർ വിദേശികൾ. ബാക്കി 2082 പേർ സ്വദേശികളാണ്. ഫാർമസ്യൂട്ടിക്കൽസ് ചില്ലറ വ്യാപാര മേഖലയിൽ 6753 പേരിൽ 804 പേരാണ് സ്വദേശികൾ. സെയിൽസ് ഏജൻസികളിൽ 6254 പേർ ജോലി ചെയ്യുന്നു. ഇതിൽ 1145 പേർ സ്വദേശികളാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

വിദേശ ഫാർമസിസ്റ്റുകളുടെ എണ്ണം പ്രതിവർഷം 6.7 ശതമാനം തോതിൽ കുറയ‌്ക്കാനുള്ള പദ്ധതിയാണ് തൊഴിൽ മന്ത്രാലയം നടപ്പാക്കാൻ തയ്യാറാകുന്നത്.  അഞ്ചു വർഷത്തിനുള്ളിൽ സൗദി ഫാർമസിസ്റ്റുകളുടെ എണ്ണത്തിൽ 149 ശതമാനം വർധന സൗദി ഹെൽത്ത് സ്പെഷ്യാൽറ്റീസ് കമീഷൻ പ്രതീക്ഷിക്കുന്നു. ഈ കാലയളവിൽ 12,377 സൗദി യുവാക്കൾ  കോഴ്സ് പൂർത്തിയാക്കി പുറത്തിറങ്ങും. 2027 ൽ സൗദിക്കാരുടെ എണ്ണം 222 ശതമാനം വർധിക്കുമെന്നാണ് പ്രതീക്ഷ. വിദേശികളുടെ എണ്ണത്തിൽ 54 ശതമാനം കുറവുണ്ടാകും.


പ്രധാന വാർത്തകൾ
 Top