05 April Sunday

സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് അനുമതി

അനസ് യാസിന്‍Updated: Sunday Feb 2, 2020

മനാമ > സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മാറ്റാന്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അനുമതി. ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും മന്ത്രാലയ ശാഖകള്‍ വഴി ഈ സേവനം ലഭിക്കും. ഇഖാമ ഒരു വര്‍ഷത്തില്‍ കൂടുതല്‍ പുതുക്കാത്ത ഗാര്‍ഹിക തൊഴിലാളികള്‍ക്കാണ് ഈ സേവനം ലഭിക്കുക.

സ്ഥാപനങ്ങളിലേക്ക്  മാറാനും പ്രൊഫഷന്‍ മാറ്റാനും ഗാര്‍ഹിക തൊഴിലാളികള്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് അറ്റസ്റ്റ് ചെയ്ത സമ്മതപത്രം നല്‍കണം. ഇതില്‍ സ്ഥാപനത്തിന്റെ പേരും സീലും സ്ഥാപനത്തിന്റെ ചുമതല വഹിക്കുന്ന വ്യക്തിയുടെ പേരും ഒപ്പും ലേബര്‍ ഓഫീസിലെ ഫയല്‍ നമ്പറും പതിച്ചിരിക്കണം. നിലവിലെ സ്പോണ്‍സറില്‍നിന്നുള്ള റിലീസ് ലെറ്ററും ഹാജരാക്കണം.

തൊഴിലാളിയുടെ സേവനം ആവശ്യമാണെന്ന് വ്യക്തമാക്കി സ്ഥാപനം നല്‍കുന്ന കത്തും ചേംബര്‍ ഓഫ് കൊമേഴ്സില്‍നിന്ന് സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കണം. പ്രൊഫഷന്‍മാറ്റ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ പുതിയ തൊഴിലുടമയുടെ കീഴില്‍ ജോലി ചെയ്യില്ലെന്ന സത്യവാങ്മൂലവും നല്‍കണം. അതേസമയം, സ്ഥാപനങ്ങളുടെ സ്പോണ്‍സര്‍ഷിപ്പിലുള്ള തൊഴിലാളികളുടെ കഫാല വ്യക്തികളുടെ പേരിലേക്ക് മാറ്റാന്‍ അനുവദിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു.


പ്രധാന വാർത്തകൾ
 Top