21 November Thursday

സമീക്ഷ യുകെയുടെ 17മത് ബ്രാഞ്ച്, നോർത്ത് ഈസ്റ്റ്‌ ഇംഗ്ലണ്ടിൽ

ജയൻ എടപ്പാൾUpdated: Monday Oct 14, 2019
ലണ്ടന്‍> ഇടതുപക്ഷ പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ പതിനേഴാമത് ബ്രാഞ്ച് ന്യൂകാസ്സിലിൽ നിലവിൽ വന്നു. സമീക്ഷ നോർത്ത് ഈസ്റ്റ്‌ ഇംഗ്ളണ്ട് എന്ന പേരിൽ നിലവിൽ വന്ന ബ്രാഞ്ചിൽ ന്യൂ കാസ്സിലിലെ അംഗങ്ങള്‍ക്ക്  പുറമെ, ഡാർലിംഗ്ടൺ, സണ്ടർലാൻഡ് എന്നിവിടങ്ങളിലെ അംഗങ്ങളെ  കൂടി ഉൾപ്പെടുത്തി സമീക്ഷ യുകെയുടെ ഒരു വലിയ ബ്രാഞ്ചാണ് ഒക്ടോബർ 12 ശനിയാഴ്ച ഉത്ഘാടനം ചെയ്യപ്പെട്ടത്.

സെപ്റ്റംബർ 7, 8 തീയതികളിൽ ലണ്ടൻ, ഹീത്രുവിൽ നടന്ന ദേശീയസമ്മേളനത്തിനു ശേഷം നിലവിൽ വന്ന ബ്രാഞ്ചിന്റെ ഉത്ഘാടനം സമീക്ഷ യുകെയുടെ ദേശീയ പ്രസിഡന്റ്‌ സ്വപ്നപ്രവീൺ നിർവഹിച്ചു.  ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, സമീക്ഷ നാഷണൽ കമ്മിറ്റി അംഗങ്ങളായ  ബിജു ഗോപിനാഥ്,  പ്രവീൺ രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

പുരോഗമന സാംസ്‌കാരിക ആശയങ്ങൾക്ക് നേതൃത്വം കൊടുക്കുകയും  സമകാലീന സാമൂഹിക കാര്യങ്ങളിൽ ഇടപെടുകായും ചെയ്യുന്ന സമീക്ഷയുടെ,  ഇംഗ്ളണ്ടിന്റെ നോർത്ത് ഈസ്റ്റ്‌ മേഖലയിലെ ആദ്യബ്രാഞ്ചാണ് ന്യൂകാസ്സിലിൽ രൂപം കൊണ്ടത്.

സമീക്ഷ യുകെ അടുത്ത മാസം തുടങ്ങുന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ  വിജയിപ്പിക്കുന്നതിന് മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി അഭ്യർത്ഥിച്ചു. അതോടൊപ്പം തന്നെ മലയാളം മിഷന്റെ ഭാഗമായി "എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം" എന്ന ഇടതുപക്ഷ സർക്കാരിൻറെ ക്യാമ്പയിൻ ഇംഗ്ളണ്ടിന്റെ നോർത്ത് ഈസ്റ്റ്‌ മേഖല കേന്ദ്രീകരിച്ചു തുടങ്ങുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് മലയാളം മിഷൻ യുകെയുടെ ജോയിന്റ് സെക്രട്ടറി കൂടിയായ സ്വപ്ന പ്രവീൺ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. മലയാളം മിഷൻ യുകെയുടെ നിലവിലെ പ്രസിഡന്റ്‌  മുരളിവെട്ടത്തിന്റെയുംസെക്രട്ടറി  എബ്രഹാം കുര്യന്റേയും,  സഹായത്തോടെ മലയാളം സ്കൂൾ തുടങ്ങാനുള്ള നടപടികൾക്ക്  തുടക്കം കുറിക്കാനും ബ്രാഞ്ച് സംയുക്തമായി തീരുമാനമെടുത്തു.  ബിജു ഗോപിനാഥ്‌ സ്വാഗതവും ഈസ്റ്റ് ഇംഗ്ലണ്ട് ബ്രാഞ്ച്വൈസ് പ്രസിഡന്റ്‌  വർഗീസ്‌ ഔസേപ്പ് നന്ദിയും പറഞ്ഞു..

ഉത്ഘാടനത്തോട് അനുബന്ധിച്ചു സമീക്ഷ യുകെയുടെ നോർത്ത് ഈസ്റ്റ്‌ ഇംഗ്ലണ്ട് ബ്രാഞ്ചിൽ പുതിയ നേതൃത്വം നിലവിൽ വന്നു . പ്രസിഡന്റ്‌- ടോജിൻ ജോസഫ്, സെക്രട്ടറി - എൽദോസ് പോൾ, ജോയിന്റ് സെക്രട്ടറി- പ്രസൂൺ രാഘവൻ, വൈസ് പ്രസിഡന്റ്‌ - വർഗീസ്‌ ഔസേപ്പ്, ട്രഷറർ - ബിനോയ്‌ മാത്യു.

 


പ്രധാന വാർത്തകൾ
 Top