13 November Wednesday

സമാജം ഓണാഘോഷം ശ്രദ്ധേയമാകുന്നു

അനസ്‌ യാസിൻUpdated: Thursday Sep 26, 2019

മനാമ > സംഗീത സാന്ദ്രവും നൃത്ത സമ്പുഷ്ടവുമായ പരിപാടികളോടെ ബഹ്‌റൈന്‍ കേരളീയ സമാജം ഓണാഘോഷമായ ശ്രാവണം 2019 പുരോഗമിക്കുന്നു. വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഓരോ ദിവസവും അരങ്ങിലെത്തുന്നത്.

നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനാണ് ഈ വര്‍ഷത്തെ ഓണാഘോഷം ഉദ്ഘാടനം ചെയ്തത്. ഇന്ത്യന്‍ എംബസി ഫസ്‌റ് സെക്രട്ടറി എന്‍കെ ചൗധരി, സ്വരലയ സെക്രട്ടറിയും കേരള മീഡിയ അക്കാദമി ചെയര്‍മാനുമായ ആര്‍എസ് ബാബു, സ്വരലയ പ്രസിഡന്റ് രാജ്‌മോഹന്‍, പ്രശസ്ത ഗായകന്‍ ഹരിഹരന്‍ എന്നിവര്‍ സംസാരിച്ചു.
യുവ ബിസിനസ് സംരഭകരായ വിപിന്‍ ദേവദാസ്, ഷൈന്‍ ജോയ് എന്നിവര്‍ക്ക് ചടങ്ങില്‍ 'ബികെഎസ് യങ് എന്റര്‍പ്രണേഴ്‌സ് അവാര്‍ഡ്' സ്പീക്കര്‍ സമ്മാനിച്ചു. സ്വരലയ  ദേവരാജന്‍ അവാര്‍ഡ് ഗായകന്‍ ഹരിഹന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ സമ്മാനിച്ചു.

ബികെഎസ് ബ്രഹ്മാനന്ദന്‍ അവാര്‍ഡ് ഗായകന്‍ മധു ബാലകൃഷ്ണന് ഹരിഹരനും സമ്മാനിച്ചു. സംീത സന്ധ്യയില്‍ ഹരിഹരന്‍, മധു ബാലകൃഷ്ണന്‍, നരേഷ് അയ്യര്‍, സിതാര, രാകേഷ് ബ്രഹ്മാനന്ദന്‍ എന്നിവര്‍ ഇമ്പമാര്‍ന്ന ഗാനങ്ങള്‍ ആലപിച്ചു.
ബുധനാഴ്ച അരങ്ങേറിയ ഡാന്‍സ്, ഒഎന്‍വി കവിതകളെ ആസ്പദമാക്കി കവിതാശില്പം, ആരവം ബാന്‍ഡ് അവതരിപ്പിച്ച നാടന്‍ പാട്ടുകള്‍ എന്നിവ ഹൃദ്യമായി.
വ്യാഴാഴ്ച വൈകീട്ട് ഓണാഘോഷ ചടങ്ങില്‍ ബികെഎസ് ഇന്‍ഡോ ബഹ്‌റൈന്‍ ഫ്രണ്ട്ഷിപ് അവാര്‍ഡ് സ്വദേശി ബിസിനസ്സുകാരനായ ഖാലിദ് ജുമാക്ക് സമ്മാനിക്കും. തുടര്‍ന്ന് ബോളിവുഡില്‍ നിന്നുള്ള പ്രശസ്തരായ നര്‍ത്തകന്‍ നീരവ്  ബെല്‍വെച്ചയും സംഘവും അവതരിപ്പിക്കുന്ന നൃത്ത പരിപാടി അരങ്ങേറും.
ഓണാഘോഷം രണ്ടാം ഘട്ടം വെള്ളിയാഴ്ച സമാപിക്കും. സമാപന പരിപാടിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാഥിതിയാകും. തുടര്‍ന്ന് കെഎസ് ചിത്ര, ഹരിശങ്കര്‍ ടിനി, വിജിത ശ്രീജിത്  എന്നിവര്‍ നയിക്കുന്ന സംഗീത നിശ.


പ്രധാന വാർത്തകൾ
 Top