Deshabhimani

60 വയസ്സ് കഴിഞ്ഞ പ്രവാസികളുടെ വിസ പുതുക്കുന്നതിനുള്ള നിയന്ത്രണം റദ്ദാക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 01, 2024, 06:59 PM | 0 min read

കുവൈത്ത്‌ സിറ്റി > യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്ത 60 വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് റെസിഡൻസി  പുതുക്കാൻ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം). 2021 ജനുവരി ഒന്ന് മുതൽ ഏർപ്പെടുത്തിയ നിയന്ത്രണമാണ് ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്‍റെ നിർദ്ദേശത്തെ തുടർന്നാണ്  ,പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്‍റെ ആർട്ടിക്കിൾ 1 പ്രകാരമുള്ള 294/2023 നമ്പർ തീരുമാനം റദ്ദാക്കാനുള്ള  സുപ്രധാനമായ  ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ 2021 ജനുവരിക്ക് മുൻപുള്ള സ്ഥിതി നിലവിൽ വന്നു.ഇത് പ്രകാരം നിലവിൽ രാജ്യത്ത് കഴിയുന്ന 60 വയസിനു മുകളിൽ പ്രായമായ ബിരുദധാരികൾ അല്ലാത്ത എല്ലാ  പ്രവാസികൾക്കും അധിക ഫീസ് നൽകാതെ  അവരുടെ  താമസ രേഖ  പുതുക്കാനോ മറ്റൊരു തൊഴിലുടമയ്ക്ക് കീഴിലേക്ക് മാറാനോ കഴിയും.  

60 വയസ്സ് കഴിഞ്ഞ പ്രവാസികളായ തൊഴിലാളികൾക്ക് ഹയർ സെക്കണ്ടറി വിദ്യാഭ്യാസമോ അതിൽ താഴെയോ ആണെങ്കിൽ നിബന്ധനകൾക്ക് വിധേയമായി റെസിഡൻസി പുതുക്കുന്ന തീരുമാനം 2021 ജനുവരിയിലാണ് നടപ്പിലായത്. എന്നാൽ ബിരുദമോ അതിന് മുകളിൽ യോഗ്യതയുള്ളവർക്ക് താമസ രേഖ പുതുക്കുന്നതിന് ഇളവ് നൽകിയിരുന്നു. നിയന്ത്രണ തീരുമാന പ്രകാരം പ്രവാസികൾക്ക് പ്രതിവർഷം 1000 ദിനാറോളം അധിക ചെലവ് വന്നിരുന്നു. വാർഷിക ആരോഗ്യ ഇൻഷുറൻസ് പോളിസിക്ക് 500 ദിനാർ, വർക്ക് പെർമിറ്റിന് 250 ദിനാർ, കൂടാതെ മറ്റ് അനുബന്ധ ചെലവുകളും ഇതിൽ ഉൾപ്പെട്ടിരുന്നു.ഇത് കടുത്ത സാമ്പത്തിക ബാധ്യത വരുത്തിയിരുന്നതിനാൽ മലയാളികൾ അടക്കമുള്ള നിരവധി പരിചയസമ്പന്നർ ഈ കാലയളവിൽ രാജ്യം വിട്ടുപോകേണ്ട അവസ്ഥ വന്നിട്ടുണ്ട്. വിഷയം രാജ്യത്തിന്‍റെ സൽപ്പേരിന് കളങ്കം ഏൽപ്പിച്ചതായി കഴിഞ്ഞ ആഴ്ച ആക്ടിങ് പ്രധാനമന്ത്രി പറഞ്ഞിരുന്നു. തീരുമാനം പുനഃപരിശോധിക്കാൻ പബ്ലിക് അതോറിറ്റി ഫോർ മാൻപവറിനോട് നിർദ്ദേശിച്ചതിന് പിന്നാലെയാണ് പഴയ ഉത്തരവ് പിൻവലിച്ചിരിക്കുന്നത്.നിബന്ധനകൾ പിൻവലിച്ചതോടെ പതിറ്റാണ്ടുകളുടെ അനുഭവപരിചയമുള്ള തൊഴിലാളികളെ രാജ്യത്ത് നിലനിർത്താനാകും. തീരുമാനം തൊഴിൽ വിപണിയെ പ്രതികൂലമായി ബാധിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

അടുത്തിടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ ആഭ്യന്തര മന്ത്രിയുമായ  ഷെയ്ഖ്   ഫഹദ് യൂസഫ് അസ്സബാഹിന്റെ നേതൃത്വത്തിൽ തൊഴിൽ വിപണി ഉയർത്താൻ നിരവധി തിരുത്തൽ നടപടികളാണ് സ്വീകരിച്ച് വരുന്നത്.ഗവൺമെൻറ് കരാറുകളിൽ നിന്ന് പ്രവാസി ജീവനക്കാരെ സ്വകാര്യ മേഖലയിലേക്ക് മാറ്റാനും വീട്ടുജോലിക്കാർക്ക് ഗാർഹിക വിസയിൽ നിന്ന് സ്വകാര്യ തൊഴിൽ വിസയിലേക്ക് മാറാനും അനുമതി നൽകിയിരുന്നു.പുതിയ നടപടികൾ പ്രാദേശിക തൊഴിൽ വിപണിയിൽ അനുഭവപ്പെടുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
 



deshabhimani section

Related News

0 comments
Sort by

Home