16 January Saturday

രാജ്യം വിടുമ്പോള്‍ തന്നെ എന്‍ട്രി പെര്‍മിറ്റും: ഖത്തറില്‍ പുതിയ സംവിധാനം നാളെ മുതല്‍

അനസ് യാസിന്‍Updated: Saturday Nov 28, 2020

മനാമ > ഖത്തറിലെ പ്രവാസികള്‍ക്ക് രാജ്യം വിടുമ്പോള്‍ തന്നെ തിരിച്ചു വരാനുള്ള എക്‌സപ്ഷണല്‍ എന്‍ട്രി പെര്‍മിറ്റ് ലഭ്യമാക്കുന്ന സംവിധാനം ഞായറാഴ്ച നിലവില്‍ വരും. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് ഐഡി ഉടമക്കോ തൊഴില്‍ ഉടമക്കോ എക്‌സപ്ഷന്‍ റീ എന്‍ട്രി പെര്‍മിറ്റിന്റെ പ്രിന്റൗട്ട്‌ എടുക്കാം. എന്നാല്‍, നിലവില്‍ ഖത്തറിന് പുറത്തുള്ളവര്‍ തിരിച്ചുവരാന്‍ ഖത്തര്‍ പോര്‍ട്ടല്‍ മുഖേന എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കണം.

അവധിക്ക് നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ഏറെ പ്രയോജനകരമാണ് പുതിയ തീരുമാനം. നിലവില്‍ എന്‍ട്രി പെര്‍മിറ്റ് കാലതാമസം കാരണം പലരും നാട്ടില്‍ പോകാന്‍ മടിക്കുകയാണ്. കോവിഡ്-19 കാരണം നിര്‍ത്തി വെച്ച ഇന്ത്യയിലെ ഖത്തര്‍ വിസ സെന്ററുകള്‍(ക്യുവിസി) ഡിസംബര്‍ മൂന്നിന് പുനരാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അപ്പോയിന്റ്‌മെന്റുകള്‍ സെന്ററുകളുടെ വെബ്‌സൈറ്റില്‍ ലഭിക്കും. കൊച്ചിയടക്കം ഇന്ത്യയില്‍ ഏഴ് ക്യുവിസികളാണ് പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ലക്‌നൗ, ഹൈദരാബാദ്‌, ചെന്നൈ എന്നിവിടങ്ങളിലാണ് മറ്റു സെന്ററുകള്‍.

ഖത്തറിലേക്കുള്ള പുതിയവിസ നടപടികള്‍ പൂര്‍ണമായും ക്യുവിസികള്‍ വഴിയാണ് നടത്തുന്നത്. കമ്പനികള്‍ക്ക് പുതിയ വിസക്ക് അപേക്ഷിക്കാന്‍ നവംബര്‍ 15 മുതല്‍ തൊഴില്‍ മന്ത്രാലയം അനുമതി നല്‍കിയിരുന്നു. എന്നാല്‍ ക്യുവിസികള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ പുതിയ വിസയില്‍ ഇന്ത്യക്കാര്‍ക്ക് വരാന്‍ കഴിഞ്ഞില്ല. ഖത്തര്‍- ഇന്ത്യ എയര്‍ ബബ്ള്‍ പ്രകാരം സാധുവായ വിസ ഉള്ളവര്‍ നിബന്ധനകള്‍ക്ക് വിധേയമായി ഖത്തറിലേക്ക് മടങ്ങി വരുന്നുണ്ട്.

ഞായറാഴ്ച മുതല്‍ തിരിച്ചെത്തുന്നവര്‍ക്ക് ക്വാറന്റയ്ന്‍ ഒരാഴ്ചക്കാലമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഹരിത പട്ടികയില്‍ വരുന്ന രാജ്യക്കാര്‍ക്ക് മാത്രമാണ് ഗാര്‍ഹിക ക്വാറന്റയ്ന്‍. ഇതില്‍ പെടാത്തവര്‍ക്ക് ഹോട്ടല്‍ ക്വാറന്റയ്ന്‍ നിര്‍ബന്ധം. പങ്കാളിത്ത ക്വാറന്റയ്ന്‍ രണ്ടാഴ്ചയാണ്. ഖത്തറിലേക്ക് വരുന്നതിന് 48 മണിക്കൂര്‍ മുന്‍പ് അംഗീകൃത ലാബുകളില്‍ കോവിഡ് പരിശോധന നടത്താത്തവര്‍ക്ക് ഖത്തറില്‍ എത്തിയാല്‍ പരിശോധന ഉണ്ടാകും. ഇവര്‍ക്ക് രാജ്യത്ത് എത്തി ആറാമത്തെ ദിവസവും പരിശോധന ഉണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top