02 July Thursday

പ്രവാസികളുടെ മടക്കം; രണ്ടാംഘട്ടത്തിലെങ്കിലും ഇടം കാത്ത് നിരവധി പേര്‍

അനസ് യാസിന്‍Updated: Friday May 15, 2020

മനാമ > ശനിയാഴ്‌ച‌യാരംഭിക്കുന്ന പ്രവാസികളെ തിരിച്ചുകൊണ്ടുപോകുന്നതിന്റെ രണ്ടാം ഘട്ടത്തിലെങ്കിലും ഉള്‍പ്പെടുമെന്ന പ്രതീക്ഷയില്‍ നിരവധി രോഗികളും ഗര്‍ഭിണികളും. ആദ്യ ഘട്ടത്തില്‍ തഴപ്പെട്ടവരാണ് ഇവിരില്‍ ഭൂരിഭാഗവും. അര്‍ഹരായ പലര്‍ക്കും യാത്ര നിഷേധിക്കപ്പെട്ടപ്പോള്‍ അനര്‍ഹര്‍ എംബസി ലിസ്റ്റില്‍ കയറിക്കൂടി നാട്ടിലേക്ക് പറന്നതായി മിക്ക ഗള്‍ഫ് രാജ്യങ്ങളിലും പരാതി നിലനില്‍ക്കുകയാണ്.

നാട്ടിലേക്കുള്ള പട്ടികയില്‍ നിന്നും ആദ്യഘട്ടം അര്‍ഹരായവര്‍ കൂടുതല്‍ പുറത്തിരുന്നത് യുഎഇയിലാണ്. ഗര്‍ഭിണികള്‍, വൃക്ക-ഹൃദ്രോഗികള്‍, സന്ദര്‍ശക വിസയില്‍ എത്തി കുടുങ്ങിയവര്‍, ദീര്‍ഘകാല രോഗത്തിന് മരുന്നില്ലാതെ വിഷമിക്കുന്നവര്‍ തുടങ്ങിയ വലിയൊരു വിഭാഗത്തിന് പുറത്ത് നില്‍ക്കേണ്ടിവന്നു. അച്ഛന്റെ മൃതദേഹം അവസാനമായി കാണാനും മരണാന്തര ചടങ്ങുകള്‍ നിര്‍വഹിക്കാനും ദിവസങ്ങളോളമായി കാത്തിരുന്ന കോട്ടയം സ്വദേശി അനൂപ്, സന്ദര്‍ശക വിസയിലെത്തി ദുരതത്തിലായ കോഴിക്കോട് നടക്കാവ് സ്വദേശി റജീനയും മകന്‍ ഷര്‍ബാസും, തുടങ്ങി നിരവധി പേരാണ് എംബസി ലിസ്റ്റില്‍ ഇടംപിടിക്കാതെ പോയത്. എട്ടു മാസത്തിലേറെ ഗര്‍ഭിണികളായവര്‍ പോലും തഴയപ്പെട്ടപ്പോള്‍ കടക്കെണി വിവാദത്തില്‍പെട്ട എന്‍എംസി ഹെല്‍ത്ത്‌കെയറിലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും ഭാര്യയും മൂന്നു മക്കളും വീട്ടു ജോലിക്കാരിയും നാട്ടിലെത്തിയത് വിവാദമായിരുന്നു. കോണ്‍ഗ്രസ്, ബിജെപി സ്വാധീനത്തില്‍ വിവിധ രാജ്യങ്ങളില്‍നിന്ന് എംബസി മുഖേനെ പട്ടികയില്‍ അനര്‍ഹര്‍ കയറിപ്പറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. ഖത്തറില്‍നിന്ന് കോണ്‍ഗ്രസ് നേതാവും ആദ്യ വിമാനത്തില്‍ നാട്ടിലെത്തിയത് അനര്‍ഹമായി.

എയര്‍ ഇന്ത്യ പ്രസിദ്ധീകരിച്ച രണ്ടാം ഘട്ടത്തില്‍ ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് 26 സര്‍വീസുണ്ട്. ഇതില്‍ 13 എണ്ണവും യുഎയില്‍ നിന്നാണ്. ശനിയാഴ്ച ദുബായില്‍നിന്ന് കൊച്ചിയിയേലക്ക് ഒന്നും അബുദബിയില്‍നിന്ന് തിരുവനന്തപുരം, കോഴിക്കോട് എന്നിവങ്ങളിലേക്ക് ഒരോ സര്‍വീസുമുണ്ടാകുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. കേരളത്തിലേക്കുള്ള വിമാനങ്ങളില്‍ ഗര്‍ഭിണികള്‍ക്ക് കൂടുതല്‍ ടിക്കറ്റ് നല്‍കുമെന്ന് ഇന്ത്യന്‍ കോണ്‍സുലേക്ക് അറിയിച്ചു. ഇതിനുള്ള നടപടികളും ആരംഭിച്ചതായി ദുബായ് ഇന്ത്യ കോണ്‍സല്‍ ജനറല്‍ വിപുല്‍ അറിയിച്ചു. 32 മുതല്‍ 34 മാസം വരെ ഗര്‍ഭമുള്ളവര്‍ക്കാണ് മുന്‍ഗണന.
 


പ്രധാന വാർത്തകൾ
 Top