25 July Sunday

കെയര്‍ ഫോര്‍ കേരള പദ്ധതിയില്‍ കൈകോര്‍ത്ത് ബഹ്‌റൈന്‍ പ്രതിഭ

വെബ് ഡെസ്‌ക്‌Updated: Thursday May 27, 2021
മനാമ: കേരളത്തിലേക്ക് അടിയന്തിരമായി ആവശ്യവുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ പൊതുജനപങ്കാളിത്തത്തോടെ സര്‍ക്കാരിലേക്ക് നേരിട്ട് എത്തിക്കുന്ന 'കെയര്‍ ഫോര്‍ കേരള' പദ്ധതിയുടെ ഭാഗമായി ബഹ്‌റൈന്‍ പ്രതിഭയും. ബഹ്‌റൈന്റെ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ സജീവ സാന്നിധ്യമായ 'ബഹ്‌റൈന്‍ പ്രതിഭ' കേരളത്തിലേക്ക് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ എത്തിക്കാനുള്ള ദൗത്യത്തില്‍ നോര്‍ക്ക റൂട്‌സിനോടൊപ്പം പങ്കുചേര്‍ന്നു.
 
ബഹ്‌റൈന്‍ പ്രതിഭ സമാഹരിച്ച 500 പള്‍സ് ഓക്‌സി മീറ്ററുകളും 10 ഓക്‌സിജന്‍ കോണ്‍സെന്റേറ്ററുകളുമാണ് യുഎഇ യില്‍ നിന്നുള്ള ആദ്യ ബാച്ചില്‍ കേരളത്തില്‍ എത്തിയത്. കെയര്‍ ഫോര്‍ കേരളയിലൂടെ എത്തുന്ന ഉപകരണങ്ങള്‍ കേരള സര്‍ക്കാരിനുവേണ്ടി കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ഏറ്റുവാങ്ങി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ബഹ്‌റൈന്‍ പ്രതിഭ ഏറ്റെടുത്ത വാക്‌സിന്‍ ചലഞ്ചും വലിയ രീതിയില്‍ നിരവധിപേര്‍ ഏറ്റെടുത്തിരുന്നു.
 
കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നിലവിലുള്ള ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെയും മരുന്നുകളുടെയും ഇറക്കുമതിയിലുള്ള നിയന്ത്രണങ്ങളും നികുതിയും ഒഴിവാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ സാധ്യതകളെ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താനായി, പ്രവാസികളുടെയും പ്രവാസ സംഘടനകളുടെയും സഹകരണത്തോടെ കേരള സര്‍ക്കാരും 'നോര്‍ക്ക റൂട്‌സും' ചേര്‍ന്ന് ആവിഷ്‌കരിച്ച പദ്ധതിയാണ് 'കെയര്‍ ഫോര്‍ കേരള'.
 
ഈ ഉദ്യമത്തില്‍ ബഹ്‌റൈന്‍ പ്രതിഭയോടൊപ്പം ചേര്‍ന്ന് നിന്ന് മനുഷ്യസ്‌നേഹത്തിന്റെ ഉദാത്തമാതൃക സൃഷ്ടിച്ച  മുഴുവന്‍ മനുഷ്യസ്‌നേഹികള്‍ക്കും ബഹ്‌റൈന്‍ പ്രതിഭയുടെ നന്ദി രേഖപ്പെടുത്തുന്നതായി ജനറല്‍ സെക്രട്ടറി എന്‍വി ലിവിന്‍ കുമാറും പ്രസിഡണ്ട് കെ.എം. സതീഷും അറിയിച്ചു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top