19 March Tuesday

മോഡി ബൗദ്ധികതയെ ഭയക്കുന്നു; ഭയമില്ലാതെ ചോദ്യങ്ങള്‍ ചോദിക്കുക: പ്രകാശ് രാജ്

അനസ് യാസിന്‍Updated: Saturday Dec 15, 2018

മനാമ > ഭയമില്ലാതെ ചോദ്യങ്ങള്‍ ഉന്നയിക്കുക എന്നത് വളരെ പ്രധാനമാണെന്ന് നടനും സാസ്‌കാരിക പ്രവര്‍ത്തകനഒമായ പ്രകാശ് രാജ് പറഞ്ഞു. നമ്മള്‍ എവിടെ നിന്നൊക്കെയോ വന്നവാണ്. ഈ ഭൂമിയിലെ ആഗോള പൗരന്‍മാരാണ് നമ്മള്‍. നമ്മള്‍ ഭയമുക്തരാകണം എന്നത് പ്രധാനമാണ്. ജീവിതത്തിന്റെ വൈവിധ്യം പ്രകൃതിയുടെ ഭാഗമാണ്. അതിനെ ഇല്ലാതാക്കാനാണ് ഏകാധിപത്യവും ഫാഷിസവും ശ്രമിക്കുന്നത്. അത്തരം ഘട്ടങ്ങളിലെല്ലാം മനുഷ്യന്‍ അതിനോട് പ്രതികരിച്ചിട്ടുണ്ട്. കാരണം അത് മനുഷ്യപരിണാമത്തിനും പ്രകൃതിക്കും എതിരാണ്. അതുകൊണ്ട് അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷണമെന്നത് പരമ പ്രധാനമാണ്-പ്രകാശ് രാജ പറഞ്ഞു. ബഹ്റൈന്‍ കേരളീയ സമാജം പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദ്ഘടാന പ്രസംഗത്തിലും തുടര്‍ന്ന് നടന്ന ചോദ്യോത്തര വേളയിലും ഫാഷിസ്റ്റ് ഭരണസംവിധാനങ്ങളോടുള്ള തന്റെ വിമര്‍ശനവും നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു.

സത്യം വിളിച്ചുപറയാന്‍ നിങ്ങള്‍ക്ക് ഭയമില്ലേ എന്നാണ് അവരെന്നോട് ചോദിക്കാറുള്ളതെന്ന് പ്രകാശ് രാജ് പറഞ്ഞു. കളവ് പറയാനാണ് ജനങ്ങള്‍ ഭയപ്പെടേണ്ടത് എന്നാണ് ഞാന്‍ പറയാറുള്ളത്. ഞാന്‍ ചോദ്യങ്ങളുന്നയിക്കുന്നു എന്നതിനാലാണ് സമൂഹത്തിന്റെ എല്ലാ ഇടങ്ങളില്‍ നിന്നുമുള്ള സ്നേഹവും കരുതലും എനിക്ക് ലഭിക്കുന്നത്. അതിന്റെ പേരിലുള്ള സ്നേഹം എന്നെ കൂടുതല്‍ കരുത്തനാക്കുന്നു. ഈ ലോകത്തെക്കുറിച്ച് പ്രതീക്ഷയുള്ളവരാണ് എനിക്കൊപ്പമുള്ളത്. അവര്‍ സത്യത്തിന്റെ ഭാവിയെക്കുറിച്ച് ഉറപ്പുള്ളവരാണ്.

ഞാന്‍ ഒരിക്കലും ഒരു എഴുത്തുകാരനായിരുന്നില്ല. അഭിനയവും പ്രൊഡക്ഷനുമൊക്കെയായിരുന്നു പ്രധാന മേഖല. ജീവിതയാത്രകള്‍ എന്നെ എഴുത്തുകാരനാക്കിയതാണ്. എന്റെ എഴുത്ത് വായനക്കാര്‍ക്ക് എത്ര ഗുണം ചെയ്തു എന്നറിയില്ല. പക്ഷേ, വ്യക്തിയെന്ന നിലയില്‍ എന്നെ രൂപപ്പെടുത്തുന്നതില്‍ എഴുത്ത് നിര്‍ണായകമായി. എന്റെ ആശയങ്ങളും നിലപാടും നിര്‍വചിക്കുന്നതിലും ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നതിനും അത് കാരണമായി. എഴുത്തുകാരന്‍ എന്ന നിലയില്‍ ഞാന്‍ സ്വതന്ത്രനായി.
അടുത്ത സുഹൃത്ത് ഗൗരി ലേങ്കഷിന്റെ മരണത്തെ തുടര്‍ന്നാണ് എഴുതുന്നത്. ഏറ്റവും സുഖകരമായ ഒരു പശ്ചാത്തലത്തില്‍ നില്‍ക്കുന്ന സാചര്യത്തിലാണ് ഞാന്‍ പ്രതികരിച്ചു തുടങ്ങിയത്. നമ്മുടെ രാജ്യത്ത് സംസാരത്തെയും ആവിഷ്‌കാരത്തെയും നിശബ്ദമാക്കാനും ധ്രുവീകരണമുണ്ടാക്കാനുമുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളുണ്ടായ ഘട്ടത്തില്‍ എനിക്ക് സംസാരിക്കേണ്ടി വന്നു.

കലാകാന്‍മാര്‍ ജീവിക്കുന്നത് സമൂഹത്തിലാണ്. കലാകാരന്‍മാര്‍ ഭയത്തിലേക്ക് പിന്‍വലിഞ്ഞാല്‍, സമൂഹവും ഭയത്തിന്റെ കമ്പളം പുതക്കും. ആ ഘട്ടത്തിലാണ് ഇത് ശരിയാകില്ല എന്ന് തീരുമാനിക്കുന്നത്. നമ്മള്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കണം. മനുഷ്യന്‍ ജനിക്കുന്നത് മുതല്‍ ചോദ്യങ്ങളുള്ളവരാണെന്നും അത് ഭയമില്ലാതെ ചോദിച്ചു കൊണ്ടിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് നടന്ന ചോദ്യോത്തര വേളയില്‍ പ്രകാശ് രാജ് തന്റെ നയനിലപാടുകള്‍ വ്യക്തമാക്കി. പ്രിയ സ്നേഹിത ഗൗരി ലങ്കേഷ് മരിച്ചുവീണപ്പോള്‍ ആകെ തകര്‍ന്നു പോയെന്ന് അദ്ദേഹം പറഞ്ഞു. ആദ്യമൊക്കെ ഞാന്‍ മിണ്ടാതിരുന്നു. ഗൗരി അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള സ്വാതന്ത്ര്യത്തിനായി പൊരുതിയാണ് മരിച്ചുവീണത് . ഗൗരിയുടെ മരണത്തില്‍ ഒരു വിഭാഗം ആളുകള്‍ സന്താഷ പ്രകടനം നടത്തുന്നത് കണ്ടപ്പോള്‍, ഒരു പശു ചത്താല്‍ അനുശോചനവുമായി വരുന്ന അധികാരികള്‍ ഗൗരിയുടെ മരണത്തെ അവഗണിച്ചപ്പോള്‍ എനിക്ക് പ്രതികരിക്കണമെന്ന് തോന്നി. മൗനം പാലിക്കുന്നത് ഞാന്‍ എന്റെ സ്നേഹിതയോട് ചെയ്യുന്ന കുറ്റകരമായ സ്നേഹ രാഹിത്യമാണെന്ന് തോന്നി. അങ്ങനെയാണ് ഞാന്‍ ഇതര ശബ്ദങ്ങളെ അമര്‍ച്ച ചെയ്യുന്ന ഫാസിസത്തിന് നേരെ പ്രതികരിച്ചു തുടങ്ങിയത്.

മോദി സര്‍ക്കാര്‍ ബൗദ്ധികതയെ ഭയക്കുന്നു. അവര്‍ക്ക് അനുസരണയുള്ള കൂട്ടങ്ങളെയാണ് വേണ്ടത്. ജെഎന്‍യു പോലുള്ള യൂണിവേഴ്സിറ്റികളെ ഞെരുക്കിയും ഫണ്ട് വെട്ടിക്കുറച്ചും അവയെ നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. ആളുകള്‍ പ്രതികരിച്ചു തുടങ്ങിയാല്‍ ഒലിച്ചുപോകുന്നതേയുള്ളൂ ഈ അധികാരത്തിന്റെ ഗര്‍വെന്ന അദ്ദേഹം പരിഹസിച്ചു. ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് അതിന് ഉദാഹരണമാണ്. കര്‍ഷകരും മറ്റും സ്വന്തം ജീവിതം കൊണ്ട് ഇത് തിരിച്ചറിഞ്ഞിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തില്‍ എനിക്ക് വിശ്വാസമുണ്ട്. ഇതിനെയെല്ലാം നമ്മുടെ ജനാധിപത്യം തരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

കര്‍ണ്ണാടകത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയതുകൊണ്ട് അവിടെ സ്വകാര്യ സ്‌കൂളുകള്‍ തഴച്ചു വളര്‍ന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ മൂത്രപ്പുരപ്പോലും ഇല്ല. പുതിയ സര്‍ക്കാര്‍ വന്ന ശേഷം സ്വകാര്യ സ്‌‌‌‌കൂളുകള്‍ക്ക് അനുമതി നല്‍കുന്നില്ല. സ്‌കൂളുകളുടെ ഗുണ നിലവാരം ഉയര്‍ത്താനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top