23 January Wednesday

തൊഴിലാളികളും കര്‍ഷകരും കേന്ദ്രസര്‍ക്കാരിനെതിരെ ഒന്നിക്കുന്നത് പ്രതീക്ഷ നല്‍കുന്നു; 2019 ല്‍ മതനിരപേക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരും: പ്രകാശ് കാരാട്ട്

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

കുവൈറ്റ് സിറ്റി  > 2019 ല്‍ കേന്ദ്രത്തില്‍ മതനിരപേക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കല കുവൈറ്റിന്റെ നാല്‍പതാം വാര്‍ഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക അസമത്വവും സാമുദായിക ചേരിതിരിവ് സൃഷ്ടിക്കലുമാണ് ബിജെപി സര്‍ക്കാരിന്റെ മുഖമുദ്ര. ഇന്ത്യയെ ഒരു മത രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. രാജ്യത്തെ സംഘടിതരും അസംഘടിതരുമായ തൊഴിലാളികളും കര്‍ഷകരും ഭരണകൂടത്തിനെതിരെ ഒന്നിക്കുന്നത് ശുഭപ്രതീക്ഷ നല്‍കുന്നു. രണ്ട് വര്‍ഷം പൂര്‍ത്തീകരിച്ച കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ പൊതുമേഖല കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിയല്ല കേരളത്തിലെ ക്രമസമാധാനം തകര്‍ക്കുന്നത് അത് മറയാക്കി സംഘപരിവാര്‍ നടത്തുന്ന ധ്രുവീകരണ ശ്രമങ്ങളാണ് അതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.

അബ്ബാസിയ മറീന ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ കല കുവൈറ്റ് പ്രസിഡന്റ് ആര്‍ നാഗനാഥന്‍ അധ്യക്ഷത വഹിച്ചു. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതം പറഞ്ഞു. കലയുടെ 40 മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍ ചടങ്ങ് പരിപാടിയുടെ ഭാഗമായി നടന്നു. അബ്ബാസിയ മേഖലാ കമ്മിറ്റി കേരളത്തിലെ സാന്ത്വന പരിചരണ കേന്ദ്രങ്ങള്‍ക്ക് നല്‍കുന്ന 70 വീല്‍ ചെയറുകള്‍ക്കായുള്ള തുക ചടങ്ങില്‍ കേന്ദ്ര കമ്മിറ്റിക്ക് കൈമാറി.



പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍ അജിത്കുമാര്‍, ബിഇസി കണ്‍ട്രി മാനേജര്‍ മാത്യു വര്‍ഗീസ്, ഒഐസിസി ജനറല്‍ സെക്രട്ടറി എബി വാരിക്കാട്, ഐഎന്‍എല്‍ സെക്രട്ടറി ഷെരീഫ് താമരശേരി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. 40ാം വാര്‍ഷിക സ്വാഗത സംഘം ചെയര്‍മാന്‍ ടി വി ഹിക്മത്, ജനറല്‍ കണ്‍വീനര്‍ ജെ സജി, കല കുവൈറ്റ് വൈസ് പ്രസിഡന്റ് പ്രസീത് കരുണാകരന്‍, ജോയന്റ് സെക്രട്ടറി എം പി മുസ്ഫര്‍, വനിതാവേദി പ്രസിഡന്റ് രമ അജിത്ത്, പ്രോഗ്രസീവ് പ്രൊഫഷണല്‍ ഫോറം ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നായി ആയിരക്കണക്കിനു പേരാണ് പരിപാടിയില്‍ പങ്കെടുക്കുന്നതിനായി എത്തിച്ചേര്‍ന്നത്. പഴയ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ ഗാനസന്ധ്യയോടെയാണ് സമാപന സമ്മേളനം ആരംഭിച്ചത്. കല കുവൈറ്റ് പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കിയ 'പെണ്ണൊച്ചകള്‍' എന്ന കാവ്യ ശില്‍പത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. പരിപാടിക്ക് കല കുവൈറ്റ് ട്രഷറര്‍ നന്ദി രേഖപ്പെടുത്തി. കുവൈറ്റിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും മാധ്യമ പ്രവര്‍ത്തകരും പരിപാടിയില്‍ സംബന്ധിച്ചു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top