26 August Monday

ദൈവത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ അപലപിച്ച്‌ പോപ്പ്; യുഎഇ സന്ദര്‍ശനത്തിന് സമാപനം

അനസ് യാസിൻUpdated: Tuesday Feb 5, 2019

മനാമ > അറേബ്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഹൃദയം കവര്‍ന്ന് മാര്‍പ്പപ്പയുടെ ദ്വിദിന യുഎഇ സന്ദര്‍ശനത്തിനു സമാപനം. ദൈവത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ അപലപിച്ച പോപ്പ് സായുധ ഏറ്റുമുട്ടലുകള്‍ ത്യജിക്കാന്‍ വലിയ മതങ്ങള്‍ കൂടുതല്‍ നിശ്ചയദാര്‍ഡ്യം കാണിക്കണമെന്ന് ആഹ്വനം ചെയ്തു. രണ്ടു ലോക മതങ്ങള്‍ തമ്മിലുളള സഹകരണം, സഹവര്‍ത്തിത്വം, പരസ്പര ബഹുമാനം എന്നിവ ഊട്ടിയുറപ്പിച്ച മാര്‍പാപ്പയുടെ യുഎഇ സന്ദര്‍ശനം മേഖലയിലാകെ പുതിയ ഉണര്‍വും ആവേശവുമായെന്ന് യുഎഇ സര്‍ക്കാര്‍ പറഞ്ഞു.

ഭാവി തലമുറയ്ക്കുള്ള നല്ലതും സത്യസന്ധവുമായ മാര്‍ഗരേഖയായി വിശേഷിപ്പിച്ച മാനവസാഹോദര്യ ഉടമ്പടി  ഈജിപ്തിലെ അല്‍അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ. അഹ്്മദ് അല്‍ തയ്യിബുമായി മാര്‍പ്പാപ്പ ഒപ്പുവെച്ചത് സന്ദര്‍ശനത്തിലെ പ്രധാന ഏടായി. എല്ലാ വിഭാഗം ജനങ്ങളും തമ്മില്‍ സാഹോദര്യ ബന്ധം വളര്‍ത്തിയെടുക്കുന്നതു പ്രോത്സാഹിപ്പിക്കാനും സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനും സമൂഹത്തിലെ അങ്ങേയറ്റം ദദരിദ്രരെ സഹായിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഉടമ്പടി. ഫൗണ്ടേഴ്സ് മെമ്മോറിയലില്‍ നടന്ന ചടങ്ങില്‍ ഉടമ്പടി ഒപ്പുവച്ചതോടെ സാഹോദര്യത്തിന്റെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുകയാണെന്ന് ഇരുവരും വ്യക്തമാക്കി.

അബുദബി എമിറേറ്റ്സ് പാലസില്‍ മാനവ സാഹോദര്യ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ക്ഷണപ്രകാരമാണ് മാര്‍പ്പാപ്പ എത്തിയത്. ഫൗണ്ടേഴ്സ് മെമ്മോറിയലില്‍, മാവന സാഹോദര്യ സമ്മേളനത്തോട് അനുബന്ധിച്ചു നടത്തിയ പ്രസംഗത്തില്‍ യെമന്‍, സിറിയ, ഇറാഖ്, ലിബിയ എന്നിവടങ്ങളിലെ സംഘര്‍ഷങ്ങളിലെ ഇരകളെകുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു.

ആയുധ പന്തയവും മറ്റുള്ളവര്‍ക്ക് ഹാനികരമായ നയങ്ങളും സമാധാനം കൊണ്ടുവരില്ല. യുദ്ധം ദുരിതമല്ലാതെ മറ്റൊന്നും ഉണ്ടാക്കില്ലെന്നും ആയുധങ്ങള്‍ മരണമല്ലാതെ മറ്റൊന്നും കൊണ്ടുവരിലെന്നും അദ്ദേഹം പറഞ്ഞു. ഏതൊരു സംഘര്‍ശവും നിരാകരിക്കുക എന്ന അടിയന്തര കര്‍ത്തവ്യത്തെ മതങ്ങള്‍ നിരാകരിക്കരുത്. വിദ്യാഭ്യാസം, നീതി, ഉള്‍ക്കൊള്ളല്‍, സാര്‍വലൗകിക അവകാശങ്ങള്‍ എന്നിവയില്‍ അധിഷ്ഠിതമായ സഹവര്‍ത്തിത്വമാണ് സമാധാനത്തിന്റെ വിത്തുകളെന്നും അത് പ്രോത്സാഹിപ്പിക്കുന്നതില്‍ ലോക മതങ്ങള്‍ക്ക് ഉത്തരവദിത്വമുണ്ടെന്നും മാര്‍പ്പാപ്പ വ്യക്തമാക്കി.

യുഎഇ ചരിത്രത്തിലെ ആദ്യ പൊതു കുര്‍ബാനയുടെ പ്രാര്‍ഥനകള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യ കാര്‍മികത്വത്തില്‍ ചൊവ്വാഴ്ച നടന്നു. അബുദബി സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ യുഎഇ സമയം രാവിലെ 10.30നാണ് കുര്‍ബാന ആരംഭിച്ചത്. 1.35 ലക്ഷം വിശ്വാസികളാണ് യുഎഇ കണ്ട ഏറ്റവും വലിയ ചടങ്ങില്‍ പങ്കെടുത്തത്. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ തുടങ്ങിയവര്‍ പങ്കെടുത്തു. 120 പേരടങ്ങുന്ന ഗായക സംഘമാണു പ്രാര്‍ഥനാഗീതം ആലപിച്ചത്. കൈകൊണ്ടുനിര്‍മിച്ച പിയാനോ ഇതിനായി ഇംഗ്ലണ്ടില്‍നിന്നാണ് കൊണ്ടുവന്നത്. തുടര്‍ന്ന് ഉച്ചക്ക് ഒന്നോടെ സന്ദര്‍ശനം പൂര്‍ത്തിയാക്കി അദ്ദേഹം വത്തിക്കാനിലേക്കു മടങ്ങി.

ഫ്രാന്‍സിസ് മാര്‍പാപ്പയോടുള്ള ആദരസൂചകമായി അബുദാബിയില്‍ വ്യോമസേനാ ജെറ്റ് വിമാനങ്ങളുടെ അഭ്യാസ പ്രകടനമുണ്ടായിരുന്നു. വത്തിക്കാന്റെ പേപ്പല്‍ പതാകയുടെ നിറത്തിലുള്ള മഞ്ഞയും വെള്ളയും പുകച്ചുരുളുകള്‍ പുറത്തുവിട്ടാണ് വിമാനങ്ങള്‍ പറന്നത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെ അദ്ദേഹം വത്തിക്കാനിലേക്കു മടങ്ങി. യുഎഇ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അദ്ദേഹത്തെ യാത്രയച്ചു. ലോക സമാധാനം, സഹവര്‍ത്തിത്വം, സഹിഷ്‌ണുത, മാനവിക സംവാദം എന്നിവടയുടെ അടിത്തറ പാകുന്നതില്‍ പോപ്പിന്റെ പങ്കിനെ കിരീടവകാശി പ്രശംസിച്ചു.


പ്രധാന വാർത്തകൾ
 Top