20 September Friday

പൊലീസ്‌ മികവു കാട്ടേണ്ടത്‌ മുഷ്ടികൊണ്ടല്ല,ബുദ്ധിയുപയോഗിച്ച്‌: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2019

കണ്ണൂർ> പൊലീസില്‍ മൂന്നാംമുറയും ലോക്കപ്പ് മര്‍ദ്ദനവും നടക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1957ലെ ആദ്യ ഇ എം എസ്‌ സർക്കാർ അംഗീകരിച്ച പൊലീസ്‌ നയത്തിൽ തന്നെ വ്യക്തമാക്കിയതാണ്‌ ഇക്കാര്യം. ഒറ്റപ്പെട്ടനിലയിൽ ഇപ്പോഴും ഇതു നിലനിൽക്കുന്നുവെന്നത്‌ ഒട്ടും അഭിമാനകരമല്ല. ഇത്തരം വൈകല്യം തുടരുന്നവർക്കെതിരെ  ഒരു വിട്ടുവീഴ്‌ചയുമുണ്ടാകില്ല. മുഷ്ടിയുപയോഗിച്ചല്ല, ബുദ്ധിയുപയോഗിച്ചാണ്‌ പൊലീസ്‌ മികവു കാണിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പൊലീസ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ 31ാം സംസ്ഥാന സമ്മേളനം മുണ്ടയാട്‌ ഇൻഡോർ സ്‌റ്റേഡിയത്തിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പൊലീസിന് കളങ്കമുണ്ടാക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ പോലും ഉണ്ടാകാന്‍ പാടില്ല. ശരി ചെയ്താല്‍ പൊലീസിന്റെ സംരക്ഷണത്തിന് സര്‍ക്കാര്‍ ഒപ്പമുണ്ടാകും. തെറ്റ് ചെയ്താല്‍ മുഖം നോക്കാതെ നടപടിയുണ്ടാകും.

അന്വേഷണത്തില്‍ തല്പരകക്ഷികള്‍ നയിക്കുന്ന വഴിയിലൂടെയല്ല സഞ്ചരിക്കേണ്ടത്. അന്വേഷണ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം. വിവരങ്ങള്‍ ചോര്‍ത്തുന്ന സ്ഥിതി ഉണ്ടാകരുത്. ഇത് കുറ്റവാളികള്‍ക്ക് സഹായകരമാകും.

ഉന്നതരെ സംരക്ഷിക്കുന്ന ഏര്‍പ്പാട് പൊലീസില്‍ വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സമീപകാലത്തുണ്ടായ ഒരു കേസില്‍ സാമാന്യ ബുദ്ധിപോലും ഉപയോഗിക്കാതെയാണ്‌ പൊലീസ്‌ പ്രവർത്തിച്ചത്‌. ‘മൃദു ഭാവേ ദൃഢ ചിത്തേ’യെന്ന ആപ്തവാക്യത്തിലൂടെ കേരളപൊലീസ്‌ നേടിയെടുത്ത മികവാകെ ഈ ഒരൊറ്റ സംഭവത്തിലൂടെ ഇടിഞ്ഞുപോയി. 

റോഡ് അപകടക്കേസുകളില്‍ നല്ല നഷ്ടപരിഹാരം ലഭിക്കുന്ന തരത്തിൽ കേസ്‌ ഫ്രെയിം ചെയ്യാൻ ചില ഉദ്യോഗസ്ഥർ ഒരു വിഹിതം ആവശ്യപ്പെടുന്നതായി വിവരം ലഭിച്ചിട്ടുണ്ട്‌. ഇത്തരം തെറ്റായ പ്രവണതകൾ അവസാനിപ്പിക്കണം. കണ്ടുപിടിച്ചാൽ ആ സ്ഥാനത്തു മാത്രമല്ല, സർവീസിലും ഉണ്ടാവില്ലെന്ന്‌ ഓർക്കണം. കുറച്ചുപേര്‍ ചെയ്യുന്ന തെറ്റിന് കേരള പൊലീസ് മുഴുവന്‍ പഴി കേള്‍ക്കേണ്ടി വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top