22 April Monday

വികസന തടസങ്ങള്‍ മാറി അതിവേഗം മുന്നേറുന്ന സംസ്‌ഥാനമാണിന്ന്‌ കേരളം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018

ഫിലഡല്‍ഫിയ>  കേരളം പഴയ കേരളമല്ലെന്നും വികസനകാര്യത്തിൽ വൻ കുതിപ്പുണ്ടാക്കിയ സംസ്‌ഥാനമാണെന്നും  മുഖ്യമന്ത്രി പിണറായി വിജയന്‍. ഫൊക്കാനയുടെ പതിനെട്ടാമത് അന്തര്‍ദേശീയ സമ്മേളനത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏറെ അസാധ്യമെന്നു കരുതിയ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവുകയും ഇനിയും പലതും യാഥാര്‍ത്ഥ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയുമാണ്‌. എതിര്‍പ്പുകള്‍ക്കും തടസ്സങ്ങള്‍ക്കും ഇടമില്ലാത്തവണ്ണം വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും പിണറായി പറഞ്ഞു.

കേരളത്തില്‍ ഒരിക്കലും പ്രായോഗികമാകുകയില്ലെന്നു കരുതിയ പല കാര്യങ്ങളും പ്രവര്‍ത്തികമാക്കിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികളും അംഗീകരിച്ച ദേശീയപാതകളുടെ വികസനം 45 മീറ്റര്‍ വീതിയില്‍ നടപ്പിലാക്കണമെന്ന നിര്‍ദേശം പൂര്‍ണ്ണമായും നടപ്പിലാക്കുകയാണ്‌.  ദേശീയപാത വികസനത്തിന് ഭൂമിയെടുക്കല്‍ നടപടിക്കുള്ള എതിര്‍പ്പുകള്‍ ഇല്ലാതായി. പൊതുവികസന കാര്യമാണെന്നു കണ്ടും, ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായമായ വില നല്‍കുന്നതുകൊണ്ടും പരാതിയില്ലാതെ നടപ്പാക്കാന്‍ കഴിഞ്ഞു. കേരളത്തിന് ഇപ്പോള്‍ മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവയുടെ വികസനത്തിനായി 10,000 കോടി രൂപ ലഭ്യമാക്കിക്കഴിഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ഇനി ഫണ്ട് ഒരു പ്രശ്‌നമാകില്ല പിണറായി വ്യക്തമാക്കി.ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഗെയില്‍) പൈപ്പ് ലൈന്‍ ഏതാനും മാസംകൊണ്ട് യാഥാര്‍ത്ഥ്യമാകും. നിശ്ചയിച്ച സമയത്തുതന്നെ അതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ഗെയില്‍ അധികൃതർ.  ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിലെ നിരവധി കമ്പനികള്‍ക്ക് ആവശ്യമായ ഇന്ധനം പൈപ്പ് ലൈന്‍ വഴി നല്‍കാന്‍ കഴിയും.

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഇരട്ട റെയില്‍പാതയ്ക്കു ബദലായി മൂന്നാമതൊരു റെയില്‍ പാതകൂടി നിര്‍മ്മിച്ച് അതിലൂടെ അതിവേഗ ട്രെയിന്‍ ഗതാഗതം ആരംഭിക്കുന്നതിന്റെ പ്രാരംഭനടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഈ പാതയുടെ നിര്‍മാണം പുര്‍ത്തിയായാല്‍ തിരുവനന്തപുരത്തുനിന്നും എറണാകുളം വരെ രണ്ടു  മണിക്കൂറുകൊണ്ടും, എറണാകുളത്തുനിന്നും കാസര്‍ഗോഡുവരെയും രണ്ടു മണിക്കൂറുകൊണ്ട് ട്രെയിന്‍ യാത്ര നടത്താന്‍ കഴിയും.

കോവളം മുതല്‍ ഹോസ്ദുര്‍ഗ് വരെ ദേശീയ ജലപാത ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) കമ്പനിയുമായി ചേര്‍ന്നു ഒരു പ്രത്യേക കമ്പനി രൂപീകരിച്ചു. ഇതു യാഥാര്‍ത്ഥ്യമാകുന്നതോടെ കോവളത്തുനിന്ന് ഹോസ്ദുര്‍ഗ് വരെ ബോട്ട് യാത്ര യാഥാര്‍ത്ഥ്യമാകും. ഇന്ത്യയിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ടൂറിസ്റ്റ് ബോട്ട് യാത്രയ്ക്ക് കാരണമാകുന്ന ഇത് ടൂറിസം മേഖലയ്ക്ക് വലിയ ഉണര്‍വ് നല്‍കുമെന്നും 2020ല്‍ ഈ പദ്ധതി പൂര്‍ത്തായിക്കാനിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തെ പഴമക്കാര്‍ മാത്രം കണ്ടിട്ടുള്ള പാര്‍വതിപുത്തനാര്‍ തോടിന്റെ നവീകരണം പൂര്‍ത്തിയാക്കി അതിന്റെ എല്ലാ മനോഹാരിതയോടുംകൂടി കാത്തുസംരക്ഷിക്കാന്‍ കഴിഞ്ഞു.

ഭൂപരിഷ്‌കരണത്തിനു ശേഷം കേരളത്തിന്റെ വികസനത്തിന് ഏറ്റവും വലിയ പങ്കുവഹിച്ചത് പ്രവാസി മലയാളികളാണെന്നു പറഞ്ഞ മുഖ്യമന്ത്രി ഇതില്‍ പ്രവാസി മലയാളികള്‍ വഹിച്ച പങ്ക് നിസ്തുലമാണെന്നു പറഞ്ഞു. പ്രവാസികളുടെ നിര്‍ലോഭമായ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നുകൊണ്ടു മാത്രമാണ് കേരളത്തിന് ഇത്രയേറെ വികസന കുതിപ്പുണ്ടായത്. അമേരിക്കയിലെ ഫോബ്‌സ് മാസികയുടെ കണക്കില്‍ ലോകത്തിലെ 1000 സമ്പന്നരുടെ പട്ടികയില്‍ നാലു മലയാളികളും ഇടംപിടിച്ചിട്ടുണ്ട്.അമേരിക്കന്‍ മലയാളികള്‍ ഉൾപ്പെടെയുള്ള  പ്രവാസികള്‍ക്ക് നാട്ടിലേക്കുള്ള യാത്രാസൗകര്യം വര്‍ധിപ്പിക്കാന്‍ വിമാനത്താവളങ്ങളുടെ എണ്ണം അഞ്ചായി വര്‍ധിപ്പിക്കാന്‍ പദ്ധതിയുണ്ട്. കേരളത്തിലെ നാലാമത്തെ വിമാനത്താവളമായ കണ്ണൂര്‍ വിമാനത്താവളം സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും. അഞ്ചാമത്തെ വിമാനത്താവളം ശബരിമല കേന്ദ്രീകരിച്ച് ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പരിസര മലിനീകരണം നിര്‍മാജനം ചെയ്ത് ശുചിത്വത്തിനു പ്രാധാന്യം നല്‍കുന്ന പദ്ധതികള്‍, ശുദ്ധജല ലഭ്യത. ആരോഗ്യകരമായ ഭക്ഷണം ലഭ്യമാക്കാന്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, ആരോഗ്യരംഗത്ത് ആശുപത്രികളിലെ ആധുനിക വത്കരണവും അതുവഴി എല്ലാവര്‍ക്കും മികച്ച ചികിത്സ ലഭ്യമാക്കുക, എല്ലാവര്‍ക്കും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളും നവീകരിച്ചും ആധുനിക വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയും തുല്യ വിദ്യാഭ്യാസ സമ്പ്രദായം ഏര്‍പ്പെടുത്തുക തുടങ്ങിയ സര്‍വതരസ്പര്‍ശിയായ വികസന കാര്യങ്ങളാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

മലയാളി ഏതു നാട്ടില്‍ പോയാലും ഭാഷയുടേയും സംസ്‌കാരത്തിന്റേയും പേരിലായിരിക്കണം മേല്‍വിലാസമെന്നും മുഖ്യമന്ത്രി പറഞ്ഞു.  ഈ അറിവ് ഫൊക്കാന തിരിച്ചറിഞ്ഞപ്പോഴാണ് ഭാഷയെ പരിപോഷിപ്പിക്കാന്‍ ഭാഷയ്‌ക്കൊരു ഡോളര്‍ പോലുള്ള പരിപാടികള്‍ സംഘടന നടത്തുന്നത്.

ഫൊക്കാനയും ഫോമയും ഒന്നിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. അമേരിക്കയില്‍ രണ്ട് മലയാളി സംഘടനകള്‍ക്ക് പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. ഒന്നായാല്‍ നന്നാകും. ഒന്നിച്ചു നിന്നാലെ കൂടുതല്‍ കാര്യങ്ങളില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാനാകൂ.

പ്രവാസികളുടെ കാര്യങ്ങള്‍ക്കുവേണ്ടി രൂപീകരിക്കപ്പെട്ട ലോക കേരള സഭയ്ക്ക് പ്രത്യേക സെക്രട്ടറിയേറ്റ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. അതിരുകളാല്‍ മാത്രം അറിയപ്പെടേണ്ടതല്ല കേരളം. അതിര്‍ത്തികള്‍ ലംഘിച്ച് ആഗോളതലത്തില്‍ കേരളവും മലയാളികളും അറിയപ്പെടണം.  അതിനുവേണ്ടിയായിട്ടാണ് പേരുപോലെ തന്നെ അര്‍ത്ഥപൂര്‍ണ്ണമായുള്ള ലോക കേരളസഭ രൂപീകരിച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top