07 October Monday

ഓണമാഘോഷിച്ച്‌ പ്രവാസികൾ

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

ഓണാഘോഷം കെങ്കേമമാക്കി പ്രവാസികൾ

മനാമ > അവധി ദിനമെത്തിയ ഓണാഘോഷം കെങ്കേമമാക്കി പ്രവാസ ലോകം. വിവിധ മലയാളി സംഘടനകളുടെയും കൂട്ടായ്മയുടെയും നേതത്വത്തിൽഎ ഓണസദ്യ ഒരുക്കിയും വിവിധ കലാകായിക വിനോദ പരിപാടികൾ സംഘടിപ്പിച്ചും പ്രവാസി മലയാളി ഓണാഘോഷം കളറാക്കി. ഓഫീസുകളും ഫ്‌ളാറ്റുകളും കേന്ദ്രീകരിച്ച് പ്രവാസി കുടുംബങ്ങളുടെ ആഘോഷങ്ങൾ അരങ്ങേറി.

ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന ഓണാഘോഷങ്ങൾ കാണാൻ മലയാളികൾ ഒഴുകിയെത്തി. തിരുവോണദിനം നടന്ന പരിപാടിയിൽ, കേരള ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ മുഖ്യാതിഥിയായി. വലുതും നീണ്ടുനിൽക്കുന്നതുമായ ഓണാഘോഷം സംഘടിപ്പിക്കുന്ന ബഹ്‌റൈൻ കേരളീയ സമാജത്തെ അഭിനന്ദിച്ചു. തിരുവോണം പ്രവാസി സമൂഹത്തോടൊപ്പം ആഘോഷിക്കാൻ സാധിച്ചതിലുള്ള സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു.

സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള പരിപാടിക്ക്‌ അധ്യക്ഷനായി. മന്ത്രിയെന്നുള്ള നിലയിൽ ഗണേഷ് കുമാർ ദീർഘവീക്ഷണത്തോടെ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളെ അദ്ദേഹം പ്രശംസിച്ചു. ശ്രാവണം ജനറൽ കൺവീനർ വർഗീസ് ജോർജ്, സമാജം ട്രഷറർ ദേവദാസ് കുന്നത്ത് എന്നിവർ സന്നിഹിതരായി. ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതവും വൈസ് പ്രസിഡന്റ് ദിലീഷ്‌കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് യുവാക്കളുടെ ഹരമായ താമരശ്ശേരി ചുരം ബാൻഡിന്റെ സംഗീത നിശ അരങ്ങേറി.

തിരുവോണ തലേദിവസം സമാജത്തിൽ നൂറിൽ പരം വനിതകൾ പങ്കെടുത്ത മെഗാ തിരുവാതിര അരങ്ങേറി. സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടികൾക്ക് വനിതാ വിഭാഗം പ്രസിഡന്റ് മോഹിനി തോമസ്, സെക്രട്ടറി ജയാ രവി എന്നിവർ നേതൃത്വം നൽകി. തിരുവാതിരകളി അവതരണത്തിന് മുൻപായി തിരുവാതിരയുടെ ചരിത്രവും പ്രാധാന്യവും പങ്കുവെക്കുന്ന ലഘു അവതരണവും നൃത്തങ്ങളും അരങ്ങേറി. അൻപതോളം കുട്ടികൾ ഇതിന്റെ ഭാഗമായി. കേരള ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്‌കുമാർ, പത്‌നി ബിന്ദു എന്നിവർ പ്രേക്ഷകരായി സദസ്സിൽ ഉണ്ടായിരുന്നു.  

പ്രവാസികൾക്ക് ഡ്രൈവിംഗ് ടെസ്റ്റിന് തീയതി

പ്രാവാസികൾക്ക് അഞ്ചു ദിവസത്തിനുള്ളിൽ ഡ്രൈവിംഗ് ടെസ്റ്റ് ഡേറ്റ് നൽകാനുള്ള സംവിധാനം ഏർപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാർ അറിയിച്ചു. തിരുവോണ നാളിൽ സമാജം ഓണാഘോഷമായ ശ്രാവണം പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസി മലയാളികൾ ചെറിയ അവധിക്കു നാട്ടിൽ എത്തുമ്പോൾ ഡ്രൈവിംഗ് ലൈസൻസിന് തീയതി കിട്ടാനുള്ള പ്രയാസം ചൂണ്ടികാട്ടിയപ്പോയായിരുന്നു മന്ത്രി പരിഹാരം പ്രഖ്യാപിച്ചത്. കയ്യടികളോടെയാണ് സദസ്സ് പ്രഖ്യാപനത്തെ സ്വീകരിച്ചത്.
നാൽപതോളം ഫാസ്റ്റ് പാസഞ്ചർ ബസ്സുകൾ എയർകണ്ടീഷൻ സംവിധാനത്തോടെ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. മികച്ച സൗകര്യങ്ങളോടെ ബസ് വെയ്റ്റിംഗ് ഏരിയകൾ നിർമ്മിക്കും. ദീർഘദൂര സർവീസുകളിൽ ബസ് റൂട്ടിൽ യാത്രക്കാരനു സൗകര്യപ്പെടുന്ന സ്ഥലത്തു നിന്നും ലൊക്കേഷൻ ഷെയർ ചെയ്യുന്ന യാത്രക്കാരനെ കയറ്റുന്ന രീതി, കടന്നുപോകുന്ന ബസ്സിൽ സീറ്റുണ്ടോ എന്ന് മൊബൈൽ ആപ്പ് വഴി അറിയാനുള്ള സംവിധാനം തുടങ്ങി പദ്ധതികളും അദ്ദേഹം സദസുതമായി പങ്കുവച്ചു.


ഗുദൈബിയ കൂട്ടവും അൽ മദീന ഫാഷനും ചേർന്ന് പായസവിതരണം നടത്തി

മനാമ > ബഹ്റൈനിൽ നടന്ന ഓണാഘോഷത്തിന്റെ ഭാഗമായി തിരുവോണനാളിൽ ഗുദൈബിയ കൂട്ടവും അൽ മദീന ഫാഷനും ചേർന്ന് പായസവിതരണം നടത്തി. പരിപാടിക്ക് മദീന ഫാഷൻ മക്സൂദ്, അബ്ദുൽ കരീം, മാനേജർ മുനീർ, ഗുദൈബിയ കൂട്ടം അഡ്മിൻ സുഭീഷ് നിട്ടൂർ, എക്സിക്യൂട്ടീവ് മെമ്പർ റിയാസ് വടകര, രേഷ്മ മോഹൻ, കോ- ഓഡിനേഷൻ മെമ്പർ എൻ കെ പവിത്രൻ, എസ് മുഹമ്മദ്, പ്രോഗ്രാം കമ്മിറ്റി മെമ്പർമാരായ ജിൻസിമോൾ സോണി, സമീർ കരുനാഗപ്പള്ളി,അഫ്സൽ അബ്ദുല്ല എന്നിവർ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top