Deshabhimani

സാമ്പത്തിക മേഖലയിൽ കുതിപ്പ് തുടർന്ന് ഒമാൻ: വ്യാപാര മിച്ചത്തിൽ ഗണ്യമായ വർദ്ധന

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 08, 2024, 06:41 PM | 0 min read

മസ്‌കത്ത് > ദേശീയ സ്ഥിതി വിവര കേന്ദ്രം പുറത്തു വിട്ട പ്രാഥമിക കണക്കുകൾ പ്രകാരം ഈ വർഷം ഒക്ടോബർ വരെ ഒമാന്റെ വ്യാപാരമിച്ചം 600 കോടി ഒമാനി റിയാൽ കടന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 561.1 കോടി റിയാൽ, ഈ വർഷം 606.3  ആയി ഉയർന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പെട്രോളിയത്തിന്റെയും പ്രകൃതി വാതകത്തിൻറെയും കയറ്റുമതിയിൽ 21.5 ശതമാനം വർദ്ധനവോടെ 1240 കോടിയിലേറെ കയറ്റുമതി മൂല്യം കൈവരിച്ചത്, മൊത്തം ചരക്കു കയറ്റുമതി മൂല്യത്തെ പത്തു ശതമാനം വർദ്ധിപ്പിച്ച് 1824.1 കോടി റിയാൽ എത്തുന്നതിൽ വലിയ പങ്കു വഹിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

അസംസ്‌കൃത എണ്ണയുടെ കയറ്റുമതി മൂല്യം 7.6 ശതമാനം വർദ്ധിച്ച് 761 കോടി റിയാൽ ആണെങ്കിൽ, സംസ്‌കൃത എണ്ണയുടെ കയറ്റുമതി മൂല്യം 151.6 ശതമാനത്തിന്റെ വൻ കുതിപ്പ് നേടി 297.5 കോടി ഒമാനി റിയാൽ ആയി ഉയർന്നു. ദ്രവീകൃത പ്രകൃതി വാതക കയറ്റുമതി മൂല്യം 182.2 കോടി ഒമാനി റിയാൽ ആണെന്നും ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏഴു ശതമാനം കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു.
 
എണ്ണയിതര ഉൽപ്പന്നങ്ങളുടെ കയറ്റുമതി മൂല്യം ഈ വർഷം ഒക്ടോബർ വരെയുള്ള കാലയളവിൽ 453.4 കോടി റിയാൽ ആണ്. മുൻവർഷത്തെ അപേക്ഷിച്ച് 14.1 ശതമാനം ഇടിവ് ഈ മേഖലയിൽ സംഭവിച്ചിട്ടുണ്ട്. പ്രധാന എണ്ണയിതര കയറ്റുമതി ഉൽപ്പന്നങ്ങൾ ഖനിജങ്ങളാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്  27.3 ശതമാനം കുറവോടെ 130.7 കോടി റിയാലാണ് ഈ മേഖലയിൽ നിന്നുള്ള കയറ്റുമതി മൂല്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ലോഹ ഉൽപ്പന്ന കയറ്റുമതിയിൽ 99.1 കോടി റിയാലും പ്ലാസ്റ്റിക്ക്-റബ്ബർ ഉൽപ്പന്നങ്ങളുടെ കയറ്റുമതി മൂല്യം 6.9 ശതമാനം വർദ്ധിച്ച് 72 കോടി റിയാലും ആയതായി റിപ്പോർട്ടിൽ പറയുന്നു.
 
ഈ വർഷം ഒക്ടോബർ മാസം വരെ ഒമാൻറെ റിയൽ എസ്റ്റേറ്റ് വ്യാപാരം 30.1വർദ്ധനവോടെ 294 കോടി ഒമാനി റിയാൽ നേട്ടം കൈവരിച്ചതായും സ്ഥിതിവിവര കേന്ദ്രം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇത് 226 കോടി ആയിരുന്നുവെന്നും റിയൽ എസ്റ്റേറ്റ് വ്യവഹാരങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ഫീസ് വകയിൽ, 2.1 ശതമാനം വർദ്ധനവോടെ  567 ലക്ഷം ഒമാനി റിയാൽ സമാഹരിക്കാൻ കഴിഞ്ഞതായും അവർ കൂട്ടിച്ചേർത്തു. കെട്ടിട-ഭൂമി കച്ചവട ഉടമ്പടികളുടെ ഭാഗമായി 56259 സാമ്പത്തിക വ്യവഹാരങ്ങൾ നടന്നുവെന്നും അവയുടെ ഭാഗമായി 91.34 കോടി ഒമാനി റിയാൽ വിനിമയം ചെയ്യപ്പെട്ടുവെന്നും കഴിഞ്ഞ വർഷവുമായി നോക്കുമ്പോൾ 2.9 ശതമാനം വർദ്ധന ഈ മേഖലയിലുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. പണയക്കരാറുകളുടെ എണ്ണവും മൂല്യവും മുൻവർഷത്തെ അപേക്ഷിച്ച് വൻ കുതിപ്പു നടത്തി(47.9 ശതമാനം) 202 കോടി ഒമാനി റിയാൽ എത്തി നിൽക്കുന്നവെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.



deshabhimani section

Related News

0 comments
Sort by

Home