12 August Wednesday

ഒമാനില്‍ തിരിച്ചറിയല്‍ കാര്‍ഡിന് പിഴ ഈടാക്കില്ല; താമസ വിസ വിദേശത്തു നിന്നും പുതുക്കാം

അനസ് യാസിന്‍Updated: Wednesday Jun 10, 2020
 
 
മനാമ: ഒമാനില്‍ കാലാവധി കഴിഞ്ഞ തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് എന്നിവക്ക് പിഴ ഈടാക്കില്ലെന്ന് ഒമാന്‍ പൊലിസ് അറിയിച്ചു. റോയല്‍ ഒമാന്‍ പൊലീസിന്റെ ഉപഭോക്തൃ സേവനങ്ങള്‍ പുനരാരംഭിച്ച ശേഷം ഇവ പുതുക്കാമെന്നും അവര്‍ അറിയിച്ചു.
 
കൊറോണവൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി.
 
വിസിറ്റ്, എക്‌സ്പ്രസ് വിസകളുടെ കാലാവധി ഈ മാസം 15 വരെ നീട്ടിയതായും പൊലീസ് അറിയിച്ചു. വിമാനത്താവളം അടച്ചതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്തവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
 
സന്ദര്‍ശക വിസകള്‍ ജൂണ്‍ 15 വരെ സൗജന്യമായി പുതുക്കാം. വിദേശത്തുള്ളവര്‍ക്കും രാജ്യത്തിനകത്തുള്ളവര്‍ക്കും കാലാവധി കഴിയുന്ന താമസ വിസ ഓണ്‍ ലൈനില്‍ പുതുക്കാം.
വിസ സമത്തിന് പുതുക്കിയില്ലെങ്കില്‍ പിഴയടക്കണം.
 
സന്ദര്‍ശക വിസ ലഭിച്ചെങ്കിലും വിമാനത്താവളം അടയ്ക്കുന്നതിന് മുമ്പ് രാജ്യത്തു വരാന്‍ കഴിയാത്തവര്‍ പുതിയ വിസക്ക്  അപേക്ഷിക്കണം. മാര്‍ച്ചില്‍ വിമാനത്താവളം അടയ്ക്കുന്നതിന് മുമ്പ് സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞവര്‍ ആ കാലയളവിലെ പിഴ അടക്കണം.
 
ലേബര്‍ കാര്‍ഡ് പുതുക്കിയില്ലെങ്കില്‍ പത്ത് റിയാലാണ് പിഴ. എമിഗ്രേഷന്‍ ഫൈനായി 20 റിയാലും ഈടാക്കും.
 
അതിനിടെ, കൊറോണവൈറസ് ബാധിച്ച്  ചൊവ്വാഴ്ച ഒമാനില്‍ രണ്ടു മരണവും 712 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ സ്ഥിരീകരിച്ച കേസുകള്‍ 18,198 ആയി. ആകെ മരണം 83 ആയി ഉയര്‍ന്നു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top