03 August Monday

ഒമാനിലെ സർക്കാർ മേഖലയിൽ വിദേശികളെ ഒഴിവാക്കുന്നു

അനസ് യാസിൻUpdated: Thursday Jul 2, 2020

മനാമ > ഒമാനിൽ സർക്കാർ മേഖലയിൽ നിന്നും വിദേശികളെ ഒഴിവാക്കുന്നു. പ്രവാസികൾക്ക് പകരം സ്വദേശികളെ നിയമിക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കുന്നതായി അധികൃതർ വ്യക്തമാക്കി. കൊറോണവൈറസും എണ്ണ വിലയിടിവും സാമ്പത്തിക മേഖലയിലുണ്ടാക്കിയ ആഘാതം കുറക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. കോവിഡ് സാമ്പത്തിക മേഖലയിലുണ്ടാക്കിയ പ്രത്യാഘാതം കൈകാര്യം ചെയ്യാനായി ഒമാനിൽ ജൂൺ രണ്ടാം വാരം പ്രത്യേകം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സർക്കാർ മേഖലയിൽ വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കുന്ന കാര്യം ഈ കമ്മിറ്റിക്കു കീഴിൽ പ്രത്യേക വിഭാഗമാണ് പഠിക്കുന്നത്.

പൊതു മേഖലയിലെ വിദേശ ജീവനക്കാരുടെ അവസ്ഥയും ക്രമേണ ഇവർക്ക് പകരം സ്വദേശികളെ നിയമിക്കുന്നതും കമ്മിറ്റി വിലയിരുത്തിയതായി നാഷണൽ സെന്റർ ഫോർ എംപ്ലോയ്മെന്റ് സ്റ്റിയറിംഗ് കമ്മിറ്റി മേധാവി മുഹമ്മദ് ബിൻ അഹമ്മദ് പറഞ്ഞു. കൊറോണ വൈറസ് ആഘാതം, മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ച, തൊഴിലവസരങ്ങളിലെ മുരടിപ്പ് എന്നീ അവസ്ഥകൾ വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കാൻ അനിവാര്യമാക്കിയതായും അദ്ദേഹം പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിലെ സമാനമായ പദ്ധതി ഉടൻ പ്രാബല്യത്തിൽ വരും.

50,000 ത്തിലധികം പ്രവാസികൾ ഒമാനിലെ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നു. ഏകദേശം 50 ലക്ഷം വരുന്ന ഒമാനിലെ ജനസംഖ്യയിൽ 20 ലക്ഷമാണ് പ്രവാസികൾ. കൊറോണവൈറസ് മൂലം വിമാന യാത്ര താൽക്കാലികമായി നിർത്തിവച്ചത് രാജ്യത്തെ ടൂറിസം മേഖലയ്ക്ക് ആഘാതമായി. തുടർന്ന് മെയിൽ സർക്കാർ ഏജൻസികളുടെയും സൈന്യത്തിന്റെയും ബജറ്റിൽ അഞ്ച് ശതമാനം വെട്ടിക്കുറവ് വരുത്തി. ടൂറിസം മേഖലയിൽ കൊറോണ വൈറസിന്റെ ആഘാതം ലഘൂകരിക്കുന്നതിനായി ഹോട്ടലുകളിലെ ഉപഭോക്താക്കളിൽ നിന്ന് നാലു ശതമാനം ഫീസ് ഈടാക്കുമെന്ന് ഒമാനി ടൂറിസം മന്ത്രി കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

ഒപെക്കിന് പുറത്തുള്ള ഏറ്റവും വലിയ അറബ് എണ്ണ കയറ്റുമതി രാജ്യമാണ് ഒമാൻ. ഉൽപ്പാദനം കുറക്കാനുള്ള ഒപെക് പ്ല്സ് തീരുമാനം ധക കമ്മി വർദ്ധിപ്പിക്കുമെന്ന് ആശങ്കയുണ്ട്. ഇതു പ്രകാരം ഒമാൻ ക്രൂഡ് ഉൽപാദനം 23 ശതമാനം കുറയ്ക്കേണ്ടിവരും. രാജ്യത്ത് ധനക്കമ്മി തുടർച്ചയായി ഏഴാം വർഷത്തിലേക്ക് കടന്നിരിക്കയാണ്. ഒമാനിൽ ഇതുവരെ 42,555 പേർക്ക് കൊറോണവൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 25,318 പേർക്ക് രോഗം ഭേദമായി. 118 പേർ മരിച്ചു.





 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top