മനാമ> ഒമാന്‍ ആരോഗ്യ മേഖലയില്‍ വിദേശികള്‍ക്കു പകരം കൂടുതല്‍ സ്വദേശികളെ നിയമിക്കുന്നു. ഒഴിവുള്ള വിവിധ തസ്തികകളില്‍ നിയമനത്തിനായി അപ്പോയ്ന്റ്മെന്റ് ആന്റ് മൊബിലിറ്റി വകുപ്പു മുഖേനെ അപേക്ഷിക്കാനും മന്ത്രാലയം നിര്‍ദേശിച്ചു.
രാജ്യത്തെ സര്‍വകലാശാലകളില്‍നിന്നും പുറത്തിറങ്ങിയ സ്വദേശി തൊഴിലന്വേഷകരെ ഉള്ക്കൊള്ളാനാനാണിതെന്നും മന്ത്രാലയം വ്യക്തമാക്കി.ചൊവ്വാഴ്ച സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലക്കു കീഴിലെ ഒന്‍പത് കോളേജുകളില്‍നിന്നായി 1,283 ബിരുദധാരികളാണ് പുറത്തിറങ്ങിയത്.
സര്‍വകലാശാലയിലെ കോളേജ് ഓഫ് നഴ്സിംഗ് ആന്റ് മെഡിസിനില്‍നിന്നുള്ള ബിരുദധാരികളും ഇതില്‍ ഉള്‍പ്പെടും. ഇവരെ സര്‍ക്കാര്‍ മേഖലയില്‍ ഉള്‍പ്പെടുത്തി സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കാനാണ് മന്ത്രാലയം തീരുമാനം. 2019ല്‍ ഇതുവരെ 250 വിദേശികളെ ഒഴിവാക്കി പകരം ഒമാന്‍ സ്വദേശികളെ നിയമിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതിനിടെ, നിര്‍മാണ, ശുചീകരണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക് വിദേശ തൊഴിലാളികളെ കൊണ്ടുവരാന്‍ വിസ നല്‍കുന്നത് ആറു മാസത്തേക്ക് നിര്‍ത്തിവെച്ചതായി ഒമാന്‍ മാനവശേഷി മന്ത്രാലയം അറിയിച്ചു. എന്നാല്‍ നൂറിലധികം തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക് നിരോധം ബാധകമല്ല.
സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും തീരുമാനം ബാധകമല്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കി. ഒമാനില്‍ ജോലി ചെയ്യുന്ന 17 ലക്ഷം വിദേശ തൊഴിലാളികളില്‍ അഞ്ചുലക്ഷം പേര് നിര്‍മാണ മേഖലയിലാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഒമാനിലെ വിദേശി തൊഴിലാളികളുടെ എണ്ണം 17 ശതമാനം കുറഞ്ഞിരുന്നു.