28 May Thursday

ഒഴുക്കില്‍പെട്ട് മരിച്ച രണ്ട് മലയാളികളുടെ മൃതദേഹം ഒമാനില്‍ സംസ്‌കരിക്കും

അനസ് യാസിന്‍Updated: Saturday Mar 28, 2020
മസ്‌കത്ത് > ഒമാനിലെ ഇബ്രിയില്‍ വാദി (മലവെള്ള പാച്ചിലില്‍)യില്‍ ഒഴുക്കില്‍ പെട്ട് മരിച്ച കൊല്ലം തെക്കേവിള സ്വദേശി ഉത്രാടം വീട്ടില്‍ സുജിത് സുപ്രസന്നന്റെയുംകണ്ണൂര്‍ തലശ്ശേരി എരഞ്ഞോളി സ്വദേശി മാറോളി പുത്തന്‍പുരയില്‍ ബിജീഷിന്റെയും മൃതദേഹങ്ങള്‍ ഒമാനില്‍ തന്നെ സംസ്‌കരിക്കുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറിയും കേരള പ്രവാസി ക്ഷേമനിധി ഡയരക്ടറുമായ പിഎം ജാബിര്‍ അറിയിച്ചു. ഞായറാഴ്ച സൊഹാര്‍ ശ്മശാനത്തിലാണ് സംസ്‌കരം.
 
മാര്‍ച്ച് 22ന് ഞായറാഴ്ചയാണ് സഞ്ചരിച്ച കാര്‍ ഒഴുക്കില്‍പെട്ട് ഇരുവരെയും കാണാതയത്. പെട്ടെന്നുണ്ടായ മലവെള്ളപാച്ചിലില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒഴുക്കില്‍പെട്ടാണ് അപകടം. പിറ്റേദിവസം ഒഴുക്കില്‍പെട്ട സ്ഥലത്തുനിന്നും അല്‍പ്പം അകലെയായാണ് മൃതദേഹങ്ങള്‍ കണ്ടത്.
 
ഇബ്രിയിലെ അറാഖിയില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുകയായിരുന്ന ഇരുവരും അമ്ലയിലെ തങ്ങളുടെ തന്നെ മറ്റൊരു കടയിലേക്ക് പോകുന്നതിനിടെയാണ് അപകടം.  
 
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് ഒമാനില്‍ തന്നെ സംസ്‌കരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അന്തിമ അനുമതി ഞായറാഴ്ച രാവിലെ ലഭിക്കുമെന്നാണ് പ്രതീക്ഷ. ആവശ്യമായ രേഖകള്‍ ശരിയായല്‍ ഉച്ചയോടെ സംസ്‌കാരം നടക്കും.
 
തെരച്ചിലിന് നേതൃത്വം നല്‍കിയ റോയല്‍ ഒമാന്‍ പൊലീസിനും മറ്റ് അധികാരികള്‍ക്കും ഇന്ത്യന്‍ എമ്പസ്സിക്കും തെരച്ചിലിനും തുടര്‍ന്നുള്ള സംസ്‌കാര പ്രവര്‍ത്തനങ്ങള്‍ക്കും സഹകരിച്ച ഇബ്രിയിലെ കേരളാ വിംഗ് പ്രവര്‍ത്തകര്‍ക്കും ജാബിര്‍ നന്ദി അറിയിച്ചു.
 
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗത്തിന്റെ സജീവ പ്രവര്‍ത്തകരായിരുന്നു ഇരുവരും. സുജിത്തിന്റെ മാതാപിതാക്കളും ഭാര്യയും കുട്ടിയും ഒമാനിലുണ്ട്. ബിജീഷും കുടുംബസമേതമായിരുന്നു താമസം. 
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top