06 July Wednesday

വിദേശനഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നഴ്‌സിംഗ് ബോര്‍ഡുമായി തുടര്‍ചര്‍ച്ച നടത്തി മൈഗ്രന്റ് നഴ്‌സസ് അയര്‍ലന്റ്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 22, 2022

ഡബ്ലിന്‍> വിദേശനഴ്‌സുമാരുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നടത്തിയ ഓണ്‍ലൈന്‍ മീറ്റിംഗില്‍ നഴ്‌സിംഗ് ബോര്‍ഡ് രജിസ്‌ട്രേഷന്‍ വകുപ്പ് മേധാവി റേ ഹീലി, കമ്മ്യൂണിക്കേഷന്‍സ് വകുപ്പ് മേധാവി ഗ്രെ ഹാര്‍ക്കിന്‍,മൈഗ്രന്റ് നഴ്‌സസ് അയര്‍ലണ്ട് നാഷണല്‍ കണ്‍വീനര്‍ വര്‍ഗ്ഗീസ് ജോയ്, ജോയിന്റ്-കണ്‍വീനര്‍ ഐബി തോമസ്, നാഷണല്‍ മെമ്പര്‍ഷിപ് കോര്‍ഡിനേറ്റര്‍ വിനു കൈപ്പിള്ളി, സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സോമി തോമസ് എന്നിവര്‍ പങ്കെടുത്തു.

പുതിയതായി അയര്‍ലന്റിലെത്തുന്ന നഴ്‌സുമാര്‍ നേരിടുന്ന നാല് പ്രശ്‌നങ്ങളാണ് എം എന്‍ ഐ പ്രധാനമായും യോഗത്തില്‍ ഉന്നയിച്ചത്. എം എന്‍ ഐക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് നഴ്‌സുമാര്‍ അയച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ശേഖരിച്ച വിശദമായ ഡാറ്റ യോഗത്തിനു മുന്‍പ് തന്നെ എന്‍ എം ബി ഐക്ക് സമര്‍പ്പിച്ചിരുന്നു. ഇക്കാര്യം വിശദമായി യോഗം ചര്‍ച്ച ചെയ്തു. എം എന്‍ ഐയുടെ തന്നെ മുന്‍കാല പരാതിയുടെ അടിസ്ഥാനത്തില്‍ പലനടപടികളും എന്‍ എം ബി ഐ കൈക്കൊണ്ടിരുന്നുവെങ്കിലും അവയൊന്നും പൂര്‍ണ്ണമായും ഫലം കണ്ടില്ല എന്നും കാലതാമസം ഇപ്പോഴും നിലനില്‍ക്കുന്നു എന്നത് യാഥാര്‍ഥ്യമാണെന്നും രജിസ്‌ട്രേഷന്‍ വകുപ്പ് മേധാവി റേ ഹീലി അഭിപ്രായപ്പെട്ടു.

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി 100 ശതമാനത്തോളം വര്‍ധന അപേക്ഷകരുടെ എണ്ണത്തില്‍ ഉണ്ടായതും ഒരു കാരണമായി റേ ഹീലി ചൂണ്ടിക്കാട്ടി. 2020ല്‍, 2400 ഡിസിഷന്‍ ലെറ്ററുകള്‍ നല്‍കിയെങ്കില്‍ ഈ വര്‍ഷം ഇതുവരെ മാത്രം 2200ഓളം ഡിസിഷന്‍ ലെറ്ററുകള്‍ നല്‍കി കഴിഞ്ഞതായി റേ ഹീലി അറിയിച്ചു. എങ്കിലും നിലവിലുള്ള കാലതാമസം ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് റേ ഹീലി എം എന്‍ ഐക്ക് ഉറപ്പു നല്‍കി.  

രണ്ടാമതായി ഉന്നയിക്കപ്പെട്ട വിഷയം, അയര്‍ലന്റിലെത്തി ആപ്റ്റിട്യൂട് ടെസ്റ്റും അഡാപ്‌റ്റേഷനും പാസായ നഴ്‌സുമാരോട് സി സി പി എസ് സര്‍ട്ടിഫിക്കറ്റ് അഥവാ ഗുഡ് സ്റ്റാന്റിംഗ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും അത് ലഭിക്കുന്നതിനുള്ള കാലതാമസം നഴ്‌സുമാര്‍ക്ക് രജിസ്‌ട്രേഷന്‍ ലഭിക്കുന്നത് വൈകിപ്പിക്കുകയും ചെയ്യുന്നു എന്നതാണ്.

അയര്‍ലന്റില്‍ നിന്നു ഇന്ത്യയിലെ നഴ്‌സിംഗ് കൗണ്‍സിലില്‍ നിന്ന് ഗുഡ് സ്റ്റാന്റിംഗ് സര്‍ട്ടിഫിക്കറ്റ് അപേക്ഷിച്ചാല്‍ അത് യഥാസമയം ലഭിക്കുക എന്നത് വളരെ വിഷമകരമായ സംഗതിയാണ് എന്ന കാര്യം എം എന്‍ ഐ യോഗത്തെ ധരിപ്പിച്ചു. നിലവില്‍ ജോലി ചെയ്തിരുന്ന നഴ്‌സുമാര്‍ ഒരു വര്‍ഷത്തിനുള്ളില്‍ വാലിഡിറ്റി ഉള്ള ഗുഡ് സ്റ്റാന്റിംഗ് സര്‍ട്ടിഫിക്കറ്റ് ആണ് സമര്‍പ്പിക്കേണ്ടത്. സിസിപിഎസ് ഒരു വര്‍ഷത്തിലേറെ പഴക്കമുള്ളതാണെങ്കില്‍ പുതിയത് സമര്‍പ്പിക്കണം. പുതിയ ഗുഡ് സ്റ്റാന്റിംഗ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട ആവശ്യമുള്ള നഴ്‌സുമാരോട് അവര്‍ അയര്‍ലന്റില്‍ എത്തുന്നതിനു മുന്‍പ് ഡിസിഷന്‍ ലെറ്റര്‍ നല്‍കുന്ന സമയത്തു എന്‍ എം ബി ഐ ഇക്കാര്യം അവരോടു ആവശ്യപ്പെടുകയാണെങ്കില്‍ ഈ പ്രശനം പരിഹരിക്കാം എന്ന നിര്‍ദ്ദേശം എം എന്‍ ഐ യോഗത്തിനു മുന്‍പാകെ വക്കുകയും ഇക്കാര്യം പരിഗണിക്കാമെന്ന്  എന്‍ എം ബി ഐ യോഗത്തില്‍ ഉറപ്പുനല്‍കുകയും ചെയ്തു.

നിലവില്‍ അഡാപ്‌റ്റേഷനും ആപ്റ്റിട്യുടും പാസായ ശേഷം രജിസ്‌ട്രേഷന് അപേക്ഷിക്കുന്ന സമയത്തു ഐ ഇ എല്‍ ടി എസ്/ഓ ഇ ടി സെര്‍ട്ടിഫിക്കറ്റുകള്‍ വാലിഡ് ആയിരിക്കണമെന്ന വ്യവസ്ഥ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന കാര്യവും രജിസ്‌ട്രേഷന് വരുന്ന കാലതാമസം അപേക്ഷയുടെ അവസാന ഘട്ടമെത്തുമ്പോഴേക്കും ചില നഴ്‌സുമാരുടെ ഐ ഇ എല്‍ ടി എസ്/ഓ ഇ ടി കാലാവധി കഴിയുന്നത് മൂലം അവര്‍ക്കു വീണ്ടും ഇംഗ്ലീഷ് ടെസ്റ്റ് എടുക്കേണ്ടി വരുന്നതായി വരുന്ന കാര്യവും എന്‍ എം ബി ഐ ഭാരവാഹികളുടെ ശ്രദ്ധയില്‍ പെടുത്തി. കഴിയുമെങ്കില്‍ മുന്‍കാലങ്ങളിലേതുപോലെ അപേക്ഷയുടെ ആദ്യഘട്ടത്തില്‍ തന്നെ  ഐ ഇ എല്‍ ടി എസ്/ഓ ഇ ടി സെര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുന്ന രീതി പുനഃസ്ഥാപിക്കണമെന്നു എം എന്‍ ഐ യോഗത്തില്‍ ആവശ്യപ്പെട്ടു. ഐ ഇ എല്‍ ടി എസ്, ഓ ഇ ടി സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി നിലവിലെ രണ്ടു വര്‍ഷത്തില്‍ നിന്ന് വര്‍ധിപ്പിക്കണമെന്ന എന്‍ എം ബി ഐയുടെ അഭിപ്രായം അതാത് പരീക്ഷ ഏജന്‍സികളെ അറിയിക്കുമെന്നും റേ ഹീലി ഉറപ്പു നല്‍കി.

അവസാനമായി ഉന്നയിക്കപ്പെട്ട വിഷയം ആപ്റ്റിട്യൂട് ടെസ്റ്റും അഡാപ്‌റ്റേഷനും നടത്തുന്ന രീതിയിലെ അപാകതകളാണ്. നിലവില്‍ ഇവ നടത്തുന്ന രീതി വിദേശ നഴ്‌സുമാരോട് സൗഹൃദപരമായ അല്ലെങ്കില്‍ അവരുടെ കഴിവും അറിവും പൂര്‍ണ്ണവുമായി പ്രകടിപ്പിക്കാന്‍ ഉതകുന്ന രീതിയില്‍ അല്ല എന്ന കാര്യം എം എന്‍ ഐ യോഗത്തില്‍ ശക്തമായി അവതരിപ്പിച്ചു. പുതിയ ഒരു രാജ്യത്തു, അവര്‍ ജോലി ചെയ്തിരുന്നതില്‍ നിന്ന് വ്യത്യസ്തമായ ആരോഗ്യരംഗത്ത് ജോലി ചെയ്യേണ്ടി വരുമ്പോള്‍ നേരിടേണ്ടി വരുന്ന മാനസിക സമ്മര്‍ദ്ദം കണക്കിലെടുക്കാതെയാണ് നിലവില്‍ അസ്സെസ്സ്‌മെന്റുകള്‍ നടക്കുന്നത്. ഈ പരീക്ഷാ രീതികളുടെ ഒരു സമഗ്രമായ നവീകരണവും അത് നടത്തുന്ന ഹോസ്പിറ്റലുകളില്‍ ക്ര്യത്യമായ ഓഡിറ്റിങും ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഫീഡ്ബാക്കും ശേഖരിക്കാനുമുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും യോഗത്തില്‍ എം എന്‍ ഐ ആവശ്യപ്പെട്ടു. നിലവിലെ അഡാപ്‌റ്റേഷന്‍ സംവിധാനം 20 വര്‍ഷത്തിലേറെ പഴക്കമുള്ളതാണെന്നും അവ നവീകരിക്കാന്‍ എം എന്‍ ഐ വച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാമെന്നും യോഗത്തില്‍  റേ ഹീലി ഉറപ്പുനല്‍കി. അയര്‍ലണ്ടിലെ ചില ആശുപത്രികള്‍ ആപ്റ്റിട്യൂട് പരീക്ഷ പാസ്സായ വിദേശ നഴ്‌സുമാരെകൊണ്ട്  അഡാപ്‌റ്റേഷനും നിര്‍ബന്ധിതമായി ചെയ്യിക്കുന്നു എന്ന കാര്യവും എം എന്‍ ഐ എന്‍ എം ബി ഐയുടെ ശ്രദ്ധയില്‍ പെടുത്തി. റെജിസ്‌ട്രേഷന്‍ ലഭിക്കാന്‍ ഒന്നുകില്‍ ആപ്റ്റിട്യുടോ അല്ലെങ്കില്‍ അഡാപ്‌റ്റേഷനോ മതിയെന്നിരിക്കെ ഇത് രണ്ടും ഒരാളെക്കൊണ്ട് ചെയ്യിക്കുന്നത് ചട്ട വിരുദ്ധമാണെന്നും ഇക്കാര്യം പരിശോധിക്കാമെന്നും യോഗത്തില്‍ റേ ഹീലി ഉറപ്പു നല്‍കി.

തുടര്‍നടപടികള്‍  വിലയിരുത്താന്‍  ജൂലൈ ആറാം തിയ്യതി എന്‍ എം ബി ഐ സി ഇ ഓ ഷീല മക്ലാന്‍ഡുമായി എം എന്‍ ഐ ഭാരവാഹികള്‍ ചര്‍ച്ച നടത്തും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top