23 September Wednesday

പ്രവാസി പുനരാധിവാസത്തിന് വിപുലമായ പദ്ധതിയുമായി നോർക്ക റൂട്ട്സ്‌

കെ സി സജീവ് തൈക്കാട്Updated: Sunday Aug 9, 2020

ലോകം കോവിഡ് 19 എന്ന മഹാമാരിയെ നേരിട്ട് കൊണ്ടിരിക്കുകയാണ് .ലോക രാജ്യങ്ങൾ ഒന്നടങ്കം വികസന പ്രവർത്തനങ്ങൾ അടക്കം മാറ്റി വച്ച് തങ്ങളുടെ വിഭവശേഷി മുഴുവൻ ഈ മഹാമാരിയെ നേരിടാൻ ഉപയോഗിക്കുകയാണ്‌. കേരളത്തിൽ മികച്ച രീതിയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ആണ് നടന്നു വരുന്നത് .വിദേശ മാധ്യമങ്ങൾ പോലും വാഴ്ത്തുകയും ലോകത്തിനാകെ  മാതൃകയാവുന്ന രീതിലുമാണ് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലെ  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മുന്നേറുന്നത്.

കടുത്ത സാമ്പത്തിക  പ്രതിസന്ധി  വേളയിലും ബഡ്ജറ്റിലടക്കം പ്രഖ്യാപിച്ച പ്രവാസി ക്ഷേമ പദ്ധതികൾ മുടക്കം വരാതെ മുന്നോട്ട് പോവുകയാണ്. ഈ  കാലഘട്ടത്തിൽ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങി വരുന്ന പ്രവാസികളുടെ സംരക്ഷണം ഉറപ്പുവരുത്തികൊണ്ട് കേരള സർക്കാർ നോർക്ക റൂട്ട്സ് വഴി നിരവധി പദ്ധതികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

അതിൽ എടുത്ത് പറയേണ്ട ഒരു പദ്ധതിയാണ് നോർക്ക ഡിപ്പാർട്ട്മെന്റ് പ്രൊജക്റ്റ്   ഫോർ റിട്ടേർഡ് എമിഗ്രൻസ്(NDPREM) . ഈ പദ്ധതി വിപുലീകരിക്കുകയും കേരളത്തിൽ തെരഞ്ഞെടുക്കപെട്ട ധനകാര്യ സ്ഥാപനങ്ങളായ കാനറാ ബാങ്ക് , യൂണിയൻ ബാങ്ക്, യൂക്കോ ബാങ്ക്  ,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ,ഇന്ത്യൻ ഓവർസീസ് ബാങ്ക് ,സൗത്ത് ഇന്ത്യൻ ബാങ്ക് ,ഫെഡറൽ ബാങ്ക് ,കേരള ബാങ്ക് ,ബാങ്ക് ഓഫ് ബറോഡ,പ്രവാസീസ് ലിമിറ്റഡ് ,പിന്നോക്ക വികസന കോർപ്പറേഷൻ,എസ് സി / എസ് റ്റി വികസന കോർപ്പറേഷൻ ,കാർഷിക ഗ്രാമ വികസന ബാങ്ക് ,തുടങ്ങിയ ധനകാര്യ സ്ഥാപങ്ങളുടെ അറുന്നൂറോളം വരുന്ന ശാഖകൾ മുഖാന്തിരം പ്രവാസികളുടെ വായ്പക്കുള്ള നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞു.

ഇത് സമാനതകൾ ഇല്ലാത്തതും കേരള സർക്കാരിന്റെ പ്രവാസി മേഖലയിലെ കരുതലിന്റെയും സംരക്ഷണത്തിന്റെയും പ്രധാനപ്പെട്ട ഉദാഹരണമായി എടുത്തുകാട്ടാവുന്നതാണ് . രണ്ട് വർഷമെങ്കിലും വിദേശത്ത് താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്‍തിട്ട് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങി വന്നിട്ടുള്ള ഏതൊരു പ്രവാസിക്കും ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാകുന്നതാണ് .ഒറ്റയ്‌ക്കൊ ഗ്രൂപ്പ് ആയോ അല്ലെങ്കിൽ കമ്പനികളോ സൊസൈറ്റികളോ രൂപീകരിച്ചോ ഈ പദ്ധതിയിൽ ചേരാവുന്നതാണ് .വ്യക്തിഗതമായി ഒരാൾക്ക് മുപ്പത് ലക്ഷം രൂപ വരെ പദ്ധതിയുടെ ഭാഗമായി വായ്പ എടുക്കാവുന്നതാണ് .ഇതിന് പരമാവധി മൂന്ന് ലക്ഷം രൂപ സബ്‌സിഡി ലഭിക്കുന്നതാണ്. പലിശയിലും നാല് വർഷത്തേക്ക് മൂന്ന് ശതമാനം സബ്‌സിഡി ലഭിക്കും .ഈ പദ്ധതിയിൽ ഭാഗവാക്കാവുന്ന അപേക്ഷകർക്ക് മേഖലാടിസ്ഥാനത്തിൽ ബോധവൽക്കരണ സെമിനാറുകളും പരിശീലന ക്ലാസ്സുകളും നോർക്ക റൂട്ട്സ് നടത്തി വരുന്നു .

ഫാം ടൂറിസം ,സംയോജിത കൃഷി ,ഭക്ഷ്യ സംസ്കരണം ,ക്ഷീരോല്പാദനം ,മത്സ്യ കൃഷി ,ആട്-കോഴി വളർത്തൽ ,പുഷ്പ കൃഷി ,പച്ചക്കറി കൃഷി ,തേനീച്ച വളർത്തൽ തുടങ്ങിയവ കാർഷിക വ്യവസായ മേഖലയിലും, മൊത്ത വ്യാപാര-വിതരണ, സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയ കച്ചവട മേഖലയിലും ,റെസ്റ്റോറന്റുകൾ,ഹോം സ്റ്റേ,റിപ്പയർ ഷോപ്പുകൾ തുടങ്ങിയവ സേവന മേഖലയിലും ,ഫർണിച്ചർ തടി വ്യവസായം ,ബേക്കറി ഉത്പന്നങ്ങൾ ,കമ്പ്യൂട്ടർ ഉപകരണങ്ങൾ ,സലൂണുകൾ ,ബ്യുട്ടി പാർലറുകൾ,പേപ്പർ റീ സൈക്ലിംഗ് യൂണിറ്റ്  ,പൊടിമില്ലുകൾ ,ചെറുകിട വ്യാപാര സ്ഥാപങ്ങൾ തുടങ്ങിയവ ചെറുകിട ഉല്പാദന നിർമ്മാണ മേഖലകളിലും ഈ വായ്പകൾ ലഭ്യമാണ്.

പൊതുമേഖലാ സ്ഥാപനമായ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയുമായി (MPI) സഹകരിച്ചുകൊണ്ട് തിരികെ വന്ന പ്രവാസികൾക്ക് സുസ്ഥിര വരുമാനം ഉറപ്പുവരുത്തുന്നതിന് വേണ്ടി ആധുനിക മാംസ വില്പനശാല ,ആട് -മാട് വളർത്തൽ ,കിടാരി വളർത്തൽ ,മാംസ വില്പന ശാലയോടുകൂടിയ ഭക്ഷണശാല തുടങ്ങിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് കഴിയും .നഗര -ഗ്രാമ ഭേദമെന്യേ നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ തിരികെയെത്തിയ പ്രവാസികൾക്ക് വളരെ സഹായകരമാകുന്നു. ഇതിന് അപേക്ഷിക്കുന്ന പ്രവാസികൾക്ക് മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യക്ക് പ്രൊജക്റ്റ് തയ്യാറാക്കിക്കൊടുക്കുന്നതോടൊപ്പം ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്നു . എം പി ഐ യുടെ നിബന്ധനകൾക്ക് അനുസരിച്ചുള്ള യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് .നിലവിലുള്ള  ഇത്തരം സംരംഭങ്ങൾ വിപുലപ്പെടുത്താനും വായ്പയ്ക്ക് അപേക്ഷിക്കാം. പദ്ധതിയ്ക്ക് അപേക്ഷിക്കുന്ന പ്രവാസികൾ www.norkaroots.org  എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാവുന്നതാണ് .

പ്രവാസി ഡിവിഡൻറ് പദ്ധതി

പ്രവാസി മലയാളികളുടെ സമ്പാദ്യ ശീലവും ജീവിത സുരക്ഷയും ഉറപ്പുവരുത്തുവാൻ വേണ്ടി കേരള സർക്കാർ നോർക്ക വെൽഫെയർ ബോർഡ് വഴി ആവിഷ്ക്കരിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് പ്രവാസി ഡിവിഡൻറ് പദ്ധതി 2019 ഡിസംബർ 14 നു കേരളത്തിൻറെ പ്രിയങ്കരനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉത്‌ഘാടനം ചെയ്‌ത്‌ ആരംഭിച്ച ഈ പദ്ധതി ലോകത്തെ പിടിച്ചുകുലുക്കിയ മഹാമാരിയുടെ കാലഘട്ടത്തിലും 7 മാസം പിന്നിടുമ്പോൾ നൂറ് കോടി കടന്നു എന്നതുതന്നെ ഈ പദ്ധതി പ്രവാസി സമൂഹം രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു എന്നതിന്റെ തെളിവായി കണക്കാക്കേണ്ടതാണ്.ഏഷ്യ, യൂറോപ്പ് ,വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ 20 രാജ്യങ്ങളിൽ നിന്ന് തൊള്ളായിരത്തോളം പ്രവാസികളാണ് ഇതുവരെ ഈ പദ്ധതിയിൽ ചേർന്നിട്ടുള്ളത്. മൂന്ന് ലക്ഷം രൂപ മുതൽ അൻപത്തിയൊന്ന് ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന ദീർഘകാല പദ്ധതിയിൽ നിക്ഷേപ തീയതി മുതൽ മൂന്ന് വർഷംകഴിയുന്ന മുറയ്ക്ക് നിക്ഷേപകന് പ്രതിമാസ ഡിവിഡന്റ് ലഭ്യമാക്കുന്നതാണ് .ആദ്യ മൂന്ന് വര്ഷങ്ങളിലെ പത്തുശതമാനം നിരക്കിലുള്ള വാർഷിക ഡിവിഡന്റ് നിക്ഷേപ തുകയോട് കൂട്ടിച്ചേർക്കുന്നതാണ് .മൂന്നാമത്തെ  വർഷം അവസാനമുള്ള നിക്ഷേപത്തുകയുടെ പത്തു ശതമാനം ആയിരിക്കും ഡിവിഡന്റ് ആയി നൽകുന്നത് . മുപ്പത്തിയേഴാമത്‌ മാസം മുതൽ അവരുടെ അക്കൗണ്ടിലേക്ക് ഡിവിഡൻറ് തുക എത്തിച്ചേരുകയും ചെയ്യും .ഇതിൽ എടുത്തുപറയേണ്ട പ്രത്യേകത എന്ന് പറയുന്നത് നിക്ഷേപകൻറെ ജീവിതകാലം മുഴുവനും നിക്ഷേപിച്ച തുകയുടെ പത്തു ശതമാനം ഡിവിഡൻറ് കിട്ടുകയും നിക്ഷേപകൻറെ കാലശേഷം പങ്കാളിക്കും ജീവിതാവസാനം വരെ ഈ ഡിവിഡൻറ് കിട്ടും എന്നുള്ളതാണ് .പങ്കാളിയുടെ കാലശേഷം ആരെയാണോ അവകാശിയായി വയ്ക്കുന്നത് അവർക്ക് ഈ നിക്ഷേപതുക തിരികെ ലഭിക്കുകയും ചെയ്യും.
 

www.pravasikerala.org എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി ഈ പദ്ധതിയിൽ ചേരാവുന്നതാണ്.

പ്രവാസി മേഖലയിൽ നോർക്ക വെൽഫെയർ ബോർഡ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഈ ക്ഷേമപദ്ധതിയിൽ വിദേശത്ത്  നിൽക്കുന്നതും മടങ്ങിവരുന്നവരുമായ മുഴുവൻ പ്രവാസികളും അംഗത്വം എടുക്കുകയും അതുവഴി ജീവിത സുരക്ഷാ ഉറപ്പു വരുത്തേണ്ടതുമാണ് .അതോടൊപ്പം തന്നെ നമ്മൾ നിക്ഷേപിക്കുന്ന ഓരോ തുകയും നാടിന്റെ പുരോഗതിക്കുവേണ്ടി ഉപയോഗിക്കാൻ പറ്റും എന്നുള്ളത് ഈ പദ്ധതിയുടെ ഒരു പ്രത്യേകതയായി എടുത്തു പറയേണ്ട ഒന്നാണ് .

കേന്ദ്ര സർക്കാർ പ്രവാസി സമൂഹത്തോട് കടുത്ത അവഗണയാണ് വച്ച് പുലർത്തുന്നത്. കേന്ദ്രം  പ്രഖ്യാപിച്ച പാക്കേജിൽ പ്രവാസികൾക്ക് യാതൊരു പരിഗണനയും നൽകിയിട്ടില്ല.സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും കേന്ദ്ര സർക്കാർ നൽകേണ്ടതായ ജി എസ് റ്റി വിഹിതമടക്കം പിടിച്ചു വച്ചിരിക്കുകയാണ്.ഇന്ത്യയിലാദ്യമായി ഇരുപതിനായിരം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു കൊണ്ടാണ് ശ്രീ പിണറായി വിജയൻ സർക്കാർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു ശക്തി പകർന്നത്. വിദേശ രാജ്യങ്ങളിൽ നിന്നും അവധിക്ക് നാട്ടിലെത്തുകയും തിരികെ പോകാൻ കഴിയാത്ത പ്രവാസികൾക്ക് അയ്യായിരം രൂപയുടെ ധനസഹായം നോർക്ക റൂട്ട്സ് വഴി നൽകാനുള്ള നടപടികൾ നടന്നു വരുന്നു. തൊഴിൽ നഷ്ടപ്പെട്ട്നാട്ടിൽ എത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് ഊന്നൽ നൽകി വിവിധ പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നത്.കേരള സർക്കാരിന്റെ പ്രവാസികളോടുള്ള ഈ കരുതൽ പ്രത്യാശയോടുകൂടിയാണ് പ്രവാസി സമൂഹം നോക്കി കാണുന്നത്.
(കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഡയറക്ടര്‍ ആണ് ലേഖകന്‍)
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top