06 December Friday

സർക്കാർ സഹായിച്ചു; കണ്ണൂർ സ്വദേശിയുടെ മൃതദേഹം സൗദിയിൽ നാട്ടിലെത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019

ദമ്മാം> ഗൾഫ് രാജ്യങ്ങളിൽ മരിക്കുന്ന  പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതി പ്രകാരം കണ്ണൂർ സ്വദേശിയായ ലെസ്ലി ഐസക്കിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞയാഴ്ചയാണ്‌  സൗദി ജുബൈലിൽ ലെസ്ലി ഹൃദയാഘാതം മൂലം മരിച്ചത്‌.

ദമ്മാം സെൻട്രൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന  മൃതദേഹം ചൊവ്വാഴ്ച  വൈകിട്ട് ഇത്തിഹാദ് എയർവെയ്‌സ് വിമാനത്തിൽ കോഴിക്കോട്ടും അവിടുന്ന് നോർക്കയുടെ സൗജന്യ ആംബുലൻസ് മുഖേന കണ്ണൂരിലെ വീട്ടിലും എത്തിച്ചു. 

സ്‌പോൺസറുടെ ഭാഗത്തു നിന്നും സാമ്പത്തിക സഹായം ലഭിക്കാതിരുന്നതിനാൽ ലെസ്ലിയുടെ സഹോദരൻ നവോദയ പ്രവർത്തകരെ ബന്ധപ്പെട്ടു.  തുടർന്ന് പ്രവാസിക്ഷേമ ബോർഡ് ഡയറക്റ്റർ ജോർജ് വർഗീസ്, നവോദയ സാമൂഹ്യക്ഷേമ വിഭാഗം കൺവീനർ നൗഷാദ് അകോലത്ത് എന്നിവർ നോർക്ക റൂട്ട്സ് സി ഇ ഓ ഹരികൃഷ്ണൻ നമ്പൂതിരിയുമായി നടത്തിയ ഇടപെടലിലാണ്‌ മൃതദേഹം നാട്ടിലെത്തിച്ചത്‌. 

ക്യാൻസർ രോഗിയായ ഭാര്യയും ഒരുമകനുമടങ്ങിയ ലെസ്ലിയുടെ കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുകയാണ്.മൃതദേഹം എംബാം ചെയ്യുന്നതുൾപ്പെടെയുള്ള മറ്റു ചിലവുകൾ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നാണ് സ്വരൂപിച്ചത്. രേഖകൾ ശരിയാക്കുന്നതിന്  സാമൂഹ്യ പ്രവർത്തകൻ സിറാജ് പുറക്കാടിന്റെ സഹായം ലഭ്യമായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top