10 August Monday

കുവൈത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 11 മരണം

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020
 
കുവൈത്ത്‌സിറ്റി: കൊറോണവൈറസ് ബാധിച്ച് കുവൈത്തില്‍ ശനിയാഴ്ച രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 11 പേര്‍കൂടി മരിച്ചു. 1,008 പേര്‍ക്ക പുതുതായി രോഗം സ്ഥിരീകരിച്ചു. 
രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കോവിഡ്-19 കേസുകള്‍ 26,192 ആയി ഇതില്‍ 205 പേര്‍ മരിച്ചു. ഗള്‍ഫില്‍ മരണനിരക്കില്‍ കുവൈത്ത് ആണ് മൂന്നാം സ്ഥാനത്ത്. 
കോഴിക്കോട് വടകര ലോകനാര്‍കാവ് സ്വദേശി കുഞിപറമ്പത്ത് അജയന്‍ പദ്മനാഭന്‍(48), പത്തനംതിട്ട കോഴഞ്ചേരി നാരങ്ങാനം സ്വദേശി കാവുങ്കല്‍ ശശി കുമാര്‍(52) എന്നിവരാണ് മരിച്ച മലയാളികള്‍.   
3,661 പേരില്‍ നടത്തിയ പരിശോധനയിലാണ് പുതിയ കേസുകള്‍ കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ രോഗികളില്‍ 229 പേര്‍ ഇന്ത്യക്കാര്‍. കുവൈത്തില്‍ ഇതുവരെ 8125 ഇന്ത്യക്കാര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 
ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേര്‍ക്കും സമ്പര്‍ക്കത്തെ തുടര്‍ന്നാണ് വൈറസ് ബാധിച്ചത്. 
പുതിയ രോഗികളില്‍ 324 പേര്‍ ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നിന്നുള്ളവര്‍. അഹമ്മദി- 215, ജഹറ -196, ഹവല്ലി-163, കാപിറ്റല്‍ ഗവര്‍ണറേറ്റ്-110 എന്നിങ്ങനെയാണ് മറ്റ് ഗവര്‍ണറേറ്റില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍. 
പുതിയ കേസുകളില്‍ ഭൂരിഭാഗവും സമ്പര്‍ക്കത്തിലൂടെയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പുതുതായി 883 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ രോഗമുക്തര്‍ 10,156 ആയി. നിലവില്‍ 15,831 പേരാണ് ചികിത്സയില്‍. ഇതില്‍ 206 പേര്‍ അത്യസന്ന നിലയിലാണ്. 
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top