16 September Monday

ഭാര്യയുടെ സ്പോണ്‍സര്‍ഷിപ്പിലുള്ള ഭര്‍ത്താവിനും യുഎഇയില്‍ വര്‍ക്ക് പെര്‍മിറ്റ്

അനസ് യാസിന്‍Updated: Sunday Jul 28, 2019

മനാമ > ഭാര്യയുടെ സ്പോണ്‍സര്‍ഷിപ്പില്‍ കഴിയുന്ന പുരുഷന്‍മാര്‍ക്കും വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചു തുടങ്ങിയതായി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം.
ഭര്‍ത്താവിന്റേയോ പിതാവിന്റെയോ സ്പോണ്‍സര്‍ഷിപ്പില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് മാത്രമായിരുന്നു നേരത്തെ വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചിരുന്നത്. എന്നാല്‍, സ്ത്രീകള്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഭര്‍ത്താവ്, പിതാവിന്റെ സ്പോണ്‍സര്‍ഷിപ്പിലുള്ള സ്ത്രീ, പുരുഷന്‍, കുടുംബ താമസ വിസയില്‍ കഴിയുന്ന 18 വയസ് പൂര്‍ത്തിയായ മക്കള്‍ എന്നിവരെയും വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാന്‍ യോഗ്യരായവരില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

കുടുംബത്തിന്റെ പ്രതിമാസ വരുമാനം വര്‍ധിപ്പിക്കാനും അതുവഴി കുടുംബ സ്ഥിരത ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് നടപടിയെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സെയ്ഫ് അഹമ്മദ് അല്‍ സുവൈദി വ്യക്തമാക്കി. രാജ്യത്തിനകത്തുനിന്ന് തന്നെ ആവശ്യമായ തൊഴിലാളികളെ സ്ഥാപനങ്ങള്‍ക്ക് റിക്രൂട്ട് ചെയ്യാനു അതുവഴി പ്രവര്‍ത്തന ചെലവ് കുറക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

വര്‍ക്ക് പെര്‍മിറ്റ്, പാര്‍ട്ടൈം വര്‍ക്ക് പെര്‍മിറ്റ്, താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റ് തുടങ്ങിയവയുടെ നിരക്ക് 50 ശതമാനം മുതല്‍ 94 ശതമാനം വരെ കഴിഞ്ഞ ജൂലായ് 18ന് യുഎഇ സര്‍ക്കാര്‍ കുറച്ചിരുന്നു. ഇതുസരിച്ച് എല്ലാ മേഖലയിലും വിദഗ്ധ തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ഫീസ് 300 ദിര്‍ഹമാണ്. നേരത്തെ ഫീസ് 300 മുതല്‍ 5000 ദിര്‍ഹം വരെയായിരുന്നു. തൊഴിലുടമയാണ് വര്‍ക്ക് പെര്‍മിറ്റ് ഫീ നല്‍കേണ്ടത്.

മന്ത്രാലയ പ്രഖ്യാപനം മലയാളികളടക്കമുള്ള പ്രവാസി സമൂഹം പ്രതീക്ഷയോടെയാണ് കാണുന്നത്. ഭര്‍ത്താവിന്റെയും ഭാര്യയുടെയും സ്പോണ്‍സര്‍ഷിപ്പില്‍ കഴിയുന്ന നിരവധി പ്രവാസികള്‍ക്ക് തൊഴില്‍ വിപണിയില്‍ നിയമ വിധേയമായി പ്രവേശിക്കാനും തങ്ങളുടെ കഴിവുകള്‍ വിനിയോഗിക്കാനും ഇത് അവസരം നല്‍കുമെന്നാണ് വിലയിരുത്തല്‍.

 


പ്രധാന വാർത്തകൾ
 Top